നായർ ചരിത്രദൃഷ്ടിയിലൂടെ -

ആധുനിക ചരിത്രകാരന്മാർ പൂഴ്ത്തിവയ്ക്കുന്ന ചില ചരിത്ര സത്യങ്ങൾ

(നായർ ചരിത്രദൃഷ്ടിയിലൂടെ -1)

ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com

കെ. ശിവശങ്കരൻ നായർ,ഡോ .വി.ജയഗോപൻ നായർ എന്നീ ചരിത്ര ഗവേഷകർ കൂട്ടായി തയാറാക്കി ഡി.സി ബുക്സ് 2023 മാർച്ചിൽ പ്രസിദ്ധീകരിച്ച “നായർ ചരിത്രദൃഷ്ടിയിലൂടെ” എന്ന ചരിത്ര പഠനം വളരെ താല്പര്യപൂർവ്വം ആണ് വായിച്ചു തുടങ്ങിയത് .എന്നാൽ പ്രസ്തുത ചരിത്രകാരന്മാർ പല ചരിത്രവസ്തുതകളും അറിഞ്ഞോ അറിയാതെയോ പൂഴ്ത്തി വയ്ക്കുന്നതായി കാണുന്നു . നായർ ചരിത്രദൃഷ്ടിയിലൂടെ(D.C Books ,2023 March) എന്ന പഠനത്തിലെ ചില പരാമർശങ്ങൾ നമുക്ക് പരിശോധിക്കാം.

1,”നായർ എന്ന പദവി പ്രചാരത്തിലാകും മുമ്പ് വെള്ളാളർ ആയിരുന്നു മാടമ്പികളും ദേശവാഴികളും” (പുറം 30).

2.”വെള്ളാളരിൽ നിന്നാണ് നായന്മാരായി തെരഞ്ഞെടുക്കപ്പെട്ടവർ” (പുറം 31 )

3.ശൂ ദ്രര് എന്ന് വിളിച്ചിരുന്ന നായന്മാരെ ബ്രാഹ്മണർ തെരഞ്ഞെടുത്തിരുന്നത് കൃഷീവല സമൂഹത്തിൽ നിന്നോ വെള്ളാളർക്കിടയിൽ നിന്നോ ആയിരുന്നു .(പുറം 119)

4 .കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളമുണ്ടായിരുന്ന യാദവർ ,ചേര,വെള്ളാള കുടുംബങ്ങൾ പരസ്പര മിശ്രണത്തിലൂടെ അപ്രത്യക്ഷമായി ശൂദ്രർ എന്ന വിഭാഗമുണ്ടായി (പുറം 119). മുകളിൽ ഉദ്ധരിക്കപ്പെട്ട നാല് വാചകങ്ങളിലും “വെള്ളാളർ” എന്നൊരു സമൂഹത്തെ പരാമർശിക്കുന്നു.

സ്വാഭാവികമായും വെള്ളാളർ എന്ന പൂർവിക പ്രാചീന ജനവിഭാഗത്തെ കുറിച്ച് ചരിത്രകാരന്മാർ ഒരു അദ്ധ്യായം എഴുതിക്കാണും എന്ന് വായനക്കാർ പ്രതീക്ഷിക്കും .അങ്ങനെ ഒരധ്യായം ഈ പഠനത്തിൽ ഇല്ല .പദസൂചിക നോക്കി .ഒരു ഖണ്ഡിക എങ്കിലും ഉണ്ടോ എന്നറിയാൻ .ആകെയുള്ളത് “വെണ്ണീർ വെള്ളാളൻ 30” എന്നത് മാത്രം .

ഈ വെള്ളാളർ ആരെന്നറിയാൻ വായനക്കാരൻ മറ്റു ചരിത്രഗ്രന്ഥങ്ങൾ തപ്പിപ്പോകണം .എന്നാൽ അങ്ങനെ തപ്പിയാൽ അത്തരം ചരിത്രപുസ്തകം മലയാളത്തിൽ ഉണ്ടോ ? അതൊട്ടില്ല താനും . “വെള്ളാളർ” എന്ന അതിപ്രാചീന ജനസമൂഹത്തെ കുറിച്ചുള്ള വിവരങ്ങൾ ഈ ചരിത്രകാരന്മാർ പൂഴ്ത്തി വയ്ച്ചു .നമ്പർ മൂന്നിൽ പരാമർശിക്കുന്ന “കൃഷീവല സമൂഹം” ഏ തെന്നും ഈ ആധുനിക ചരിത്രകാരന്മാർ വെളിപ്പെടുത്തുന്നില്ല .ചരിത്രകാരൻ മാർ ഒന്നിലധികം ഇടങ്ങളിൽ പരാമർശിക്കുന്ന “തരിസാപ്പള്ളി പട്ടയ” എന്ന പ്രാചീന “മോൺസൺ-ഗുണ്ടർട്ട്” പട്ടയ ത്തിൽ(അവർ നൽകുന്ന പട്ടയ കാലം ക്രിസ്തുവർഷം 887(പുറം 43) ശരിയല്ല .സി.ഇ 849 ആണ് പട്ടയം എഴുതിയ വര്ഷം ) വെള്ളാള കുലത്തിൽ ജനിച്ച സുന്ദരനാൽ (മാവേലിക്കര കണ്ടിയൂർ കാരൻ “വേൽ കുല ചുന്ദരൻ” ) “പൂമിക്കു കരാളർ “എന്ന് വിശേഷിപ്പിക്കപ്പെട്ട വെള്ളാളർ എന്ന തനതു പൂർവികരെ ചരിത്രകാരൻമാരായ നായർ ദ്വയം തമ്സ്കരിച്ചത് ശരിയായില്ല . ശിഷ്യഗണങ്ങളാൽ കേരളീയ ശാസ്ത്രീയ ചരിത്ര പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ എം ജി.എസ് നാരായണൻ എന്ന പാലക്കാട്ടുകാരൻ മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം ജി എസ്സും തങ്ങളുടെ പൂർവികർ ആയ വെള്ളാളരെ തമസ്കരിക്കയാണ് പതിവ് . പെരുമാക്കന്മാരുടെയും ബ്രാഹ്‌മണ ഗ്രാമങ്ങളുടെയും ചരിത്രത്തിൽ ഗവേഷണം നടത്തിപേരെടുത്തഎം .ജി .എസ്.നാരായണ(മേനോ)ൻ തൻ്റെ കുടുംബചരിതം പഠിക്കാൻ മെനക്കെട്ടില്ല.

കൊങ്ങുനാട്ടിൽ നിന്നും കുടിയേറിയ കൊങ്ങുവെള്ളാളരുടെ പിൻഗാമികളാണ് മലബാറിലെ മേനോന്മാർ എന്നറിയാൻ കൊങ്ങുവെള്ളാള ചരിത്രം വായിക്കണം . തെർസ്റ്റനും ര ങ്കാചാരിയും(Castes and Tribes of South India) അത് പണ്ടേ എഴുതി വച്ചിരുന്നു എങ്കിലും ഹിന്ദു ദിനപ്പത്രത്തിൽ സുഗന്ധി കൃഷ്ണമൂർത്തി തമിഴ്‌നാട്ടിലെ ആർക്കിയോളജിസ്റ്റ് ഡോക്ടർ പുലവർ എസ്. രാജുവിനെ ഉദ്ധരിച്ചു പ്രാചീന രേഖകൾ കാട്ടി അക്കാര്യം ലേഖനമാക്കിയപ്പോൾ ആണ് സാധാരണ ജനം എം .ജി. എസ് .നാരായണൻ ,തമിഴ് നടനും മുഖ്യമന്ത്രിയും ആയിരുന്ന മലയാളി എം .ജി. രാമചന്ദ്രൻ എന്നിവരുടെ വെള്ളാള പാരമ്പര്യം മനസിലാക്കിയത്. കേരളത്തിലെ പ്രാചീന ജനവിഭാഗങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി തങ്ങളുടെ അറുപഴഞ്ചൻ പേരുകൾ മോശം എന്ന് കരുതി പുത്തൻ പേരുകൾ സ്വീകരിച്ചു

പുലയർ ചേരമർ ആയി .

പറയർ സാംബവർ ആയി .

കുറവർ സിദ്ധനർ ആയി .

ശൂദ്രർ നായർ ആയി .

കമ്മാളർ വിശ്വകർമ്മജർ ആയി .

മുക്കുവർ(അരയർ ) ധീവരർ ആയി .

ചാന്നാർ ഈഴവർ ആയി .

കണിയാർ ഗോചരൻ(ഗണകൻ ) ആയി.

പക്ഷെ ഹാരപ്പൻ കാലഘട്ടം മുതലുള്ള പരിഷ്കൃത സമൂഹമായ , 4x 2 x 1ഇഷ്ടിക വീടുകളിൽ കക്കൂസും ഓടകളും നിർമ്മിച്ച ,വസ്ത്രവും ആഭരണങ്ങളും അണിഞ്ഞു തുടങ്ങിയ, മണ്കലങ്ങളിൽ തങ്ങളുടെ പേരുകൾ തമിഴിയില് എഴുതിയ സ്ത്രീകൾ ഉണ്ടായിരുന്ന, നാഗരികർ (“നഗരത്താർ”) ആയിരുന്ന വെള്ളാളർ (വെള്ളായ്മ =കൃഷി )നടത്തിയിരുന്ന ,ജലസേചനം നടത്തിയിരുന്ന, തടയണകൾ നിർമ്മിച്ചിരുന്ന, ചാലുകൾ വെട്ടിയിരുന്ന ,ഹലായുധർ (കലപ്പധാരികൾ) ആയിരുന്നു. (കൂടുതൽ അറിയാൻ അടുത്ത കാലത്ത് തുറന്നുകിട്ടിയ ,മധുരയ്ക്ക് സമീപം ഉള്ള, “കീലടി മ്യൂസിയം”2023, സന്ദർശിക്കുക ).

വെള്ളത്തിന്റെ അധിപതികൾ ആയിരുന്ന, അതിപ്രാചീന ജനവിഭാഗം ആയ “വെള്ളാളർ “മാത്രം തങ്ങളുടെ പേര് പരിഷ്കരിക്കാൻ ഭരണകൂടത്തെ അഭയം പ്രാപിച്ചില്ല . അവർ ഇന്നും സംഘകാലത്തെ നദീതട “മരുതം വാസികൾ” ഉപയോഗിച്ചിരുന്ന “വെള്ളാളർ” എന്ന പേര് തന്നെ ഉപയോഗിക്കുന്നു . അതിൽ അഭിമാനിക്കുന്നു ,ശൈവ സന്തതികൾ എന്ന് കാട്ടാൻ പേരിനൊപ്പം “പിള്ള” എന്ന വാലും സ്വയം ഉപയോഗിക്കുന്നു .അത് കാഴ്ച നൽകി ഭരണാധികാരികളിൽ നിന്നും വിലയ്ക്ക് വാങ്ങിയ വാലല്ല എന്നതാണ് ചരിത്രം .

തമസ് കരണം വീണ്ടും “നായർ ചരിത്ര ദൃഷ്ടിയിലൂടെ” -2 ===========================

നായർ ചരിത്ര ദൃഷ്ടിയിലൂടെ എന്ന പഠനം തയാറാക്കിയ ചരിത്രകാരന്മാർ പുറം 184 മുതൽ 188 വരെ നിരവധി പേജുകൾ “നായന്മാരുടെ പരിഷ്കരണ പ്രസ്ഥാനങ്ങൾ” ക്ക് വേണ്ടി മാറ്റിവച്ചു .എന്നാൽ യഥാർത്ഥ നായർ നവോത്ഥാന നായകർ ആയ വാഴൂർ തീർത്ഥ പാദസ്വാമികൾ, അദ്ദേഹം സ്ഥാപിച്ച “നായർ പരുഷാർത്ഥ സാധിനി” എന്ന നായർ സംഘടന, തീർത്ഥ പാദ സന്യാസി സമ്പ്രദായം എന്നിവയേയും അദ്ദേഹത്തിന്റെ വത്സല ശിഷ്യ, ”വാഴൂർ നിവേദിത” ,അനന്തപുരിയിലെ “മഹിളാമന്ദിരം” സ്ഥാപക ശ്രീമതി ചിന്നമ്മ ,അവരുടെ നവോത്ഥാന ശ്രമങ്ങൾ എന്നിവയേയും എന്തിന് അവർ ഇരുവരുടെയും പേരുകൾ പോലും പരാമർശിക്കാതെ വിട്ടു കളഞ്ഞു .

അവരുടെ പ്രവർത്തനങ്ങൾ പാടെ തമസ്ക്കരിക്കപ്പെട്ടു . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കമുകിൻ കൂമ്പാള മാത്രം ഉടുത്ത് മാറ് മറക്കാതെ നടന്നിരുന്ന നായർ പെൺകിടാങ്ങൾക്കു മാന്യമായ വസ്ത്ര ധാരണ ശീലം ലഭിക്കാൻ കാരണം വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ ആയിരുന്നു .അവർ തെങ്ങോല ഷെഡിൽ സ്ഥാപിച്ച ഇ ൦ ഗ്ളീഷ് സ്‌കൂൾ വാഴൂരിലെ നായന്മാർ അഗ്നിക്കിരയാക്കി എന്നതും ചരിത്രം .വാഴൂർ തീർത്ഥ പാദ സ്വാമികൾ ,ശിഷ്യ വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ എന്നിവരുടെ ജീവചരിത്രങ്ങൾ നമ്മുടെ നായർ ചരിത്രകാരന്മാർ കണ്ടിട്ടില്ല . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കമുകിൻ കൂമ്പാള മാത്രം ഉടുത്ത് മാറ് മറക്കാതെ നടന്നിരുന്ന നായർ പെൺകിടാങ്ങൾക്കു മാന്യമായ വസ്ത്ര ധാരണ ശീലം ലഭിക്കാൻ കാരണം വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ ആയിരുന്നു .അവർ തെങ്ങോല ഷെഡിൽ സ്ഥാപിച്ച ഇ ൦ ഗ്ളീഷ് സ്‌കൂൾ വാഴൂരിലെ നായന്മാർ അഗ്നിക്കിരയാക്കി എന്നതും ചരിത്രം .വാഴൂർ തീർത്ഥ പാദ സ്വാമികൾ ,ശിഷ്യ വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ എന്നിവരുടെ ജീവചരിത്രങ്ങൾ നമ്മുടെ നായർ ചരിത്രകാരന്മാർ കണ്ടിട്ടില്ല . പിന്നെ അവരുടെ സേവനങ്ങൾ എങ്ങനെ അറിയാൻ ? ആദ്യ ഭാര്യ മരിച്ചതിന്റെ വ്യസനത്തിൽ ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചിരുന്ന മന്നത്തു പത്മനാഭപിള്ളയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു നായർ സമുദായ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചത് നായർ പുരുഷാർത്ഥ സാധിനി സ്ഥാപകൻ വടക്കൻ പറവൂർക്കാരൻ നാണുക്കുട്ടൻ എന്ന കുറുപ്പായിരുന്നു .അദ്ദേഹമാണ് വാഴൂർ തീർത്ഥപാദ സ്വാമികൾ .അദ്ദേഹത്തിന്റെ നായർ സമുദായ നവോത്ഥാന പരിപാടികൾ ചുരുക്കി പറയുക വിഷമം .അവ വിശദമായി എൻ്റെ ബ്ലോഗിൽ ഉണ്ട് .ലിങ്ക് നൽകാം വായനക്കാർ സദയം അത് വായിക്കുക .

മഹാത്മജി അയിത്തോച്ചാടനത്തെ കുറിച്ച് ചിന്തിക്കും മുമ്പ് , തിരുവിതാം കൂറിൽ 1873-1909 കാലത്തു” അവർണ്ണ സവർണ്ണ പന്തിഭോജനം” നടപ്പിലാക്കി “പാണ്ടിപ്പറയൻ” എന്ന പേരുസമ്പാദിച്ച തൈക്കാട് അയ്യാവ് സ്വാമികൾ എന്ന ആദ്യകാല കേരള നവോത്ഥാന നായകനെ ,ഗുരുക്കന്മാരുടെ ഗുരുവിനെ ,ആചാര്യ ത്രയങ്ങളുടെ ആചാര്യനെ ,മഹാഗുരുവിനെ ,യോഗ പരിശീലനങ്ങൾ വഴി പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാം കൂർ മോദി ആയി പേരെടുത്ത ,ജ്ഞാനപ്രജാഗരം (1876), ശൈവ പ്രകാശസഭ (1885) എന്നീ നവോത്ഥാന പിള്ള തൊട്ടിലുകൾ സ്ഥാപിച്ച ശിവരാജ യോഗി തൈക്കാട് അയ്യാവ് (തമിഴിൽ ഈ വാക്കിനർത്ഥം പിതാവ് ) സ്വാമികളെ നമ്മുടെ ചരിത്രകാരന്മാർ വെറും “ഹഠ യോഗി” യാക്കിയത് ശുദ്ധ വിവരക്കേട് ആയിപ്പോയി .പി.എസ് സി ടെസ്റ്റിന് തയാർ എടുക്കുന്ന വിദ്യാർത്ഥികളുടെ നിലവാരം പോലും നമ്മുടെ ഈ ചരിത്രകാരന്മാർക്കില്ല എന്നതു ശോചനീയം .1960 വരെ തൈക്കാട് അയ്യാവിനെ കുറിച്ച് അച്ചടിയിൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല .എന്നാൽ ഇപ്പോൾ ആ നവോത്ഥാന നായകനെ കുറിച്ച് നിരവധി ജീവചരിത്രങ്ങൾ ലഭ്യമാണ് . കുഞ്ഞൻ ,നാണു ,കാളി തുടങ്ങിയ ചെമ്പു നാണയങ്ങൾ ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്നീ സ്വർണ്ണ നാണയങ്ങൾ ആയി മാറിയത് രാജഗുരു ആയിരുന്ന തൈക്കാട് അയ്യാവ് സ്വാമികളുടെ “രസ വിദ്യ”(ആൽക്കെമി) വഴി ആയിരുന്നു എന്ന് ഇപ്പോൾ മലയാളികൾക്കറിയാം .എന്നാൽ ആ വിവരം ഒന്നും നമ്മുടെ ചരിത്രകാരന്മാർ അറിയുന്നില്ല . പുറം 190 കാണുക .

അവിടെ വെറും “ഹഠയോഗിയും ബ്രിട്ടീഷ് റസിഡൻസി ഉദ്യോഗസ്ഥനും” മാത്രമായ തൈക്കാട് “അയ്യാ” സ്വാമികളെ കാണാം . കേഴുക മലയാളമേ .നമ്മുടെ ചരിത്രകാരന്മാരുടെ വിവരക്കേടുകൾ കാണുക . അജ്ഞരായ അവരോട് ക്ഷമിക്കണമേ . അവർ കാണാത്തതും കണ്ടിട്ടും വായിക്കാത്തതുമായ ജീവ ചരിത്ര പുസ്തകങ്ങൾ നിരവധി എന്ന് സമാധാനിക്കാം .

വിദ്യാധിരാജൻ തിരുത്തപ്പെടുന്നു (നായർ ചരിത്രദൃഷ്ടിയിലൂടെ നിരൂപണം -3)

“വേണാടിന്റെ പരിണാമം” തുടങ്ങി ഒരു ഡസൻ ചരിത്ര പുസ്തകങ്ങൾ എഴുതിയ ,പ്രസിദ്ധീകരണങ്ങളിൽ നിരവധി ചരിത്ര ലേഖനങ്ങൾ എഴുതി കേരള ചരിത്രകാരൻ എന്ന് പേരെടുത്ത, തൊണ്ണൂറ്റി അഞ്ചു വയസിലെത്തിയ (“ശതാഭിഷിക്തനാകാൻ അഞ്ചു വർഷം” എന്ന പുറം 8-ലെ പരാമർശം പ്രൂഫ് വായനയിൽ തിരുത്തപ്പെട്ടില്ല . പുറം 185- ലെ “മലയാളി സഭ” എന്ന തലക്കെട്ടിൽ മലയാളി സോഷ്യൽ യൂണിയൻ സ്ഥാപിച്ചത് 1887 എന്നതും തിരുത്തപ്പെട്ടില്ല . 1881 ആവണം ശരി )

എൻജിനീയർ കെ.ശിവശങ്കരൻ നായർ സാർ, ഡോ .വി.ജയഗോപൻ നായരുടെ സഹായത്തോടെ തയാറാക്കിയ “ നായർ ചരിത്ര ദൃഷ്ടിയിലൂടെ” എന്ന ചരിത്ര പഠനം വീണ്ടും നമുക്കൊന്ന് വായിക്കാം . പുറം 22 ആയുധ പരിശീലനം ലഭിച്ച വെള്ളാളരെ തറയുടെ നാഥന്മാർ അല്ലെങ്കിൽ മാടമ്പിമാരായി പരിഗണിച്ചിരുന്നു . പുറം 30 മാടമ്പി പട്ടം ലഭിക്കുന്നവരിൽ മിക്കവരും വെള്ളാളർ ആയിരുന്നു ….. തെങ്ങനാട്ട് കിഴവൻ എന്ന പേരിലുള്ള ചാത്തൻ മുരുകൻ എന്ന വെള്ളാള ദേശ വാഴിയെ കുറിച്ച്,നായർ എന്ന പദവി ആദ്യം രേഖപ്പെടുത്തുന്നതിന് 155 വര്ഷം മുമ്പ് ക്രിസ്തുവർഷം ഉള്ള പാർഥിവശേഖരപുരം ശിലാലിഖിതത്തിൽ പറയുന്നുണ്ട് .വെണ്ണീർ വെള്ളാളൻ എന്ന് വിളിക്കുന്ന ശൈവ വെള്ളാളരിൽ പെട്ട ആളായിരുന്നു ചാത്തൻ മുരുകൻ .വിഴിഞ്ഞം ഭരിച്ചിരുന്ന യാദവ ഭരണാധികാരി ആയിരുന്ന കരുന്തടക്കന്റെ അടിയാൻ (കിഴവൻ ) ആയിരുന്നു അദ്ദേഹം .ചാത്തൻ മുരുകന്റെ മകൾ ആയിരുന്ന മുരുകൻ ചേന്തിയെ വിവാഹം കഴിച്ചത് കരുന്തടക്കന്റെ പിൻഗാമി ആയിരുന്ന വിക്രമാദിത്യൻ ആണ് .തെങ്ങനാടിനും ഒമായ നാടിനും പുറമെ തെക്കൻ തിരുവിതാം കൂറിലെ മുതല നാട് ,തുമനാട് ,പട്ടപ്പനാട് ,വള്ളുവനാട് എന്നിവയും ഭരിച്ചിരുന്നത് വെള്ളാള കിഴവന്മാർ ആയിരിക്കണം .കേരളത്തിൽ നായർ എന്ന പദവി നിലവിൽ വരുന്നതിനു മുമ്പ് തന്നെ വെള്ളാളർ ഫ്യൂഡൽ പ്രഭുക്കൾ ആയിരുന്നു …… നായർ എന്ന പദവി പ്രചാരത്തിലാകും മുമ്പ് വെള്ളാളർ ആയിരുന്നു മാടമ്പികളും ദേശ വഴികളും . …. തറകളുടെയും ദേശങ്ങളുടെയും തലവന്മാർ വെള്ളാളർ ആയിരുന്നു….. വെള്ളാളരിൽ നിന്നാണ് നായന്മാരായി തിരഞ്ഞെടുക്കപ്പെടവർ …”..

ശ്രദ്ധിക്കുക “വെണ്ണീർ വെള്ളാളർ” (ഭസ്മം ധരിക്കുന്ന വെള്ളാളർ ) വെണ്ണീർ ധരിക്കാത്ത വെള്ളാളർ എന്നിവർ തമ്മിലുള്ള വ്യത്യാസം ഒന്നും നമ്മുടെ ചരിത്രകാരന്മാർ വ്യക്തമാക്കുന്നില്ല . അല്ലെങ്കിൽ അവർക്കറിയില്ല . കടൽ കടന്നു കച്ചവടത്തിന് പോയ വെള്ളാള വ്യാപാരികളെ (ചെട്ടികളെ ) സമൂഹം ബഹിഷ്കരിച്ചപ്പോൾ അവർക്കു ഭസ്മലേപനം അനുവദിച്ചില്ല .അങ്ങനെ ഉള്ളവർ ആണ് വെണ്ണീർ വെള്ളാളർ അല്ലാത്തവർ .അവർക്കു ആരാധിക്കാൻ കുരക്കെണി കൊല്ലത്തു സ്ഥാപിച്ച ജൈന ആരാധന കേന്ദ്രം ആയിരുന്നു തരിസാപ്പള്ളി പട്ടയത്തിലെ പള്ളി (ജൈന ആരാധനാ കേന്ദ്രം)എന്ന് മനസ്സിലാകണമെങ്കിൽ ചരിത്രം വിശദമായി പഠിക്കണം . നമ്മുടെ ചരിത്രകാരന്മാരുടെ കണ്ടെത്തലുകൾ വിദ്യാധിരാജൻ എന്ന് ചിലർ വാഴ്ത്തുന്ന ചട്ടമ്പി സ്വാമികളുടെ നിഗമനങ്ങളുടെ തലമണ്ടയ്ക്ക് ഏറ്റ വലിയ അടിയാണ് .

“ഒരു സാമൂഹിക പരിഷ്കർത്താവിന്റെ വേഷമണിയാൻ തയാർ ആകാതിരുന്ന” ചട്ടമ്പി സ്വാമികളെ പുറം 190-ൽ നമ്മുടെ ചരിത്രകാരന്മാർ അവതരിപ്പിക്കുന്നു . നായർ സമുദായ ആചാര്യനായി പലരും പൂജിക്കുന്ന ചട്ടമ്പി സ്വാമികളെ കുറിച്ച് കൂടുതൽ ഒന്നും ഗ്രന്ഥകർത്താക്കൾ എഴുതുന്നില്ല . എന്നാൽ വിദ്യാധി രാജന്റെ പ്രമുഖ കൃതിയാണ് ചിലർ പ്രാചീന മലയാളം എന്ന കൃതിയെ ചൂണ്ടിക്കാണിക്കാറുണ്ട് . ചട്ടമ്പി സ്വാമികൾ എഴുതിയ കൃതികൾ എന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന കൃതികൾ വാഴൂർ തീർത്ഥപാദസ്വാമികൾ ,പന്നിശ്ശേരി നാണുപിള്ള ,കരിങ്ങാട്ടിൽ പപ്പുപിള്ള ശാസ്ത്രികൾ എന്നീ ത്രിമൂർത്തികൾ ചേർന്ന് എഴുതിയതാണ് എന്ന സത്യം തീർത്ഥപാദ സ്വാമികളുടെ ജീവചരിത്രത്തിലുണ്ട് (പുറം 783). ചട്ടമ്പി സ്വാമികൾ പ്രാചീനകേരളം എന്ന ഗ്രന്ഥമെഴുതിയത് അച്ഛന്റെ കൈവശം ഇരുന്ന ഒരു പഴയ താളിയോല ഗ്രൻഥം നോക്കിയാണ് എന്ന് തൈക്കാട് അയ്യാവ് സ്വാമികളുടെ മകൻ എസ്. ലോകനാഥപണിക്കർ കാലടി പരമേശ്വരൻ പിള്ള എഴുതിയ ബ്രഹ്മ ശ്രീ തൈക്കാട് അയ്യാ സ്വാമികൾ എന്ന ജീവചരിത്രം (പുറം 75) കാണുക . പക്ഷെ ചട്ടമ്പി സ്വാമികളുടെ ആരാധ വൃന്ദം വാദിക്കുന്നത് കേരളഭൂമി മലയാളി നായന്മാരുടെ വക ആണെന്ന് തെളിയിക്കാൻ എഴുതിയ ചരിത്രം ആണ് പ്രാചീന മലയാളം എന്നാണല്ലോ . പ്രാചീന മലയാളത്തിൽ ഉള്ള ഒരു ഖണ്ഡിക നമുക്ക് വായിക്കാം

ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിത്രം ,പറവൂർ കെ ഗോപാല പിള്ള (നടൻ ജനാർദ്ധനന്റെ പിതാവ് ) എഴുതിയ “പരാമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികൾ “ 1935 ( പുറം 226) “പഴയ പ്രമാണങ്ങൾ ,പാരമ്പര്യങ്ങൾ ,നടവടികൾ ,ഇവയിൽ നിന്നും സർവ്വ സമ്മതമായി യുക്തിവാദങ്ങളിൽ നിന്നും ഈ ഭൂമി വാസ്തവത്തിൽ മലയാളി നായന്മാരുടെ വക ആണെന്നും ……………”

നമ്മുടെ ചരിത്രകാരന്മാരുടെ നിഗമനം പ്രാചീന മലയാളത്തിലെ വാദ ഗതിയുടെ തല മണ്ടയിൽ ഏറ്റ വൻ പ്രഹരം ആണെന്ന് കാണാം . തരിസാപ്പള്ളി പട്ടയത്തിൽ (സി.ഈ 849) വേൽ കുല സുന്ദരൻ വട്ടെഴുത്തിൽ എഴുതിയത് തന്നെ ശരി .”പൂമിക്കു കാരാളർ വെള്ളാളർ” ആയിരുന്നു .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ