Vellala Arts & Cultural Foundation -VACF
9447035416
കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതി പ്രാചീനമായ ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ ആരാധകരായ വെള്ളാളർ. പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ,ഗോപാലകരും വ്യാപാരികളും ആയ വെള്ളാളർ .
കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് അതി പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആദ്യകാല അക്ഷരസൃഷ്ടാക്കൾ ആയിരുന്നു .വിദ്യ പകർന്നു നൽകിയ ആദ്യകാല കുടി പള്ളിക്കൂട ആശാന്മാർ ആയിരുന്നു. ദ്വി ഭാഷികൾ ആയിരുന്നു . അവരിൽ ധാരാളം കരകൗശല വിദഗ്ദർ ഉണ്ടായി ,രാജാക്കന്മാരിൽ നിന്നും കണക്കർസ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ ആയിരുന്നു നാരായ ധാരികൾ ആയിരുന്നു വെള്ളാളർ വിവാഹസമയത്തു വരന് പെൺവീട്ടുകാർ എഴുതാനുള്ള നാരായം സമാനമായി നല്കിയിരുന്നവർ . വെള്ളാളർ എല്ലാം ദാനശീലർ ആയിരുന്നു ,അവർ അന്ന ദാതാക്കൾ ആയിരുന്നു . ഉച്ച നീച ഭേദമില്ലാത്തവർ . ആദ്യമായി അവർണ്ണ സവർണ്ണ പന്തിഭോജനം (1873 ശിവരാജ യോഗി തൈക്കാട് ഇടപ്പിറവിളാകം വീട്ടിൽ ) നടപ്പിലാക്കിയവർ. കേരളനവോത്ഥാനത്തിന്റെ ഈറ്റില്ലം അഥവാ പിള്ളത്തൊട്ടിൽ ആയ ജ്ഞാന പ്രജാഗരം എന്ന കൂട്ടായ്മ 1876 ൽ തിരുവനന്തപുരത്തു തിരുമധുരപേട്ടയിൽ സ്ഥാപിച്ചവർ (മനോന്മണീയം സുന്ദരൻ പിള്ള ,ശിവരാജ യോഗി തൈക്കാട് അയ്യാവ് ഗുരു എന്ന ഗുരുക്കന്മാരുടെ ഗുരു അഥവാ ആചാര്യ ത്രയത്തിന്റെ ആചാര്യൻ
2015 ല്‍ എം. ആര്‍ രാഘവവാര്യർ , കേശവന്‍ വെളുത്താട്ട് എന്നീ രണ്ടു കേരളചരിത്രകാരന്മാർ കൂട്ടായി എഴുതിയ “തരിസാപ്പള്ളി പട്ടയം” കോട്ടയത്തെ സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചു . ഉപ്പു നിർമ്മിക്കുന്നവർ എന്നർത്ഥം വരുന്ന “എരുവിയർ” എന്ന പ്രാചീന പദം വായിച്ചെടുത്ത്,അതുവരെ രണ്ടായി കണ്ടിരുന്ന തരിസാ ചെമ്പു പട്ടയം, ഒന്നേ ഒന്ന് മാത്രം എന്ന് അവർ ഇരുവരും സ്ഥാപിച്ചു . അഭിമാനാർഹമായ കണ്ടെത്തൽ .
പക്ഷെ പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളര്‍” , “നാലുകുടി വെള്ളാളർ”, “വേല്‍ കുല സുന്ദരൻ” ,”യശോദാ തപിരായി” എന്നീ പരാമർശങ്ങൾ ഒന്നും ഒന്നും അവര്‍ പഠന വിധേയമാക്കി കണ്ടില്ല .
പട്ടയത്തിലെ നഷ്ടപ്പെട്ട അഥവാ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന അഞ്ചാം ഓലയെ കുറിച്ചവര്‍ മൗനം പാലിച്ചു . 1758-ല്‍ ഇന്ത്യയില്‍ വന്ന് ,ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പഠനം നടത്തിയ ഏബ്രഹാം ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ എന്ന പ്രഞ്ച് പണ്ഡിതനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഗ്രന്ഥ കര്‍ത്താക്കള്‍ ഇങ്ങനെ എഴുതി: ”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഒരു പട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം (പെറോ ) കൊടുക്കുന്നുണ്ട്” .
എന്നാല്‍ ആ സാക്ഷിപട്ടിക അജ്ഞാതമായ കാരണത്താൽ തങ്ങളുടെ പഠനത്തിൽ പ്രസിദ്ധീകരിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ തയാറായില്ല .
ഗുണ്ടര്ട്ടു സായിപ്പിനാൽ ക്രിസ്ത്യൻ പട്ടയം എന്നും കോട്ടയം പട്ടയം എന്നും വിളിക്കപ്പെട്ടു വരുന്ന പ്രാചീന പട്ടയം(സി .ഈ 849 ) മേലിൽ “വെള്ളാള പട്ടയം” എന്നും “കുരക്കേണി കൊല്ലം പട്ടയം” എന്നും മേലിൽ അറിയപ്പെടും എന്ന ഭീതി തന്നെ കാരണം .
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് മലയാള ഭാഷയിൽ നാളിതു വരെ നടത്തിയ ഒരു പഠനത്തിലും യഥാർത്ഥ “വേള്‍നാടന്‍ “ (വേണാടന്‍ ,വെള്ളാള ) സാക്ഷിപട്ടിക വന്നിരുന്നില്ല . ഫ്രഞ്ചിലുള്ള സെയിന്‍റ് അവസ്റ്റ(Zend Avesta, പാരിസ് 1771) വായിച്ചെടുക്കാന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് അദ്ധ്യാപകന്‍ ആയ,കമ്പ്യൂട്ടര്‍ വിദഗ്ദന്‍ കോഴ സ്വദേശി ശ്രീരാഗ് വി പിള്ളയുടെ സഹായം തേടി.
അങ്ങനെ ഒളിച്ചു വയ്ക്കപ്പെട്ട പതിനേഴു വേണാടന്‍ അഥവാ വെള്ളാളരുടെ പേരുകൾ വരുന്ന യദാർത്ഥ സാക്ഷിപ്പട്ടിക , ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള സാക്ഷിപ്പട്ടിക, കയ്യില്‍ കിട്ടി. ഒരു കാര്യം ശ്രദ്ധിക്കുക. ഇന്നും കേരളസർക്കാർ മുദ്രയിൽ അയ്യൻ അടികൾ എന്ന വെള്ളാള വേണാട് രാജാവിന്റെ ആനമുദ്ര നില നിൽക്കുന്നു . എൻജിനീയർ ശ്രീരാഗിനോടു വെള്ളാള സമുദായം എക്കാലവും കടപ്പെട്ടിരിക്കും. 2015 നവംബറില്‍ കോട്ടയം സി. എം. എസ് കോളേജില്‍ ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍, പ്രശസ്ത ചരിത്ര പണ്ഡിതന്‍ എം. ജി.എസ് നാരായണന്‍ മുഖ്യ സംഘാടകന്‍ ആയ കോണ്ഫ്രന്‍സില്‍, “തരിസാപ്പള്ളി പട്ടയത്തിലെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക” എന്ന പ്രബന്ധം ഈ ഗ്രന്ഥകാരന്‍ പവര്‍ പോയിന്റ് സ്ലൈടുകളുടെ സഹായത്തോടെ അവതരിപ്പിച്ചു.അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ അടുത്ത് വര്‍ഷത്തെ കോണ്ഫ്രന്സില്‍ സാഹിത്യപ്രവര്‍ത്തക സംഘം പ്രകാശിപ്പിക്കും എന്നറിയിച്ചിരുന്നു.അതാണ് പതിവും .
പുസ്തകരൂപത്തില്‍ പ്രബന്ധങ്ങള്‍ മിക്കവയും അച്ചടിച്ചു വന്നു . എന്നാല്‍ എൻ്റെ തരിസാപ്പള്ളി പട്ടയ പ്രബന്ധം അജ്ഞാത കാരണത്താല്‍ അച്ചടി മഷി പുരണ്ടു കണ്ടില്ല.
മുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആയ എം ജി.എസ് നാരായണനെ വിവിധ കാരണങ്ങളാൽ മുഖം നോക്കാതെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതാവാം ഒരു കാരണം. ക്രിസ്ത്യൻ പട്ടയം മേലിൽ “വെള്ളാള പട്ടയം “അറിയപ്പെടും എന്നതാവാം മറ്റൊരു കാരണം .
എതായാലും പ്രബന്ധം അച്ചടിക്ക പ്പെടണം. പൊതുജനങ്ങള്‍ വായിക്കണം . സത്യം ചര്‍ച്ച ചെയ്യപ്പെടണം . അതിനായി വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽഫൗണ്ടേഷൻ തയാറാക്കുന്ന ചരിത്ര പുസ്തകം ആണ് “തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളർ” അഥവാ “വെള്ളാള കുല പഴമയും പെരുമയും” . അവതാരിക പ്രസിദ്ധ ചരിത്ര പണ്ഡിതൻ ഡോ .ശശിഭൂഷൺ എഴുതുന്നു പ്രസ്തുത പഠനം അടുത്ത ജനുവരിയിൽ പ്രകാശനം ചെയ്യപ്പെടും . കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കേരള ചരിത്രകാരന്മാര്‍ എല്ലാം തന്നെ വടക്കുള്ള, മലബാര്‍ സ്വദേശികള്‍ ആണെന്ന് കാണാം. അവരാരും വേണാട്ടിൽ അല്ലെങ്കിൽ പഴയ തിരുവിതാം കൂറിൽ ജനിച്ചവർ അല്ല അവര്‍ക്ക് “വെള്ളാളര്‍” എന്ന അതിപ്രാചീന ജനസമൂഹത്തെ കുറിച്ച് ഒന്നും അറിയില്ല .അതിനാല്‍ “ആരാണീ വെള്ളാളര്‍?” എന്ന പേരിൽ ഒരു സുദീര്‍ഘ ലേഖനം തിരുവനന്തപുരം മണക്കാട്ട് നിന്നിറങ്ങുന്ന കിളിപ്പാട്ട് മാസികയില്‍ രണ്ടുലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു . കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം, യൂറോ അഥവാ ക്രിസ്ത്യന്‍ കേന്ദ്രീ കൃതമെന്നത് മാറി വടക്കന്‍ കേരള കേന്ദ്രീകൃതമായാല്‍ മാത്രം പോരാ . അത് ആയ് വംശ ആനമുദ്ര കേന്ദ്രിതമായില്ലെങ്കില്‍, ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കപ്പെടും . വെള്ളാളനായ കേരളപെരുമാളിന്റെ ഭരണകാലത്ത് ഇടയകുലഅഥവാ യാദവ കുല ജാതനായ അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ്, വെള്ളാളനായ ഇളയരാജാവിനോടോപ്പം നല്‍കിയ,മാവേലിക്കരക്കാരൻ വെള്ളാള കുലജാതനായ സുന്ദരനാൽ വട്ടെഴുത്തിൽ വരയപ്പെട്ട , തരിസാപ്പള്ളി ശാസനത്തിന്‍റെ പഠനത്തില്‍ നമ്മുടെ ചരിത്രകാരന്മാർക്കു തെറ്റുപറ്റി .
ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി –പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,സഹ്യാദ്രി സാനുക്കളിലെ സംസ്കാരത്തെ വിലയിരുത്തുമ്പോൾ ചരിത്രകാരന്മാർ വെള്ളാളർ എന്ന ജനവിഭാഗത്തെ കണ്ടില്ല . നാല്‍പ്പതോളം “മങ്കൊമ്പില്‍” ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി –ഈരാറ്റു പേട്ട “പേട്ടകള്‍” ,”കാഞ്ഞിരപ്പള്ളി കച്ച” ,കാഞ്ഞിരപ്പള്ളിയിലെ കല്ലിൽകൊത്തിയ കവിത എന്നറിയപ്പെടുന്ന പ്രാചീന ഗണപതിയാർ കോവിലുകൾ ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്ര നടക്കല്ലിലെ മാവേലി ശാസനം ,ശബരിമല നായാട്ടുവിളി എന്നിവ പഠിക്കുമ്പോള്‍, കുളത്തൂപ്പുഴ ,അച്ചന്‍കോവില്‍,ആര്യങ്കാവ്,ശബരിമല ,നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട, പന്തളം ,എരുമേലി കൊച്ചമ്പലം ,വാവര്‍ പള്ളി ,എരുമേലി പേട്ട തുള്ളല്‍, കാഞ്ഞിരപ്പള്ളി ,പാലാ ,പൂഞ്ഞാര്‍ എന്നീ ദേശങ്ങളുടെ ചരിത്ര പഠനം നടക്കുമ്പോള്‍ കേരളചരിത്രകാരന്മാർ വെള്ളാള സംഭാവന തമ്സ്കരിക്കുന്നു .പാലാ എന്ന സ്ഥലനാമം പാലാത്തു ചെട്ടിയാർ എന്ന വർത്തക പ്രമാണിയിൽ നിന്ന് കിട്ടി .അവിടെ വെള്ളാളർ കൂടിയിരുന്നു പാടിയ സ്ഥലമാണ് വെള്ളാപ്പാട് .മീനച്ചിൽ ആറിനും പ്രദേശത്തിനും പേര് കിട്ടാൻ കാരണമായ മീനാക്ഷിയെ കൊണ്ടുവന്നത് മധുരയിൽ നിന്നും വന്ന വെള്ളാളർ .എരുമേലി കൊച്ചമ്പലം സ്ഥാപിച്ചതും വെള്ളാളർ . ആര്യങ്കാവിൽ വെള്ളാളൻ പൂജാരിയായി കറുപ്പസ്വാമി കോവിൽ ഇന്നും ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു .വെള്ളാവൂർ വെള്ളാൻറെ ഊര് ആണല്ലോ .
തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്, എം ജി.എസ്സും ശിഷ്യരും ചെയ്തപോലെ, പശ്ചിമേഷ്യന്‍ (West Asian Maritime) സമുദ്ര വ്യാപാരശ്രുംഘല യെ കുറിച്ച് അല്ല,മറിച്ചു പൂര്‍വ്വേഷ്യന്‍ (East Asian maritime ചൈനീസ് –മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപര ശ്രുംഘലയെ കുറിച്ച് ആയിരിക്കണം. കാരണം കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വെള്ളാള വര്‍ത്തകര്‍ എന്ന പായ്ക്കപ്പല്‍(പടവുകൾ ) യാത്രികര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ ധാരാളം ഉണ്ടായിരുന്നു എന്നത് മറയ്ക്കപ്പെട്ട ചരിത്രം .
തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ വെള്ളാള സാക്ഷിപ്പട്ടികയുടെ പ്രസിദ്ധീകരണം നമ്മെ അതിനു സഹായിക്കും .
വെള്ളാളര്‍ സമൂഹത്തിനു നല്‍കിയ സംഭാവന മനസ്സിലാക്കാന്‍ ചരിത്രം പുനർ നിർമ്മിക്കപ്പെടണം . ചെങ്ങന്നൂർ ദേശാധിപതി ആയിരുന്ന വിറമിണ്ട നായനാര്‍ , വെള്ളാള കുലജാതനായ ശബരിമല അയ്യപ്പന്‍ ,പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം തട്ടിക്കൊണ്ടുപോകാൻ ടിപ്പുവിനെ അനുവദിക്കാതെ ഓടിച്ചു വിട്ട വൈക്കം പത്മനാഭപിള്ള ,തെന്നിന്ത്യയിലെ ആദ്യ ശാസ്ത്രീയ ചരിത്രകാരൻ മനോന്മണീയം സുന്ദരന്‍ പിള്ള ,കേരളനവോത്ഥാനനായക കുലപതി ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ , നേതാജിയുടെ രാഷ്‌ടീയ ഗുരു “ജയ് ഹിന്ദ് “ചെമ്പകരാമന്‍ പിള്ള ,ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ,സർക്കാർ ജീവനക്കാർക്ക് “ ടൈ൦ സ്കെയിൽ” നൽകിയ, പി.എസ് നടരാജപിള്ള, മോറൽ സായിപ്പിനെ കുത്തിക്കൊന്ന കാളിയാര്‍പുലി പുതിയവീട്ടില്‍ ശങ്കരപ്പിള്ളഎന്ന നെൽക്കർഷകൻ , കേരള മുഖ്യ മന്ത്രി വരെ ആകേണ്ടിയിരുന്ന ആനിക്കാട് ഇളംപള്ളി കല്ലൂര്‍ രാമന്‍പിള്ള,കെ.ആർ ഗൗരി അമ്മയെ തെരഞ്ഞെടുപ്പിൽ കിടുകിടെ വിറപ്പിച്ച ,വയലാർ രവി ,ഏകെ ആന്റണി എന്നിവരുടെ രാഷ്‌ടീയ ഗുരു ചേർത്തല സുബ്രഹ്‍മണ്യം വക്കീൽ ,കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ആകേണ്ടിയിരുന്ന “എസ് .ആർ” എന്നറിയപ്പെട്ട പങ്ങപ്പാട്ടു വക്കീൽ എസ്. രാമനാഥപിള്ള എന്ന ശ്രീമൂലം പ്രജാസഭ മെമ്പർ (ശങ്കർ മോഹന്റെ മുത്തച്ഛൻ ), തുടങ്ങി മണ്മറഞ്ഞു പോയ നിരവധി പ്രഗല്‍ഭ വെള്ളാളരുടെ ജിവിത കഥകള്‍ കേരളീയർ അറിയണം. എൻ .എസ് കൃഷ്ണൻ ,എസ് പി പിള്ള ,നീലാപ്രോഡക്ഷൻസ് സുബ്രഹ്‍മണ്യം ആ മാധവൻ ,നീലപദ്മനാഭൻ ,ഏറ്റുമാനൂർ സോമദാസൻ ,ബാലസാഹിത്യ കാരൻ ഉല്ലല ബാബു ,സൂര്യ കൃഷ്ണ മൂർത്തി . എരുമേലി പരമേശ്വരൻ പിള്ള ,വെള്ളനാട് രാമചന്ദ്രൻ ,പാരിക്കാപ്പള്ളി കുടുംബചരിത്രകാരൻ ഡോ. നന്ത്യാട്ടു സോമൻ ,ഡോ .വി. സി. വേലായുധൻ പിള്ള മുതലായ വെള്ളാള പ്രതിഭകളെ ലോകം അറിയണം . ആദരിക്കണം .
നൂറു കൊല്ലം മുൻപ്, 1924 ൽ, ആണ് ദ്രാവിഡ വെള്ളാള സംസ്കൃതിയായ ഹാരപ്പൻ നാഗരികത യെ സർ. ജോൺ മാർഷൽ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് വഴി ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത് . സഖാവ് പി.ഗോവിന്ദപ്പിള്ള, ഇടുക്കിയിലെ അമ്മച്ചിക്കൊട്ടാരം വിലയ്ക്ക് വാങ്ങിയ പ്രമുഖ പ്ലാന്റർ മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ മുംബൈ സെന്റ് സ്റ്റീഫൻസ് കോളേജ് ചരിത്ര അദ്ധ്യാപകൻ റവ .ഫാദർ എച്ച് .ഹേരാസ് ആണ് മോഹൻജോദാരയിലെ നഗരവാസികൾ വെള്ളാളർ ആണെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പ്രബന്ധം നെറ്റിൽ കിട്ടും (വെള്ളാളാസ് ഓഫ് മോഹൻജൊദാരോ ).
കൃഷി ,അജപാലനം ,വ്യാപാരം ,കപ്പൽ യാത്ര ,അക്ഷരവിദ്യ ,കരകൗശല വിദ്യകൾ ,തുണി നെയ്ത്ത്, വസ്ത്ര നിർമ്മാണം ,കളിക്കോപ്പു നിർമ്മാണം ,പ്രതിമാനിർമ്മാണം ,എന്നിവ സംഘ കാല മരുതം (നീർനില ) വാസികൾ ആയ വെള്ളാളർ കൈവശമാക്കി സംസ്കാര സമ്പന്നർ ആയി . ഉയർന്ന പടിഞ്ഞാറു വശങ്ങളിൽ (മുകളിൽ ഉള്ള “മേക്ക്” )അവർ കോട്ടകൾ(സിറ്റാഡൽ ) കെട്ടി. ഭരണ,പൂജാരി വർഗ്ഗം അവിടെ താമസിച്ചപ്പോൾ, കീഴെയുള്ള കിഴക്കു (കീഴ് ദിക്കിൽ )ദിക്കുകളിൽ സാധാരണ ജനം പാർത്തു പോന്നു .
4 x 2 x 1 അളവുകളിലുള്ള ചുട്ട മണ് കട്ട കളാൽ വെള്ളാളർ ബഹുനില വീടുകൾ കെട്ടി സ്ഥിരതാമസമാക്കി . കക്കൂസും കുളിമുറിയും ഉള്ള വീടുകൾ കെട്ടിയ വെള്ളാളർ മൂടിയ ഓടകൾ ഉള്ള അതി സുന്ദര നഗരങ്ങൾ നിർമ്മിച്ച് “നകരത്താർ” എന്നറിയപ്പെട്ടു .ഉയർന്ന തറകൾ നിർമ്മിച്ച് അവർ വീടുകൾ കെട്ടി .കുടിവെള്ളത്തിന് അരഞ്ഞാൺ കിണറുകൾ നിർമ്മിച്ചു . വലിയ പത്തായവും നീന്തൽ കുളവും ഉള്ള നഗരങ്ങൾ എന്നിവ നിർമ്മിച്ചു .റോമുമായി കടൽമാർഗം കച്ചവടം നടത്തി അറബി നാണയങ്ങൾ സമ്പാദിച്ചു പൂഞ്ഞി യുള്ള കാളകളെ വളർത്തിയിരുന്നവർ ആ യിരുന്നു ഹാരപ്പ ,മോഹൻജൊദാരോ എന്നിവിടങ്ങളിലെ വെള്ളാളർ .സമാധാന കാംഷികൾ ആയ അവർ വാളോ പരിചയോ ഉണ്ടാക്കിയില്ല .എന്നാൽ ചതുരംഗകട്ടകളും കളിക്കോപ്പുകളൂം നിർമ്മിച്ച് .നൃത്തം ചെയ്തു . പരിശീലിപ്പിച്ചു (ഡാൻസിംഗ് ഗേൾ )
പിൽക്കാലം അവർ വൈഗ നദിക്കരയിലെ കീലടി എന്ന പ്രാചീന മധുരാപുരിയിലേക്കു കുടിയേറി .തിരുപ്പുറ കുന്ററ ത്തിനു നേരെ കിഴക്കാണ് കീലടി എന്നത് ശ്രദ്ധിക്കുക . വെള്ളാളർക്കു മരങ്ങളെ പോലെ വേരുകൾ ഇല്ല . കാലുകൾ ആണുള്ളത് .അതിനാൽ അവർ വീണ്ടും കേരളത്തിലേക്ക് ,സഹ്യാദ്രി സാനുക്കളിലേക്കു കുടിയേറി .ഉയർന്ന തറകളിൽ വീടുകൾ കെട്ടി . അവരിൽ നാട്ടുപേരിലും വീട്ടുപേരിലും അറിയപ്പെടുന്ന ധാരാളം വ്യക്തികൾ ഉണ്ടായി .ദ്രാവിഡ സമൂഹത്തിൽ ഇന്നും ആ രീതി നിലനിൽക്കുന്നു എന്ന് കണ്ടെത്തിയ നാമ ശാസ്ത്ര വിദഗ്ദൻ ആർ ബാലകൃഷ്ണൻ ഐ ഏ എസ് ജേർണി ഓഫ് ഏ സിവിലൈസേഷൻ-ഹാരപ്പ റ്റു വൈഗ എന്ന പഠനം വഴി .
വെള്ളാളർ നെല്ലും കുരുമുളകും മഞ്ഞളും എള്ളും വെറ്റിലയും കൃഷി ചെയ്തു .അവർ മകരമാസത്തിലെ മകം നെല്ലിൻറെ പിറന്നാൾ ആയി ആഘോഷിച്ചു .കല്യാണക്കുറികളുടെ നാല് മൂലയിലും മഞ്ഞൾ പുരട്ടുന്നതു വെള്ളാള രീതി ആയിരുന്നു .കല്യാണത്തിന് ബന്ധുക്കളെ വെറ്റില പാക്കും ചുരുളും (നാണയം) വച്ച് ക്ഷണിക്കുന്നതായിരുന്നു വെള്ളാള രീതി.
കണക്കിലും വസ്തു അളവിലും അസാമാന്യ സാമർഥ്യം പ്രകടിപ്പിച്ചവർ വെള്ളാളർ .കണക്കു സ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ .നമ്മുടെ പ്രിയ എം .എൽ .ഏ,ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പൈതൃകഗ്രാമ പദവി നേടിത്തന്ന “വെള്ളാവൂർ” എന്ന വെള്ളാള ഊർ കണക്കു പത്മനാഭ പിള്ളയ്ക്ക് രാജാവ് ദാനമായി നൽകിയ പ്രദേശം ആയിരുന്നു .
വെള്ളാളരുടെ അറിയപ്പെടാത്ത ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുക , വെള്ളാള യുവതലമുറയുടെ കലാസാഹിത്യ വാസനകൾ ,കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുക ,അവർക്കു വിദേശ ഭാഷകളിൽ ജ്ഞാനം നൽകുക ,വിദേശ ജോലികൾ നേടാൻ സഹായം നൽകുക , അവഗണിക്കപ്പെട്ട വെള്ളാള പ്രതിഭകൾക്കും ശ്രേഷ്ഠര്ക്കും അംഗീകാരം നേടി കൊടുക്കുക തുടങ്ങിയ ഉദ്ദേശങ്ങളോട് കൂടി സ്ഥാപിതമായ സംഘടന ആണ് വെള്ളാള ആർട്സ് ആൻഡ് കള്ച്ചറല് ഫൗണ്ടേഷൻ (VACF).സംഘടനയുടെ സ്ഥാപക രക്ഷാധികാരി ആയിരുന്നു നെടുമങ്ങാട് സ്വദേശിയായിരുന്ന മുൻമന്ത്രി കെ.ശങ്കരനാരായണ പിള്ള .അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വര്ഷം തോറും ഒരു പ്രമുഖ വെള്ളാളനു ഒരു ലക്ഷം രൂപയുടെ അവാർഡും ബഹുമതി പത്രവും നൽകി വരുകയാണ് .കഴിഞ്ഞവർഷം ലോകപ്രസിദ്ധ നൃത്യ ദൃശ്യകലാ സംഘാടകൻ സൂര്യ കൃഷ്ണമൂർത്തിക്കു കേരള ഗവർണർ അവാർഡു നൽകി . അഗ്നിബാധയാൽ ശബരിമല ക്ഷേത്രം നശിച്ചതിനെ തുടർന്ന് നടന്ന പുനഃപ്രതിഷ്ഠയ്ക്കായി വിഗ്രഹം നൽകിയ കമ്പം തേനിയിലെ പ്രമുഖ പി.ടി. ആർ കുടുംബത്തിനെ,മൂന്നുതലമുറകൾ ആയി തമിഴ് നാട്ടിൽ അധികാര കേന്ദ്രമായി തിളങ്ങുന്ന ശൈവ വെള്ളാള മുതലിയാർ കുടുംബത്തെ , കഴിഞ്ഞ വര്ഷം VACF ആദരിച്ചിരുന്നു .എരുമേലി ശബരിമല തീർത്ഥാടകർക്ക് സേവനം നൽകിയ വെള്ളാള ഡോക്ടർമാരെയും ആദരിച്ചിരുന്നു .
ഈ വര്ഷം ബാലസാഹിത്യ രംഗത്തെ പ്രമുഖനായ വൈക്കം കാരൻ ഉല്ലല ബാബുവിന് ഒരു ലക്ഷം രൂപായുടെ അവാർഡ് നൽകപ്പെടുന്ന സന്തോഷ വേള ആണിത് .
അടുത്തവർഷം മനോന്മണീയം സുന്ദരംപിള്ള മെമ്മോറിയൽ അവാർഡ് ലോകപ്രസിദ്ധ വെള്ളാള നോവലിസ്റ്റ് നീല പത്മനാഭൻ എന്ന നീലകണ്ഠപ്പിള്ള പത്‌മനാഭ പിള്ളയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു .അദ്ദേഹത്തിന്റെ തലമുറകൾ, തെക്കൻ തിരുവിതാംകൂറിലെ ഇരണിയൽ പ്രദേശത്തെ വെള്ളാളരുടെ കഥ പറയുന്ന, തലമുറകൾ, ലോകത്തിലെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു . അദ്ദേഹത്തിന്റെ “പള്ളികൊണ്ടപുരം” അനന്തപുരിയുടെ കഥയാണ് അതും ഏറെ പ്രസിദ്ധം .കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ .
ഹാരപ്പൻ വെള്ളാള സംസ്കൃതി കണ്ടെത്തിയതിന്റെ ശതാബ്ദി വര്ഷം - 2024- വിപുലമായ രീതിയിൽ ആഘോഷിക്കാൻ VACF ആഗ്രഹിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു .
ഡോ .എം. ജി .ശശിഭൂഷൺ അവതാരിക എഴുതുന്ന “വെള്ളാളപ്പഴമയും പെരുമയും” എന്ന പഠനത്തിന്റെ പ്രകാശനം എല്ലാ ജില്ലകളിലും നടത്തപ്പെടും.
വെള്ളാള പ്രശ്നോത്തരി മത്സരം(ആയിരം ചോദ്യങ്ങൾ ) , പ്രസംഗ മത്സരം ,ഉപന്യാസ മത്സരം , ചിത്ര രചനാ മത്സരം , കവിതാ മത്സരം എന്നിവ ഗ്രാമ- ജില്ലാ -സംസ്ഥാന തലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നു. വെള്ളാള കുടുംബചരിത്രങ്ങൾ, പ്രമുഖ വെള്ളാളരുടെ ജീവചരിത്രങ്ങൾ എന്നിവ എഴുതിക്കാനും ഉദ്ദേശിക്കുന്നു .വെള്ളാള സംസ്കൃതി മനസിലാക്കാൻ മധുരയ്ക്ക് സമീപമുള്ള കീഴടി (കീലടി) മ്യൂസിയത്തിലേക്കുള്ള പഠന യാത്രകളും സംഘടിപ്പിക്കപ്പെടും . സഘടനയ്ക്കു മൂന്നു രക്ഷാധികാരികൾ ആണുള്ളത് . ആഗോളപ്രസിദ്ധനായ പങ്ങപ്പാട്ടു ശങ്കർ മോഹൻ .നാലുതലമുറകൾ ആയി മലയാള സിനിമാ രംഗത്തു സംഭാവന നൽകിയ കുടുംബം ആണ്.1952 ൽ തിരമാല എന്ന ചലച്ചിത്രം നിർമ്മിച്ച കുടുംബം . കാഞ്ഞിരപ്പള്ളിയിലെ പങ്ങപ്പാട്ടു കുടുംബം .മൂന്നു തലമുറകളിലും ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് വാങ്ങിയവർ .മദിരാശിയിൽ നിന്നും മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ടു വളർത്തിയെടുത്ത കാഞ്ഞിരപ്പള്ളിക്കാരൻ പി.ആർ എസ് പിള്ള അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ വെള്ളാളൻ തെറ്റായ ധാരണയാൽ ശങ്കർ മോഹൻ ക്രൂശിക്കപ്പെട്ടപ്പോൾ ജന്മ നാട് അദ്ദേഹത്തിന്റെ കൂടെ നിന്നില്ല എന്ന സത്യം അവശേഷിക്കുന്നു .
ശങ്കർ മോഹന്റെ മാതാവും ശ്രദ്ധേയ മായ സംഭാവന നൽകിയ മഹിള.ബുദ്ധിമാന്യമുള്ള കുട്ടികൾക്ക് വേണ്ടി ബാലവികാസ് കേന്ദ്രം എന്ന സ്ഥാപനം തുടങ്ങിയ നമ്മുടെ നാട്ടുകാരി . ബിസിനസ് രംഗത്ത് ശ്രദ്ധേയനായ ഭരതൻ കരുണാകരൻ പിള്ള ആണ് രണ്ടാമത്തെ രക്ഷാധികാരി .മെഡിക്കൽ ജേർണലിസം മലയാളത്തിൽ പ്രചരിപ്പിക്കാൻ ചിലതെല്ലാം ചെയ്യാൻ കഴിഞ്ഞ ,ഇപ്പോൾ പ്രാദേശിക ചരിത്രത്തിൽ ചില കണ്ടെത്തലുകൾ നടത്തുന്ന എനിക്കും ഈ സംഘടനയിൽ രക്ഷാധികാരി സ്ഥാനം സംഘടന നൽകി എന്നതിൽ അഭിമാനം ഉണ്ട് .സന്തോഷം ഉണ്ട് .അങ്ങിനെ ഞങ്ങൾ മൂന്നുപേർ ശങ്കരനാരായണപിള്ള എന്ന ഒറ്റയാന്റെ മൂന്നു പിൻഗാമികളായി വെള്ളാള സമൂഹത്തെ സേവിക്കുന്നു . വെള്ളാള ജനത ഞങ്ങൾക്ക് മാർഗ്ഗ നിര്ദദ്ദേശവും സഹായവും നൽകി വരുന്നു .
ഹാരപ്പൻ വെള്ളാള സംസ്കൃതി കണ്ടെത്തിയതിന്റെ ശത വാർഷിക ആഘോഷ ഭാഗമായി 2024 ഡിസംബറിൽ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയിൽ ആഗോള വെള്ളാള സമ്മേളനം (വെള്ളാള വേൾഡ് മീറ്റ് ) സംഘടിപ്പിക്കാനും VACF ആലോചിച്ചു വരുന്നു . എല്ലാവരുടെയും സഹായം സാദരം ക്ഷണിക്കുന്നു .
Comments
Post a Comment