ദേവീ ദേവന്മാർ ആയി ഉയർത്തപ്പെട്ട വെള്ളാളർ

ോ .കാനം ശങ്കരപ്പിള്ള

9447035416

സംഘ കാലഘട്ടത്തിൽ എഴുതപ്പെട്ട ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസത്തിലെ നായിക ആയ കണ്ണകി എന്ന വെള്ളാള യുവതി പിൽക്കാലത്ത് ദേവിയായി ഉയർത്തപ്പെട്ടു .ചെങ്ങന്നൂർദേവി ,കൊടുങ്ങല്ലൂർ ഭഗവതി ,ഇടുക്കിയിലെ മംഗളാദേവി ,തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി എന്നിവരെല്ലാം കണ്ണകി എന്ന വെള്ളാളത്തരുണിയെ ദേവി ആയി ഉയർത്തിയാണ് . കാവേരി പൂം പട്ടണ (പൂംപുഹാർ )ത്തിലെ ഒരു വെള്ളാള വർത്തക (ചെട്ടി) പ്രമാണിയുടെ മകൾ ആയിരുന്നു കണ്ണകി .മറ്റൊരു വെള്ളാള വർത്തകപ്രമാണിയുടെ മകൻ മാധവൻ ആയിരുന്നു കണ്ണകിയുടെ ഭർത്താവ് .മാധവി എന്ന വേശ്യയിൽ ആകൃഷ്ടനായി ദീപാളി കുളിച്ച് അവസാനം മോഷണകുറ്റത്തിന് തെറ്റിദ്ധാരണയാൽ ,നെടുംചേഴിയൻ എന്ന രാജാവിൽ നിന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന മണ്ട ശിരോമണി .

820 വര്ഷം മുൻപ് സി.ഇ 1202 ൽ ആണ് പാണ്ട്യരാജവംശം കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളത്തു കുടിയേറിയത് .വാവരുടെ വംശം വായ്പ്പൂരിൽ നിന്ന് കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയത് കൊല്ലവർഷം 884 ലും അതായത് സി ഇ 1709 ൽ . കൊല്ലവർഷം 969 (സി ഇ .1794 ) ലെഴുതിയ പന്തളം അടമാനത്തിൽ, ഇലന്തൂർ പ്രദേശം പന്തളം രാജാവ്, തിരുവിതാം കൂറിനു പണയം നൽകുന്ന രേഖ ലഭ്യമാണ് .അപ്പോൾ സി ഈ 1709 - 1794 കാലത്താവണം ,വാവരുടെയും കടുത്തയുടെയും സുഹൃത്ത് ആയിരുന്ന മണികണ്ഠൻ എന്ന വെള്ളാള കുലജാതൻ അയ്യൻ അയ്യപ്പൻ ജീവിച്ചിരുന്നത് .ഇളവർ സേവം എന്ന പ്രാചീന പാട്ടിൽ കണ്ടൻ അയ്യൻ അയ്യപ്പൻ താൻ “വെള്ളാള കുലജാതൻ” എന്നെടുത്ത് പറയുന്നതായി ശ്രീഭൂത നാഥ സർവ്വസം കാട്ടുന്നു .(വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ,1947 )

പന്തളം രാജാവിനോടൊപ്പം തൃശ്ശിനാപ്പള്ളിയ്ക്ക് സമീപമുള്ള പനയടിയാർ കോവിലിൽ നിന്നും കുടിയേറിയ വെള്ളാള കണക്കപിള്ള കുടുംബത്തിൽ പെട്ട ഒരാൾക്ക് രാജകൊട്ടാരത്തിലെ ഒരു തരുണിയിൽ ജനിച്ച കുമാരനാണ് കണ്ടൻ അയ്യൻ അയ്യപ്പൻ (മണികണ്ഠൻ ). ശബരിമല ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തിയ അയ്യൻ പിന്നീട് തിരിച്ചു പന്തളത്ത് എത്തിയില്ല .അപ്രത്യക്ഷനാവുകയോഅന്തരിക്കയോ ചെയ്തിരിക്കാം .തുടർന്ന് അയ്യൻ ശബരിമല ശാസ്താവിൻറെ അവതാരം എന്ന് ജനം കണക്കാക്കി .
ബന്ധു ആയ എരുമേലി പുത്തൻവീട്ടിലെ കാരണവർ പെരിശ്ശേരിപ്പിള്ള അയ്യപ്പന് വേണ്ടി ഒരു ക്ഷേത്രം നിർമ്മിച്ചു .അതാണ് എരുമേലി കൊച്ചമ്പലം എന്ന “അയ്യപ്പ”ക്ഷേത്രം .അവിടെ നിന്നുമാണ് മണ്ഡല മകരവിളക്ക് കാലത്ത് പ്രസിദ്ധമായ എരുമേലി പേട്ടകെട്ട് പ്രാചീന എരുമേലി “ശാസ്താ” ക്ഷേത്രത്തിലേക്ക് തുടങ്ങുന്നത് (കാനം ശങ്കരപ്പിള്ള ).എരുമേലിയിൽ രണ്ടു ക്ഷേത്രങ്ങൾ അങ്ങിനെയാണ് ഉടലെടുത്തത് .ആലമ്പള്ളി മില്ലക്കാരൻ എന്ന വെള്ളാള പ്രമാണി നിർമ്മിച്ച പുരാതന ശാസ്താ ക്ഷേത്രം ഏറെ കാലം കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ടു കുടുംബത്തിന്റെ കൈവശം ആയിരുന്നു .പിൽക്കാലം അത് ദേവസ്വ൦ വക ആയി .പുത്തൻവീട്ടുകാർ പണിയിച്ച കൊച്ചമ്പലം എന്ന അയ്യപ്പക്ഷേത്രവും ദേവസ്വ൦ ബോർഡിന് കൈമാറി .

ശൈവ വൈഷ്‌ണവ പോരാട്ടം ഇല്ലാതാക്കാൻ ,ശങ്കരനാരായണനെ സൃഷ്ടിച്ച ശങ്കരാചാ ര്യരുടെ മറ്റൊരു സൃഷ്ടി ആണ് ശാസ്താവ് എന്ന പുരാണ പുരുഷൻ . എരുമേലി ,പന്തളം ,അമ്പലപ്പുഴ ,ആലങ്ങാട് എന്നീ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന മലയാളി യോദ്ധാവ് ആയിരുന്നു അയ്യപ്പൻ എന്ന മണികണ്ഠൻ .കാഞ്ഞിരപ്പള്ളിക്കാരൻ വാവർ ,ചെങ്ങന്നൂർക്കാരൻ കടുത്ത എന്നിവർ കൂട്ടുകാർ . പുരാണ പുരുഷൻ ആയ ശാസ്താവും വെള്ളാള മനുഷ്യ പുത്രൻ ആയ കണ്ടൻ അയ്യപ്പനും ഒരാൾ എന്ന് മിക്കവരും തെറ്റായി ധരിക്കുന്നു.എഴുതുന്നു .

ആര്യങ്കാവിലെ കറപ്പു സ്വാമി കോവിലിൽ ഇന്നും പൂജാരി വെള്ളാളർ ആണെന്നതും കാണുക .

കണ്ണകി കോവിലൻ ചരിതം

—------------------------------------------

സി .ഈ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേരളീയനായ കവി ആണ് ഇളംകോവടികൾ .വഞ്ചി നഗരം വാണിരുന്ന ചേരലാതൻ എന്ന രാജാവിന്റെ പുത്രൻ ആയിരുന്നു അദ്ദേഹം .ചേരൻ ചെങ്കുട്ടൻ മറ്റൊരു മകൻ .ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം ഒരു ദ്രാവിഡ ഇതിഹാസ കാവ്യം ആണ് .മണിമേഖല ,ചിന്താമണി ,കുണ്ഡല കേശി ,വളയാപതി എന്നിവയ്‌ക്കൊപ്പം ഇത് തമിഴ് സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്ന് ആണ് . പല്ലവന്മാരുടെ ഭരണകാലത്തിനു മുമ്പ് രചിക്കപ്പെട്ട കൃതി .പല്ലവന്മാരെ പറ്റിയുള്ള ശാസനങ്ങൾ ബി .സി. ഇ മൂന്നാം ശതകത്തിൽ നിർമ്മിക്കപ്പെട്ടവ .അതിനാൽ ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിൽ ആവണം രചിക്കപ്പെട്ടത്.

പുകാർ കാണ്ഡം ,മധുരൈ കാണ്ഡം ,വഞ്ചി കാണ്ഡം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ട് ചിലപ്പതികാരത്തിൽ .പുകാർ(കാവേരി പൂംപട്ടണം ), മധുര ,വഞ്ചി (തിരുവഞ്ചിക്കുളം ) എന്നിവിടങ്ങളിലാണ് കഥ നടക്കുന്നത് .പുകാറിൽ ആദര്ശ പ്രേമം ,മധുരയിൽ കഠിന വിഷാദം ,വഞ്ചിയിൽ ധീരോദാത്തത എന്നിവ വർണ്ണിക്കപ്പെടുന്നു (ഡോ .ആറന്മുള ഹരിഹര പുത്രൻ ).

കാവേരി പൂം പട്ടണത്തിലെ (പൂം പുഹാർ )പ്രമുഖ കപ്പൽ വ്യാപാരിയായ മാനായ്ക്കൻ എന്ന വെള്ളാളൻറെ പുത്രിയാണ് കണ്ണകി .അനീതി പ്രവർത്തിച്ച രാജാവിനോടുള്ള ക്രോധം തീർക്കാൻ സ്തനം (മുലഞ്ഞെട്ടു മാത്രം എന്ന് ചിലർ ) പറിച്ചെറിഞ്ഞു മധുരാപുരിയെ (ഇപ്പോൾ ഉല്ഖനനം വഴി പ്രസിദ്ധമായ കീലടി ആവണം തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കു സ്ഥിതി ചെയ്തിരുന്ന പ്രാചീന മധുര) കണ്ണകി ചുരുട്ടുകരിച്ചു .തുടർന്ന് അവൾ ദേവിയായി മാറി കോവിലാനൊപ്പം സ്വർഗ്ഗ ലോകം പൂകി എന്ന് കേരളീയനായ ഇളംകോവടികൾ എഴുതി .

കണ്ണകിയുടെ കാന്തനായ കോവിലൻ പുകാറിലെ മാസത്തുവാൻ എന്ന വെള്ളാള വർത്തകന്റെ മകൻ ആയിരുന്നു ,ഭാര്യ കണ്ണകിയുടെ മാണിക്യ ചിലമ്പ് മധുരയിൽ വിൽക്കാൻ ശ്രമിക്കവേ,ചതിയനും കള്ളനുമായ കൊട്ടാരം തട്ടാൻ റാണിയുടെ ചിലമ്പ് മോഷ്ടിച്ച കള്ളനെന്നു പറഞ്ഞു രാജാവിന്റെ മുൻപിൽ ഹാജരാക്കി .തട്ടാനെ വിശ്വസിച്ച രാജാവ് കോവിലനെ വധിക്കുന്നു .

കോവിലനെ വശീകരിക്കുന്ന വേശ്യയാണ് മാധവി .മാദക സുന്ദരി .മകൾ മണിമേഖല കണ്ണകി -കോവിലൻ ദുരന്ത കഥ കേട്ട് ജൈന യോഗിനി ആയി മാറുന്നു .ജൈന പരാമര്ശന കാരണത്താൽ ആവണം ചില ചരിത്രകാരന്മാർ ചിലപ്പതികാരം അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കൃതി എന്ന് എഴുതുന്നു (എം ജി എസ് നാരായണൻ ).

ചിലമ്പ് വിൽക്കാൻ മധുരയ്ക്ക് പോകുന്ന കണ്ണകി കോവിലൻ ദമ്പതികൾ കാവേരിക്കരയിലെ ജൈന ആശ്രമത്തിൽ ഉള്ള കവുംതടിയാർ എന്ന യോഗിനിയെയും കൂട്ടിയാണ് മധുരയ്ക്ക് പോകുന്നത് .നെടുംചേഴിയൻ എന്ന അക്കാലത്തെ പാണ്ട്യ രാജാവ് നീതിമാൻ ആയിരുന്നു .എന്നാൽ കള്ളനായ ചതിയൻ തട്ടാനെ വിശ്വസിച്ചു കോവിലനെ വധിക്കുന്നു .സത്യം മനസിലായപ്പോൾ രാജാവ് ദുഃഖ ഭാരത്താൽ മരിച്ചു വീഴുന്നു .പിറകെ റാണി ആത്മഹത്യ ചെയ്യുന്നു . കണ്ണകി ദേവി ആയി മാറിയ കഥ കേട്ട ചേരാൻ ചെങ്കുട്ടവൻ, കണ്ണകി പ്രതിഷ്ഠ നടത്തുന്നുന്നു .വിറമിണ്ട നായനാർ ദേശാധിപതി ആയ ചെങ്ങന്നൂരിലാണ് കണ്ണകി പ്രതിഷ്ഠ നടത്തിയത് എന്ന് വക്കീൽ കല്ലൂർ നാരായണ പിള്ള തുടങ്ങിയ ചരിത്രകാരന്മാർ (ചെങ്ങന്നൂർ ക്ഷേത്ര ചരിത്രം ) .കൊടുങ്ങല്ലൂരിൽ എന്ന് മറ്റു ചിലർ .ഇടുക്കിയിലെ മംഗളാ ദേവി ക്ഷേത്രത്തിൽ എന്ന് വേറെ ചിലർ .ആറ്റുകാലിൽ എന്ന് വിശ്വസിക്കുവരും ഏറെ .

ചുരുക്കത്തിൽ തമിഴ് നാട്ടിൽ ജനിച്ച കണ്ണകി എന്ന വെള്ളാള യുവതി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ദേവി ആയി ആരാധിക്കപ്പെടുന്നു .

ഇടുക്കി ജില്ലയിലെ അഞ്ചുനാട്ടിലുള്ള വെള്ളാളർ കണ്ണകി യുടെ കൂടെ കേരളത്തിലേക്ക് കുടിയേറിയവർ എന്ന് അനന്തകൃഷ്ണ അയ്യർ (അഞ്ചുനാട് വെള്ളാളർ പുറം കാണുക ). ചെന്നൈയിലെ മറീനാ ബീച്ചിൽ കണ്ണകി പ്രതിമ സ്ഥാപിക്കപ്പെട്ടു .1968 ജനിവരി 2 .കയ്യിൽ ചിലമ്പുമായി നിൽക്കുന്ന കണ്ണകി . കേരളത്തിൽ കണ്ണകി യ്ക്ക് പ്രതിമ ഇല്ല .പക്ഷെ ക്ഷേത്രങ്ങൾ പലതുണ്ട് .

കണ്ടൻ അയ്യൻ അയ്യപ്പൻ

—---------------------------------

ശബരിമലയിലേക്ക് പോകുന്ന ഭക്തർ എരുമേലിയിൽ എത്തി പേട്ട തുള്ളിയ ശേഷമാണ് മലകയറി അയ്യനെ കാണാൻ പോകുന്നത് .പേട്ട തുള്ളലിന്റെ ചരിത്രം ഈ ലേഖകൻ 1975 കാലത്തു തന്നെ ജനയുഗം വാരികയിൽ സചിത്ര ലേഖനമായി പ്ര സിദ്ധീകരിച്ചിരുന്നു .കാഞ്ഞിരപ്പള്ളിയുടെ ചരിത്രം ആനിക്കാട് ശങ്കരപ്പിള്ള എഴുതിയതും ചേർത്ത് “എരുമേലി പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും” എന്ന പേരിൽ അത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു (1976 ).പി.ഡി .എഫ് രൂപത്തിൽ www .issuu .com എന്ന സൈറ്റിൽ അത് ലഭ്യമാണ് .

കുറുമള്ളൂർ നാരായണ പിള്ള എഴുതിയ “ശ്രീഭൂത നാഥസർവ്വസം” (1947 )ആണ് ശബരിമല ശാസ്താവ് ,അയ്യപ്പൻ എന്നിവരെ കുറിച്ച് ഏറെ വിവരങ്ങൾ നൽകുന്ന കൃതി . ശബരിമല ശാസ്താവും പന്തള രാജാവിന്റെ വളർത്തുമകൻ മണികണ്ഠൻ എന്ന അയ്യൻ അയ്യപ്പനും രണ്ടാണ് എന്നാ കൃതി വായിച്ചാൽ മനസിലാകും ,ശാസ്താവ് പുണ്യ പുരാണ പുരുഷൻ .ശൈവ വൈഷ്ണവ പോർ തീർക്കാൻ എട്ടാം നൂറ്റാണ്ടിലാവണം ശങ്കരാചാര്യർ ശങ്കരനാരായണ പുത്രൻ ആയി സൃഷ്ടിച്ച ഒരു ഇളമുറ ദേവൻ . മണികണ്ഠൻ ആകട്ടെ, പന്തളം കൊട്ടാരത്തിലെ വളർത്തു പുത്രൻ ആയ മലയാളി യുവാവ് .എരുമേലിയിലെ കണക്കപ്പിള്ള കുടുംബമായ പുത്തൻവീടും ആയി ബന്ധമുള്ള വെള്ളാള യുവാവ്. .

മുന്നൂറും പുനരേഴുപത്തുമതിനോട് ഏഴും മുറയ്‌ക്കൊപ്പമായ് വന്നൊരാണ്ടഥ പാണ്ട്യ ഭൂപതി കുടുംബത്തോടൊപ്പ മാപ്പന്തളേ തോന്നല്ലൂർ മുറിയിൽ ……. വന്നു താമസിച്ചു എന്നാണു “ശബരിഗിരി വർണ്ണന” എന്ന കൃതിയിൽ കാണുന്നത് (കുറുമള്ളൂർ നാരായണ പിള്ള ). അപ്പോൾ പന്തളം രാജവംശം വന്നത് കൊ .വ 377 ൽ . അതായത് സി ഇ 1202 ൽ.

ചേര ചോള പാണ്ട്യ രാജാക്കന്മാർ (മൂവേന്ദ്രർ ) മൂവരും ഒരു വെള്ളാള സ്ത്രീക്ക് ജനിച്ച മക്കൾ (ടി .പഴനി ).അതിൽ പാണ്ഡ്യവംശ ശാഖകൾ പൂഞ്ഞാറിലും പന്തളത്തും കുടിയേറി .പന്തളത്തു വന്നവർ ആദ്യം കോന്നിയിൽ .പൂഞ്ഞാറിൽ വന്നവർ ആദ്യം കാഞ്ഞിരപ്പള്ളിയിൽ . പന്തളത്തു താമസമാക്കിയ ശാഖ കണക്കെഴുതാൻ കൂടെ കൊണ്ടുവന്ന വെള്ളാള കുടുംബമാണ് എരുമേലി പുത്തൻ വീട്ടുകാർ .അവരിൽ ഒരാൾക്ക് രാജകുമാരിയിൽ ജനിച്ച കുമാരൻ ആണ് മണികണ്ഠൻ .ഒരു ബ്രാഹ്മണന് ജനിച്ച കുമാരൻ എന്ന ഡോ .എസ്. കെ നായരുടെ കള്ളക്കഥ വിശ്വസനീയമല്ല .ബ്രാഹ്മണ കുമാരന് ഒരിക്കലും അയ്യപ്പൻ എന്ന പേരിടില്ല എന്ന് നാലാങ്കൽ കൃഷ്ണപിള്ള .പുത്തൻ വീട് കാരണവർ ആയ പെരിശ്ശേരിപ്പിള്ള അയ്യപ്പനുവേണ്ടി എരുമേലിയിൽ ക്ഷേത്രം നിർമ്മിക്കാൻ കാരണം അയ്യൻ ആ കുടുംബത്തിൽ പിറന്നവൻ ആയിരുന്നു എന്നതാണ്. .അയ്യപ്പൻറെ വാൾ ഇന്നും ആ പുരാതന തറവാട്ടിൽ കാണാം .

വെള്ളാളരുടെ അമ്മൻ കോവിലുകൾ

=================================

വെള്ളാളനിർമ്മിതികൾ ആയ നിരവധി അമ്മൻ ,മാടൻ കോവിലുകൾ ഉണ്ട് .തിരുവിതാം കൂറിൽ പലയിടങ്ങളിൽ . തലസ്ഥാനത്തെ സെക്രട്ടറിയേറ്റിനു പിറകിൽ കാണപ്പെടുന്ന മാടൻ കോവിലിൽ തുടങ്ങാം .

മാവേലിക്കരയിലെ തായ് വീട്ടിലെ ചന്ദ്രൻ പിള്ള വക സ്ഥലത്താണ് വേലുത്തമ്പി ഹജൂർ കച്ചേരി പണിയിച്ചത്(1870 ) .പകരം പടിഞ്ഞാറു മാറി റോഡിന് എതിരെ ഉള്ള സ്ഥലം ആ കുടുംബത്തിന് നൽകപ്പെട്ടു .തായ് വീട്ടുകാരുടെ വക അമ്മൻ കോവിൽ വേലുത്തമ്പി നിലനിർത്തി . 1960 വരെ അടുത്ത് താമസക്കാരായ വെള്ളാളർ അവിടെ പൂജകൾ നടത്തി പോന്നു. സെൻട്രൽ സ്റ്റേഡിയം വന്നതോടെ ,കോവിലിലേയ്ക്ക് പ്രവേശനം ബുദ്ധിമുട്ടായി .ഇപ്പോൾ വൈ എം സി ഏ യുടെ അടുത്തുള്ള റോഡ് വഴി കോവിലിൽ കയറാം .ഇപ്പോൾ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നു .

തക്കലയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നാഞ്ചിനാട് വെള്ളാള കുല പരദേവത ആയ മേലാങ്കോട് (കുമാരൻ കോവിൽ ) ഭഗവതി യാണ് ഈ കോവിലിലെ അമ്മനും . തെക്കൻ തിരുവിതാം കൂറിലെ നാഗർകോവിലിൽ ഉള്ള തക്കല യിലെ മേലോങ്കോട് ചേട്ടത്തി അനുജത്തിമാരായ രണ്ടു യക്ഷികൾ ഉണ്ട് .ചെമ്പകവല്ലി അമ്മാൾ ,നീലാപിള്ള അമ്മാൾ എന്നിങ്ങനെ രണ്ടു വെള്ളാള കന്യകമാർ .താഴ്ന്ന വിഭാഗത്തിൽ പെട്ട രാജാവ് വിവാഹം കഴിക്കാൻ അവർ ഇരുവരെയും ചോദിച്ചപ്പോൾ അതിനു സമ്മതമില്ലാത്തതിനാൽ പിതാവിനാൽ വധിക്കപ്പെട്ട പെൺകുട്ടികൾ . ചാലയിൽ മാവേലിക്കര ചെമ്പകശ്ശേരി കുടുംബം വക മുത്താരി അമ്മൻ കോവിൽ ഉണ്ട് .പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടത്.ഡോ .ജി .ഓ പാലിന്റെ ശിഷ്യൻ ഡോ .എൻ .ടി (താണു ).പിള്ളയുടെ കുടുംബത്തിനാണ് ആണ് കോവിൽ ഭരണം .കൽക്കട്ടയിലെ ഉജ്ജയിനിൽ നിന്നും കൊണ്ടുവരപ്പെട്ട ഉജ്ജ്ഞയനി മഹാകാളി (ഉച്ചി മാകാളി ) ആണ് പ്രതിഷ്ഠ .ദുർഗ്ഗ (പാർവതി )എന്നും കണക്കാക്കപ്പെടുന്നു .വെള്ളാളനാണ് പൂജാരി . പുളിഞ്ചുവട്ടിലെ കല്ലമ്മൻ കോവിൽ —------------------------------------------------------- സെക്രട്ടറിയേറ്റിനു സമീപം ജി. പി. ഓ ലൈനിൽ കല്ലമ്മൻ കോവിൽ എന്നൊരു വെള്ളാള കോവിൽ ഉണ്ട് . പതിനഞ്ചാം നൂറ്റാണ്ടിൽ അവിടെ താമസിച്ചിരുന്ന വെള്ളാളർ നിർമ്മിച്ച കോവിൽ . ചുറ്റുപാടും ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു .അതിൽ നിന്നും “പുളി മൂട്” എന്ന സ്ഥലനാമം ഉണ്ടായി (മനോന്മണീയത്തിന്റെ പേരൂർക്കട “മരുതം മൂട്” ആയിരുന്നു എന്നോർക്കുക).പുളി മൂട്ടിൽ താമസിച്ചിരുന്ന ഒരു വെള്ളാള സിദ്ധൻ ആണ് ഒരു കല്ലിൽ അവരുടെ പരദേവതയായ ദുർഗ്ഗയെ പ്രതിഷ്ഠിച്ചത് .ഗണപതി ,യക്ഷി ,മാടൻ എന്നിവരെയും പ്രതിഷ്ഠിച്ചു .തുറന്ന കോവിൽ .മേൽക്കൂര ഉണ്ടായിരുന്നില്ല .പൂജയും അഭിഷേകവും എല്ലാം വെള്ളാളർ വക . രണ്ടു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ നാരായണ വിലാസത്തെ നാരായണ പിള്ള യുടെ കയ്യിൽ ആയി കോവിൽ ഭരണം .പിൽക്കാലം വീരബാഹു പിള്ള ,ഷൺമുഖം പിള്ള ,പത്രം ഏജന്റ് രാമസ്വാമി പിള്ള എന്നിവരിലായി ഭരണം .

1936 ൽ കൗൺസിലർ ജനാർദ്ദനൻ പിള്ളയുടെ ഭരണകാലത്ത് കല്ലമ്മൻ ഭക്ത സംഘം രൂപീകൃതമായി .1950 ൽ സംഘം കോവിലിനു മേൽക്കൂര നിർമ്മിക്കപ്പെട്ടു . 1994 വീണ്ടും കോവിൽ നവീകരിക്കപ്പെട്ടു .

തൊട്ടടുത്തായിരുന്നു മാവേലിക്കര തയ്യിൽ വീട്ടിലെ മാധവൻ പിള്ള (1875 -1920 ) താമസിച്ചിരുന്നത് .ഡോ .ജി .ഓ .പാൽ എന്ന പ്രസിദ്ധനായ ഡെന്റിസ്റ് അദ്ദേഹത്തിന്റെ കസിൻ പരമേശ്വരൻ പിള്ളയുടെ മകൻ ആയിരുന്നു .അക്കാലത്തെ ആ പ്രദേശം മുഴുവൻ വെള്ളാളരുടെ വീടുകൾ ആയിരുന്നു . പ്രസ് റോഡിലുള്ള ഉച്ചി അമ്മൻ കോവിൽ (ഉജ്ജയിനി മഹാകാളി കോവിൽ) മനോന്മണീയം സുന്ദരൻ പിള്ള ദാനം ചെയ്ത സ്ഥലത്ത് നിർമ്മിക്കപ്പെട്ടു .മണൽ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹം .തായ് വീട്ടുകാർ അംഗങ്ങൾ ആയ പുത്തൻ ചന്ത വെള്ളാള ട്രസ്റ്റ് ആണ് കോവിൽ ഭരണം .ഹാരപ്പയിൽ നിന്ന് കാശി വഴി തെന്നിന്ത്യയിലേക്കു കുടിയേറിയ കർഷകരും അജപാലകരും കൽക്കട്ടയിലെ ഉജ്ജനിയിൽ നിന്നും കൂടെ കൊണ്ടുവന്ന ഉജ്ജയിനി മഹാകാളി ആണ് ഉച്ചിമഹാകാളി എന്നറിയപ്പെടുന്നത്. മധുരയിൽ നിന്ന് ഇടുക്കിയിലെ അഞ്ചുനാട്ടിലേക്കു കുടിയേറിയ വെള്ളാളരും മഹാകാളിയെ കൂടെ കൊണ്ട് പോന്നു .ശിൽപ്പികൾ കൊണ്ടുവന്ന ദേവത എന്ന് ഡോ. ശശിഭൂഷൺ .വെള്ളാളർ കൊണ്ടുവന്നു എന്ന് പ്രാദേശിക ചരിത്രകാരനായ വെള്ളനാട് രാമചന്ദ്രൻ .ഹാരപ്പയിൽ ഇന്നും തെന്നിന്തയിലേക്കു കുടിയേറിയ കമ്മാളരും ശില്പികളും പ്രാചീന ദ്രാവിഡ വെള്ളാള കുലജാതർ എന്ന് സമ്മതിച്ചാൽ ഇരുവരും എഴുതുന്നത് ശരി .

ഉച്ചി മാകാളി കോവിലുകളിൽ വെള്ളാളർ ആണ് പൂജാരികൾ .

തൈക്കാട് മേട്ടുക്കട്ടയിലുള്ള ചുടല (ഓ എൻ വി “ശാന്തി കവാടം” എന്ന് നാമകരണം ചെയ്ത ശ്മശാനം ) മനോന്മണീയം സുന്ദരൻ പിള്ള ദാനം ചെയ്ത അഞ്ചേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .തൈക്കാട് അയ്യാവ് സ്വാമികളും മനോന്മണീയം സുന്ദരൻ പിള്ളയും ആ ചുടലയിൽ അന്ത്യ വിശ്രമം കൊള്ളുന്നു .ചാല ,പുത്തൻചന്ത വെള്ളാള സഭകൾക്ക് അവിടെ പ്രത്യേകം പ്രത്യേകം ചുടലകൾ ഇന്നുമുണ്ട് .പുത്തൻചന്ത വക ചുടലയിൽ ആണ് തൈക്കാട് അയ്യാവ് സ്വാമികൾ സമാധി ഇരുന്നത് .ഇന്നവിടം ഒരു കോവിലാണ് .അയ്യാമിഷൻ വക .അയ്യാവ് സ്വാമികൾ ആണ് പ്രതിഷ്ഠ .അദ്ദേഹം അതാഗ്രഹിച്ചിരുന്നുവോ ? ആവോ ?

അധിക വായനയ്ക്ക്

1 .വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ,ശ്രീഭൂതനാഥ സര്വസവം ,ദേവി ബുക്സ് ഗുരുവായൂർ 1977

2 .പി. ചിന്മയൻ നായർ ,ഇളങ്കോവടികൾ ചിലപ്പതികാരം ,യൂണിവേഴ്സൽ പ്രസ്സ് & പബ്ലിക്കേഷൻസ് ,തിരുവനന്തപുരം 2021

3 .ഡോ കാനം ശങ്കരപ്പിള്ള & ആനിക്കാട് പി.കെ ശങ്കരപ്പിള്ള ,എരുമേലി പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും. 1976

4 .ഡോ .എം ജി ശശിഭൂഷൺ, അറിയപ്പെടാത്ത അനന്തപുരി, പുറം 117 -119 5 .വെള്ളനാട് രാമചന്ദ്രൻ , ചരിത്രത്തിലെ നേരും നുണയും ,പരിധി പബ്ലിക്കേഷൻസ് .2024

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ