വെള്ളാളർ എന്ന് കേട്ടിട്ടില്ലാത്ത നമ്പൂതിരിപ്പാട് മാർ

തൃപ്പൂണിത്തുറ സാഹിത്യ സദസ്സ് "പണ്ഡിതരാജൻ"ബഹുമതി നൽകി ആദരിച്ച കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (1891-1981) തച്ചു ശാസ്ത്രം,ജ്യോതിഷം,ആയുർവേദം,മന്ത്രം,തന്ത്രം,സംസ്കൃതസാഹിത്യചരിത്രം,രാഷ്ട്രമീമാംസ,വൈദീകസാഹിത്യം,ദർശനങ്ങൾ, വേദോപനിഷത്തുകൾ,ദേശകാല ചരിത്രം,സാമൂഹികവിപ്ലവം,നിഘണ്ടു, എന്നിവയിൽ അൻപതിൽ പരം ഗ്രന്ഥങ്ങൾ രചിച്ചു. യോഗക്ഷേമപഞ്ചാംഗം അവതരിപ്പിച്ചു.പഞ്ചാംഗം പ്രസിദ്ധീകരണശാല സ്ഥാപിച്ചു.

അറുപതു വയസ്സുമുതൽ മരിക്കുന്ന തൊണ്ണൂറാം വയസ് വരെ ചരിത്രഗവേഷണം നടത്തി.

എന്റെ സ്മരണകൾ(അപൂർവ്വ ചിത്രങ്ങൾ സഹിതം ) 3 ഭാഗം, ആര്യന്മാരുടെ കുടിയേറ്റം (കേരളത്തിൽ) 4 ഭാഗം, നായന്മാരുടെ പൂർവ്വ ചരിത്രം(ഇളംകുളത്തിന്റെ ജന്മിസമ്പ്രദായം കേരളത്തിൽ എന്ന ഗ്രന്ഥത്തിനു മറുപടി) 2 ഭാഗം, ലേഖന സമാഹാരം എന്നിവയെല്ലാം കൈവശമുണ്ട് .മിക്കവയും പലതവണ വായിച്ചു.

ദേശക്ഷേത്രങ്ങൾ,കേരളത്തിലെവർഗ്ഗങ്ങൾ, കഴകം,തളികൾ,സംഘം,സ്വരൂപം,അയിത്തം, ഉച്ച നീചത്തം, ചാക്യാർ,നമ്പ്യാർ,നമ്പൂതിരി ഗ്രാമങ്ങൾ എന്നിവയൊക്കെ വിശദമായി പ്രദിപാദിക്കപ്പെടുന്നു.64 നമ്പൂതിരി ഗ്രാമങ്ങളിലുംനേരിൽ പോയി ക്ഷേത്രങ്ങൾ കണ്ടെത്തി ലിസ്റ്റ് ചെയ്തു.തിരുവഞ്ചി ക്കുളം മഹാദേവക്ഷേത്രത്തെ കുറിച്ചു അതി വിശദമായി ചിത്രങ്ങൾ സഹിതം വിവരിച്ചു.ആ വിവരണം വായിച്ചതിനാൽ ക്ഷേത്രം നേരിൽ പോയി വിശദമായി കണ്ടു.ചിതങ്ങളെടുത്തു.

വായു,വെള്ളം എന്നിവ കഴിഞ്ഞാൽ ഏതു മനുഷ്യനും ആവശ്യം അന്നം. ഭക്ഷണം തരുന്ന ,അന്നം എന്ന ബ്രഹ്മം തരുന്ന,കൃഷിക്കാരെ ഏതു സമൂഹവും ഏതു പണ്ഡിതനും ആദരപൂർവ്വം ബഹുമാനിക്കണം. ഈശ്വരപൂജകൊണ്ടും പടവെട്ടൽ കൊണ്ടും കലാസാഹിത്യപരിപാടികൾ കൊണ്ടും മാത്രം മനുഷർക്കു ജീവൻ നിലനിർത്താനാവില്ല. അതിനു കൃഷിവേണം. പണ്ഡിതരാജൻ കാണി പ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് നമ്പൂതിരിമാരുടേയും അമ്പലവാസികളുടേയും അവരുടെ ഭൃത്യജനങ്ങളുടെയും (ശൂദ്രർ എന്നു സംസ്കൃതം) ചരിത്രം വിശദമായെഴുതുന്നു.നമ്പൂതിരിമാർ സ്ഥാപിച്ച ക്ഷേത്രങ്ങൾ എണ്ണി എണ്ണി പറയുന്നു. ഭൂമി മലയാളം മുഴുവൻ ഒന്നുകിൽ ദേവസ്വം വക,അല്ലെങ്കിൽ ബ്രഹ്മസ്വം വക ആയിരുന്നു എന്നു പണ്ഡിത രാജൻ. (കുടിയേറ്റം ഭാഗം 2 പേജ് 207).

മണ്ണിനോടു മല്ലിട്ടു കനകം വിളയിച്ച നെല്ലും മഞ്ഞളും കുരു മുളകും ഉൽപ്പാദിപ്പിച്ച മണ്ണിൻ മക്കളായ ഉഴവർ എന്ന കർഷകരേയും അവരിലെ വെള്ളാളരേയും കരാളരേയും നമ്പൂതിരിപ്പാടു കണ്ടതേ ഇല്ല.

അമ്പല വാസികൾ മുതൽ പുള്ളവരടക്കമുള്ള എല്ലാ ജാതിക്കാരും ആഗതരായ(എന്നു പറഞ്ഞാൽ "വരത്തർ" എന്നു ഗ്രാമ്യ ഭാഷ) "നാഗന്മാർ" ആയിരുന്നു എന്നു കാണിപ്പയ്യൂർ(ആര്യന്മാരുടെ കുടിയേറ്റം ഒന്നാം ഭാഗം പേജ് 140).പറയർ,പുലയർ,മുക്കുവർ, വേട്ടുവർ,നായാടികൾ മുതലായവർ ഇവിടെ( കേരളത്തിൽ) ഉള്ള ആദിവാസികൾ എന്നു പണ്ഡിതരാജൻ തുടരുന്നു. ബ്രാഹ്മണർ കൊങ്കണത്തു നിന്നു വന്ന വരത്തർ. കൃസ്ത്യാനികൾ സിറിയയിൽ നിന്നു വന്നവരത്തർ. അറബികൾ അറേബ്യയിൽ നിന്നു വന്ന വരത്തര്. ഈഴവർ സിലോണിൽ നിന്നു വന്ന വരത്തർ.

സംസ്കൃത പാരംഗതനായ പണ്ഡിത രാജൻ തമിഴിലുള്ളസംഘംകൃതികൾ ,അകനാനൂർ,പുറനാനൂർ,ചിലപ്പതികാരം,പെരിയപുരാണം എന്നിവയൊന്നും വായിച്ചിട്ടില്ല എന്ന മനസ്സിലാക്കാം. ബിസി ഇ മൂന്നാം ശതകം മുതൽ തുടങ്ങുന്ന സംഘകാലത്ത് അന്നത്തെ കേരളത്തിൽ .അന്നതിനു പേർ തമിഴകം, ഉണ്ടായിരുന്ന ജനസമൂഹത്തെ കുറിച്ചു പണ്ഡിതരാജൻ അറിവുള്ളവനായിരുന്നില്ല. തമിഴ് വായിക്കേണ്ട വി.വി.കെ വാലത്തിന്റെ മലയാളത്തിലുള്ള: "സംഘകാല കേരളം" പണ്ഡിത രാജൻ ഒന്നു മറിച്ചു നോക്കിയാൽ മതിയായിരുന്നു.കുറിഞ്ചി(മലവാരം),മുല്ലൈ(കാട്),മരുതം(വയലും കരയും),പാലൈ(മഴയില്ലാ സ്ഥലം) എന്നിങ്ങനെ നാലുതിണകൾ ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നു. മരുതം എന്ന് തിണയിൽ പാർത്തു കൃഷി ചെയ്ത് അന്നം നൽകിയവർ "വെള്ളാളർ". അവർ വരത്തർ ആയിരുന്നില്ല.)കുമരിഖണ്ഡം അഥവാ ലെമൂറിയാ എന്ന അപ്രത്യക്ഷമായ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന നാഞ്ചിൽ നാട്ടിൽ ജനിച്ചു വളർന്ന അവരായിരുന്നു കലപ്പയും നെൽക്കൃഷിയും കണ്ടു പിടിച്ചതെന്ന കാര്യം പണ്ഡിത രാജൻ അറിഞ്ഞില്ല.

അവർ ബ്രാഹ്മണരുടെ പാദസേവകർ ആയിരുന്നില്ല. അവരുടെ തരുണികളെ കൂട്ടുകി ടപ്പിനു നമ്പൂതിരി മാർക്കു നൽകിയിരുന്നില്ല. പണ്ഡിത രാജന്റെ ഭാഷ കടമെടുത്താൽ നമ്പൂതിരി യുവാക്കൾക്കു 'ഗോധർമ്മം"(ഗ്രാമ്യഭാഷ”ചവിട്ടൽ") നടത്താൻ പതിവ്രതകളായ വെള്ളാളത്തരുണികളെ കിട്ടിയിരുന്നില്ല.അവർ വിവാഹവേളയിൽ അമ്മി ചവിട്ടി അരുന്ധതി നക്ഷത്രെ കണ്ടിരുന്ന പതിവ്രതകൾ ആയിരുന്നു .

സി.എ 849 ല് വട്ടെഴുത്തിൽ എഴുതപ്പെട്ട "തരിസാപ്പള്ളി(ജൈന ക്ഷേത്ര) പട്ടയവും നമ്പൂതിരിപ്പാടു കണ്ടില്ല. അതേക്കുറിച്ചു പഠിച്ചില്ല,ജൈന ക്ഷേത്രത്തിനു നൽകിയ സ്ഥലത്തിന്റെ ഉടമ (കരാളർ) വെള്ളാളർ.കൊല്ലത്ത് അക്കാല ത്ത് സ്ഥലം മുഴുവൻ വെള്ളാളരുടെതായിരുന്നു.അവിടൊന്നുംബ്രഹ്മസ്വമോ ദേവസ്വമോ ആയ വസ്തുക്കൾ ഉണ്ടായിരുന്നില്ല എന്നു വ്യകതമാക്കിയ തരിസാപ്പള്ളി ചേപ്പേട് പണ്ഡിത രാജൻ വായിച്ചില്ല.

ബ്രാഹ്മണർ കൊങ്കണ ദേശത്തു നിന്നും കേരളത്തിലെത്തുന്ന ഒൻപതു പത്തു നൂറ്റാണ്ടുകൾക്കു മുമ്പു കൃഷിഭൂമിമുഴുവൻ കർഷകർ,ഉഴവർ,ജലസേചനംഅറിയാവുന്ന,പശുപാലകർ-ഗോപാലകർ(കുട്ടനാട്ടിലെ വെച്ചൂപശു ഉദാഹരണം)ആയ വെള്ളാളരുടെ അധീനതയിലായിരുന്നു എന്നതിനു തെളിവാണു ഏ.ഡി 849ല് "വെള്ളാളകുലജാതൻ" സുന്ദരനാൽ അയ്യൻ അടികൾ എന്ന "വേൾ" നാടു അരചനുവേണ്ടി തയ്യാറാക്കിയ 'തരിസാപ്പള്ളി" എന്ന ജൈന ക്ഷേത്ര ചേപ്പേട്.(പള്ളിയാർഎന്ന ശാസനയിലെ പ്രയോഗം ബൗദ്ധരെ സൂചിപ്പിക്കുന്നു) ആ ചെമ്പോലയുടെ പ്രാധാന്യം,ചരിത്രപ്രാധാന്യം നമ്മുടെ ചരിത്രകാരന്മാർ ചെമ്പോലവായനപണ്ഡിതർ കാണാതെ പോയി.

ശങ്കരൻ നമ്പൂതിരിപ്പാട് വിശദമായി വർണ്ണിക്കുന്ന തിരുവഞ്ചിക്കൂളത്തെ, മദ്ധ്യ തിരുവിതാംകൂറിലെ ചില അച്ചായന്മാർ തങ്ങളുടെ പാരമ്പര്യം കാട്ടാൻമിക്കപ്പോഴും ഉരുവിടാറുള്ള "മഹാദേവർ പട്ടണ"ത്തിലെ, പഴയ "മാകോത"നഗരത്തിലെ,മഹാ ദേവ ക്ഷേത്രം ഇതിലിരുപത്തിനാലു ഉപദേവതാ ക്ഷേത്രങ്ങൾഉണ്ട്.അതിലധികം ഉപക്ഷേത്രങ്ങൾ ഉള്ള ഒരൊറ്റക്ഷേത്രമേ ലോകത്തിലുള്ളു. അത്താഴപ്പൂജയ്ക്കു ശേഷം ശിവപാർവതിമാരെ, ദമ്പതി മാരെ, കിടപ്പറയിലാക്കി കതകടയ്ക്കുന്നപതിവു തുടങ്ങി പലതും ഉളള ഈ അതിപുരാതന സുന്ദരക്ഷേത്രം ബ്രാഹ്മണർക്കു വേണ്ടിയോ ബ്രാഹമണരാലോ നിർമ്മിക്കപ്പെട്ടതല്ല എന്നു നമ്പൂതിരിപ്പാട് സമ്മതിക്കുന്നു എങ്കിലും "വെള്ളാളരാൽ" നിർമ്മിക്കപ്പെട്ടു എന്നു പറയാതെ രക്ഷപെടുന്നു. ചേക്കിഴാതരുടെ "പെരിയപുരാണം" (അതു തമിഴിൽ മാത്രം ലഭ്യം) വായിക്കാത്തപണ്ഡിതരാജൻ, ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ ഉടമയായിരുന്ന വെള്ളാളൻ"വിറമിണ്ട നായനാരെ"ക്കുറിച്ചും ബ്രാഹ്മണർ വന്നപ്പോൾ അദ്ദേഹത്തിന്റെ സന്തതി പരമ്പരകളെ അടിച്ചോടിച്ചതും അവർ റാന്നിയിലെത്തി ശാലീശ്വരം ശിവക്ഷേത്രം സ്ഥാപിച്ചതും അറിഞ്ഞു കാണില്ല.

പഴയ വെമ്പൊലി നാട്ടിലെ(പിന്നീട് തെക്കൻ-വടക്കൻ കൂർ) ,അതിനു മുമ്പു കേരള സിംഹവളനാട്ടിലെ പിള്ള കുലശേ ഖര "മാവേലി" വാണാദിരയരെ കുറിച്ചും (ശങ്കു അയ്യരുടെ കേരളചരിത്രത്തിലെ അജ്ഞാതഭാഗങ്ങൾ കാണുക) അദ്ദേഹത്തിന്റെ കാലത്തെ കുറിച്ചെഴുതിയ "മാവേലി നാടു വാണീടും കാലം" എന്ന നാടൻപാട്ടും തെക്കും കൂറിലെ പന്തളം,പൂഞ്ഞാർ,എരുമേലി,ഈരാറ്റുപേട്ട, പാലാ,പൂവരണി,ചോറ്റി,ഇടനാട്,പത്തനംതിട്ട,റാന്നി,തൊടുപുഴ ,മൂന്നിലവ് (മങ്കൊപ്പു ദേവിയുടേതു മാത്രമായിഇരുപത്തി നാലു ദേവീ ക്ഷേത്രങ്ങൾ) ഇവയെല്ലാം വെള്ളാളരാൽ നിർമ്മിതം എന്ന വസ്തുത നമ്പൂതിരി ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളെ മാത്രം പഠിച്ചപണ്ഡിത രാജൻ കണ്ടില്ല.

നായാടി മുതൽ നമ്പൂതിരി വരെയുള്ളതും നമ്പൂതിരി മുതൽ നായാടി വരെയുള്ള കേരളത്തിലെ എല്ലാവിധമുള്ള ജന വിഭാഗങ്ങളേയും അക്കമിട്ട് തന്റെ പുസ്തകത്തിൽ വിവരിക്കുന്ന പണ്ഡിത രാജൻ കൃസ്ത്യാനികളേയും മുസ്ലിമുകളേയും പൂർണ്ണമായും വിട്ടു. തങ്ങൾവന്നതിനുശേഷം വന്ന "വരത്തർ" എന്ന കാരണത്താൽ.

ഏന്നാൽ അതിപുരാതന സംഘകാലം മുതൽക്കു "മരുതം തിണ"കളിൽ നാഞ്ചിനാട്ടിലും കുട്ടനാട്ടിലും (ഇന്നത്ത കുട്ടനാടല്ല,സംഘകാലത്തെ സഹ്യാദ്രിസാനുക്കൾ,പിൽക്കാലത്ത് തെക്കും കൂർ) കൃഷി നടത്തി കേരള ജനതയെ അന്നമൂട്ടിയ.അന്നം ബ്രഹ്മം,അൻപേ ശിവം(ദൈവമെന്നാൽ സ്നേഹം) എന്നു കരുതി ജീവിച്ച,വെള്ളാള ജനതയെ കുറിച്ചു നമ്പൂതിരിപ്പാട് "കമ" എന്നു പോലുമെഴുതിയില്ല. കുറ്റം പറയരുതല്ലോ,തിരുക്കൊച്ചി ധനമന്ത്രിയായിരുന്ന ,അഴിമതി തൊട്ടുതീണ്ടാതിരുന്ന, ലോകത്തിലാദ്യമായി ഭൂപരിഷ്കരണത്തിനു ബിൽ തയ്യാറാക്കി അവതരിപ്പിച്ച(ഇടതും വലതും പാരവച്ചു മന്ത്രിസഭയെ വലിച്ചു താഴത്തിട്ടു എന്നതു ചരിത്രം) പി.എസ്.നടരാജപിള്ള ഉൾപ്പെടുന്ന "തമിഴ് പിള്ള" മാരെ കുറിച്ച് രണ്ടു വരി എഴുതി. പട്ടന്മാരെ പോലെ അവർ ഒന്നിച്ച് അഗ്രഹാരത്തിലല്ല ഒറ്റയ്ക്കൊറ്റയ്ക്കാണു വീടുകൾ വയ്ക്കുക എന്നു മാത്രം.

"പിള്ള" എന്ന പദത്തെ മാർത്താണ്ഡവർമ്മയും രാമയ്യനും കൂടി ചേർത്തല വാരണാടമ്പലപരിസരത്തു വച്ചു കാഴ്ച വാങ്ങി നൽകിയ ബിരുദമായിട്ടാണെന്നു തോന്നുന്നു പണ്ഡിത രാജൻ കണക്കാക്കുന്നത് . .

മോഹജ്ഞൊ ദാരോയിലെ ഹാരപ്പൻ മുദ്രയിൽ ഉണ്ടായിരുന്ന പ്രയോഗമാണു "പിള്ള"(ശൈവമക്കൾ)എന്നു കാണിപ്പയ്യൂർ മനസ്സിലാക്കാതെ പോയി.അതു മാർത്താണ്ഡവർമ്മ വിലയ്ക്കു നൽകിയ വാൽഅല്ല തന്നെ.

പ്രമുഖ കമ്മ്യൂണിസ്ററ് നേതാവും ആദ്യ കേരള മു ഖ്യമന്ത്രിയും മറ്റുമായ സാക്ഷാൽ ഈ.എം ശങ്കരൻ നമ്പൂതിരിപ്പാടും പ്രശസ്തനായ ചരിത്രകാരൻ ആണല്ലോ .അദ്ദേഹത്തിന്റെ “കേരളം ,മലയാളികളുടെ മാതൃഭൂമി “യ്ക്ക് നിരവധി പതിപ്പുകൾ ഇറങ്ങി .2014 ലിറങ്ങിയ ഏഴാം പതിപ്പ് നമുക്ക് ഒന്ന് വായിക്കാം .(പുറം 64). ഇക്കൂട്ടത്തിൽ വളർച്ച എത്തിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമാണ് നായന്മാർ . …… കൃഷി അവരുടെ ഇടയിൽ വളരെ അഭിവൃദ്ധിപ്പെട്ടിരുന്നു .സ്വന്തം ആവശ്യത്തിന് മാത്രമല്ല അന്യനാട്ടുകാരുടെ ഭക്ഷണത്തിനു വേണ്ട അരി ഇവിടെ കൃഷി ചെയ്ത് ഉണ്ടാക്കിയിരുന്നു .(മഹാഭാരത യുദ്ധത്തിൽ പങ്കെടുത്തിരുന്ന പട്ടാളക്കാർക്ക് ഭക്ഷണത്തിനാവശ്യമായ അരി കേരളത്തിൽ നിന്നാണ് അയച്ചത് ).അത് പോലെ തന്നെ ,ആര്യന്മാർ പഞ്ചാബിൽ പോലും പ്രവേശിക്കുന്നതിന് മുൻപ് കേരളം ഫിനീഷ്യാ ,ഈജിപ്ത് മുതലായ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു .അന്നത്തെ മലയാളികൾ (നായന്മാർ ) കപ്പൽ ഗതാഗതത്തിലും വൈദഗ്ദ്യം സമ്പാദിച്ചിരുന്നുവന്നതിനും സംശയം ഇല്ല .അതേ പോലെ തന്നെ ആര്യന്മാരുടെ സഹായം കൂടാതെ തന്നെ സ്വതന്ത്രമായി ഒരു ലിപി (കോലെഴുത്തും പിന്നീട് വട്ടെഴുത്തും ) ഇവിടെ വളർന്നു വന്നിരുന്നു . നിഷ്കൃഷ്ടമായ ഗവേഷണം നടത്തിയാൽ പ്രാചീന കേരളത്തിലെ (നായർ ) സംസ്കാരത്തിന്റെ മാഹാത്മ്യം തെളിയിക്കുന്ന മറ്റനേകം സംഗതികൾ ഇനിയും പുറത്ത് വരും എന്നതിന് സംശയമില്ല . നായർ സംസ്കാരത്തിന്റെ മേന്മയാണ് ബ്രാഹ്മണരുടെ സാംസ്കാരിക ആക്രമണത്തെ ഒരതിർത്തി വരെ എതിർത്ത് തങ്ങളുടെ സവിശേഷതകളിൽ ചിലതെങ്കിലും നിലനിർത്താൻ നായന്മാരെ സഹായിച്ചത് .

പ്രസ്തുത ഭാഗങ്ങളിൽ “വെള്ളാളർ” എന്ന് എഴുതേണ്ട ഇടങ്ങളിൽ എല്ലാം സഖാവ് നമ്പൂതിരിപ്പാട് “നായർ” എന്നെഴുതി പിടിപ്പിച്ച് വെള്ളാളർ തമസ് കാരിച്ചു . അങ്ങനെ പേരും ചോറ്റുദയൻ ,കപ്പലോട്ടിയ വെള്ളാളൻ ,വി ഓ ചിദംബരം പിള്ള തുടങ്ങിയവർ എല്ലാം നായന്മാരായി . എം ജി എസ് നാരായണൻ (മേനോൻ ) രാജൻഗുരുക്കൾ ,കേശവൻ വെളുത്താട്ട് തുടങ്ങിയ കേരള ചരിത്രകാരന്മാരും എന്തിനു കോട്ടയം കാരൻ തെക്കുംകൂർ ചരിത്രം എഴുതിയ കേശവൻ നമ്പൂതിരി പോലും വെള്ളാളർ എന്ന അതി പ്രാചീന സംസ്കാരത്തിന്റെ ഉടമകൾ ആയിരുന്ന ,ഹാരപ്പയിൽ നിന്നും കീഴടി വഴി കേരളത്തിൽ എത്തി എന്ന് ഇന്ന് സ്ഥാപിക്കപ്പെടുന്ന വെള്ളാളർ എന്ന സമൂഹത്തെ കുറിച്ച് കേട്ടിട്ടില്ല . സാധാരണക്കാരുടെ അവസ്ഥയും വിഭിന്നമല്ല . പക്ഷെ കേരളത്തിൽ ഇന്നും നാലുലക്ഷം വെള്ളാളർ ഉണ്ട് എന്ന് അമേരിക്കയിലെ ആഗോള സമുദായ കണപ്പെടുപ്പുകാർ ആയ ജോഷ്വ പ്രോജക്ട് വ്യക്തമാക്കുന്നു .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ