CE 2024
ഹാരപ്പൻ വെള്ളാള നാഗരികതയുടെ കണ്ടെത്തലിന്റെ നൂറാം വർഷം
9447035416
സിന്ധു നദീതട സംസ്കൃതി അനാവരണം ചെയ്തുകൊണ്ടുള്ള ഇന്ത്യൻ ആർക്കിയോളജി വകുപ്പ് മേധാവി സർ ജോണ് മാര്ഷലിന്റെ ആദ്യ ശാസ്ത്രീയ ലേഖനം, ഇല്ലസ്‌റ്റേറ്റഡ് ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരുന്നത്, 1924 സെപ്തം ബറിൽ. വേദ കാല സംസ്കൃതിയാണ് ഏറ്റവും പ്രാചീനമായ ഭാരതീയ സംസ്കൃതി എന്ന അതുവരെയുള്ള ധാരണ തെറ്റ് എന്ന് അതോടെ ബോധ്യമായി .
മോഹൻജൊദാരോ, ലോതൽ തുടങ്ങി മറ്റു പല പ്രദേശങ്ങളിലും അത്തരം നാഗരികത പിൽക്കാല ഉല്ഖനനങ്ങൾ വഴി കണ്ടെത്തി . എന്നാൽ ആദ്യം കണ്ടെത്തിയ “ഹാരപ്പ” യുടെ പേരിൽ ആണ് സിന്ധുഗംഗാതട അറിയപ്പെടുന്നത് .
സ്പാനീഷ് ജസ്യൂട്ട് പുരോഹിതനും പുരാവസ്തു ഗവേഷകനും മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര പ്രൊഫസറുമായ റവ .ഫാദർ എച്ച് .ഹേരാസ് ഹാരപ്പൻ നാഗരികത “വെള്ളാള നാഗരികത ആണ് എന്ന് കണ്ടെത്തുന്നത് 1938 ൽ . കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന “ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി” (വാ ല്യം XIV, പുറം 245 -255) എന്ന ജേർണലിൽ എഴുതിയ “വെള്ളാളാസ് ഇൻ മോഹൻജൊദാരോ” എന്ന ലേഖനം വായിക്കുക . “വേൽ” (ശൂലം ) ധാരിയായ വേലായുധനെ ,മാമലമുകളിൽ വാഴും മുരുകനെ, ആരാധിക്കുന്നവർ എന്ന അർത്ഥമാണ് ഹേരാസ് വെള്ളാളർ എന്ന വാക്കിനു നൽകിയത് .
“വേളായ്മ” (കൃഷി) ചെയ്യുന്നവർ , “വേൾ” എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കളുടെ ആളർ (അനുയായികൾ), ദാനശീലർ , വയലിൻറെ അധിപർ , വെള്ളത്തിന്റെ അധിപർ എന്നിങ്ങനെ വെള്ളാള ശബ്ദത്തിനു മറ്റു പല അർത്ഥകല്പനകളും നൽകുന്നതായി കാണാം .
മഴ വെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവർ “കാരാളർ” . ജലസ്രോതസ്സ് കളിലെ വെള്ളം കൊണ്ട് കൃഷിചെയ്യുന്ന മണ്ണിന്റെ മക്കൾ l ,തടയണയും ചാലുകളും അണകളും നിർമ്മിച്ച് വയലേലകളിൽ കൃഷി ചെയ്തിരുന്ന “ഉഴവർ “ ആണത്രേ വെള്ളാളർ .
”വെള്ളാളർ പോകുന്നിടവും വെള്ളാട് പോകുന്നിടവും വെളുക്കും” എന്നൊരു പഴഞ്ചൊൽ ഉണ്ട് .
“മോഹൻജൊദാരോ ആൻഡ് ഇൻഡസ് സിവിലൈസേഷൻ”(1931 ) എന്ന ഗ്രന്ഥത്തിൽ സർ ജോൺ മാർഷൽ “വെള്ളാള” എന്ന പദത്തിന്റെ ഉൽപ്പത്തി വിശദമാക്കുന്നു ണ്ട് . വേളാൽ =ത്രിശൂലം .വേലൻ = മുരുകൻ ,വേലായുധൻ ( ഡോ .ടി .പഴനിയുടെ പി.എച്ച് .ഡി തീസിസ് , ”സോഷ്യൽ ചേഞ്ചസ് എമംഗ് വെള്ളാളാസ് ഓഫ് നാഞ്ചിൽ നാട്”, പെൻ ബുക്സ് 2003. പുറം 28 കാണുക ).
സിന്ധു ഗംഗാ തട നാഗരികത ദ്രാവിഡ നാഗരികത ആണോ അവരാണോ തമിഴ് ഭാഷ സൃഷ്ടിച്ചത് എന്നുള്ള ചോദ്യം നിരവധി പേര് ഉയർത്തിയിരുന്നു.
അതിനെല്ലാം വ്യക്തമായ മറുപടി നൽകുന്നു ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന ,രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന, ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ മുഴുവൻ (12 ലക്ഷം ) സ്ഥലനാമങ്ങളും വ്യക്തി നാമങ്ങളും ശാസ്ത്രീയ പഠന (“ഓണോമാസ്റ്റിക്സ്”) വിധേയമാക്കിയ, കോയമ്പത്തൂർ സ്വദേശി, ആർ ബാലകൃഷ്ണൻ ഐ. എ. എസ്, എന്ന തമിഴ് കവിയും സംഘകാല കൃതി പണ്ഡിതനും .
2019 ൽ,ചെന്നൈയിലെ റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ - ഹാരപ്പ റ്റു വൈക” എന്ന ഗവേഷണ പ്രബന്ധം വഴി ആണ് അദ്ദേഹം ആ നേട്ടം കൈവരിച്ചത് .
ബി.സി. സി 1500 - 600 കാലഘട്ടത്തിൽ രചിക്കപ്പെട്ട വേദങ്ങൾ ബി.സി. സി കാലഘട്ടത്തിൽ രചിക്കപ്പെട്ട ഭാരത -രാമായണ ഇതിഹാസങ്ങൾ എന്നിവയിൽ ഹാരപ്പൻ സംസ്കൃതി ,വെള്ളാളർ എന്നിവയെ കുറിച്ച് പരാമർശമില്ല .
ഹാരപ്പൻ സംസ്കൃതി എങ്ങനെ അപ്രത്യക്ഷമായി എന്നതിനെ കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട് . ആര്യൻ കുടിയേറ്റം ,ആര്യൻ അധിനിവേശം , കാലാവസ്ഥാ വ്യതിയാനം .സുനാമി ,കാർഷിക കച്ചവട പരാജയങ്ങൾ എന്നിവയിൽ ഒന്നോ പലതോ ആവാം കാരണം .
ബി .സി.സി 1400 നുശേഷം, ഹാരപ്പൻ ജനത മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുകയോ ആര്യൻ സംസ്കാരവുമായി ചേർന്ന് ഒന്നിച്ചുപോകയോ ചെയ്തിരിക്കാം .രണ്ടും സംഭവിച്ചിരിക്കാം .
“ഓണോമാസ്റ്റിക്സ്” എന്ന നാമശാത്രപഠനം, ജനസമൂഹത്തിന്റെ കൂട്ടായ ഓർമ്മ , സംഘ സാഹിത്യ കൃതികളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ , പുരാതന രേഖകൾ ,പാരമ്പര്യ വിശ്വാസങ്ങൾ ,ആസ്കോ പാർപ്പോള ,ഐരാവതം മഹാദേവൻ എന്നിവർ തമിഴ് -സംസ്കൃത ദ്വി ഭാഷാ വായന വഴി കണ്ടെത്തിയ അനുമാനങ്ങൾ , സിന്ധുതടത്തിലെ ദ്രാവിഡ ബഹൂയി ഭാഷാ സാന്നിദ്ധ്യം എന്നിവ ഉപയോഗപ്പെടുത്തി ആർ. ബാലകൃഷ്ണൻ അടുത്ത കാലത്ത് (2015 മുതൽ ) വൈഗ നദിക്കരയിലെ “കീഴടി’യിൽ കണ്ടെത്തിയ പ്രാചീന സംസ്കൃതി ഹാരപ്പൻ (വെള്ളാള) സംസ്കൃതിയുടെ തുടർച്ച ആണെന്ന് സ്ഥാപിക്കുന്നു .
സ്വാതന്ത്ര്യം കിട്ടിയശേഷം ഇന്ത്യൻ ആർക്കിയോളജി വകുപ്പ് ഉൽഘനന ങ്ങൾ വഴി ഹാരപ്പൻ സംസ്കൃതിയുടെ കിഴക്കോട്ടുള്ള വ്യാപ്തി കണ്ടെത്തിയിരുന്നു .എന്നാൽ തെക്കൻ അതിർത്തി ഡക്കാൻ പീഠ ഭൂമിയിലെ പ്രവാരനദീതടത്തിലെ, മഹാരാഷ്ട സംസ്ഥാനത്തെ അഹമ്മദ് നഗർ ജില്ലയിലെ ഗോദാവരി നദീയുടെ പോഷക നദിക്കരയിലെ , ഡൈമബാദ് വരെ മാത്രം എന്നാണ് 1958 കാലത്ത് കണ്ടെത്തിയിരുന്നത് . അതിനും തെക്കോട്ട് ഹാരപ്പൻ നാഗരികത വ്യാപിച്ചിരുന്നോ എന്നാരും അന്വേഷിച്ചില്ല . ഉൽഘനന പഠനങ്ങൾ നടത്തേണ്ടത് തെക്കേഇന്ത്യയിലെ നദീതടങ്ങളിൽ ആവണം എന്ന തിരുവിതാം കൂർ ആർക്കിയോളജി വിഭാഗം സ്ഥാപക മേധാവി മനോന്മണീയം സുന്ദരൻ പിള്ളയുടെ (1855 -1897 ) 1880 കളിലെ ആവശ്യം ആരും കേട്ടില്ല.1939 ൽ ആർക്കിയോളജി വിഭാഗം മേധാവി ,മലയാളി ബന്ധമുള്ള കെ.എൻ ദീക്ഷിത് വൈഗ താമ്ര പർണ്ണി നദീതടങ്ങളിൽ ഉല്ഖനനം നടത്തണം എന്നാവശ്യപ്പെട്ടതും ബധിര കർണ്ണങ്ങളിൽ മാത്രം പതിച്ചു .
1400 മൈല് അകലെയുള്ള വൈഗാനദിക്കരയിൽ 1300 വര്ഷങ്ങള്ക്കു ശേഷം ഹാരപ്പൻ നാഗരികതയുടെ തുടർച്ച എങ്ങനെ എത്തി എന്ന് ചോദ്യത്തിനുത്തരം ആർ ബാലകൃഷ്ണൻ കണ്ടെത്തി .
1920 കളിൽ തന്നെ ഹാരപ്പൻ സംസ്കൃതി ദ്രാവിഡ സംസ്കൃതി ആണ് എന്ന് സുനീതി കുമാർ ചാറ്റർജി വാദിച്ചിരുന്നു. ദ്രവീഡിയൻ ഒറിജിൻ ആൻഡ് ബിഗിനിംഗ് ഓഫ് ഇന്ടസ് വാലി സിവിലൈസേഷൻ ,മോഡേൺ റിവ്യൂ കൽക്കട്ട 29 ഡിസംബർ 1924 പുറം 66 -79 കാണുക . അഫ്‌ഗാനിസ്ഥാനിൽ ഓക്സസ് നദിക്കരയിൽ ഷോർട്‌ഗൈ പ്രദേശത്തു “ബഹൂയി”എന്ന ദ്രാവിഡ ഭാഷആണ് പ്രചാരത്തിൽ എന്ന കണ്ടെത്തൽ ഗവേഷകരെ ഏറെ സഹായിച്ചു . മെസപ്പൊട്ടോമിയയിൽ പോയി വ്യാപാരം നടത്തിയ വെള്ളാള വ്യാപാര സമൂഹം ലോതൽ തുറമുഖം വഴി നാവിക മാർഗ്ഗത്തിലൂടെ തെന്നിന്ത്യയിൽ എത്തി ആവണം തേക്കും മുത്തും വാങ്ങി കൊള്ളക്കൊടുക്കകൾ നടത്തിയിരുന്നത് .
ഹാരപ്പൻ നാഗരികതയുടെ പ്രത്യേകതകൾ ഏവയെന്നു നോക്കാം . നാഗരാസൂത്രണം ആധുനിക കാലത്തെ അനുസ്മരിപ്പിക്കുന്നു .മൂടിയ അഴുക്കു ചാലുകൾ ,സ്നാനഘട്ടം അടുത്ത് കുളിമുറികൾ ,നാവിക കച്ചവടം ,മാതൃദേവത സാന്നിധ്യം ,വൃക്ഷ പൂജ (അവിട്ടം നാളുകാരുടെ വഹ്നി മരം ) മത രഹിത സമൂഹം ,പോരിനുള്ള ആയുധങ്ങളുടെ അഭാവം ,ചുടുകട്ട കെട്ടിയ വീട് ,മതിൽ നിർമ്മാണം ,കലം ,കളിമൺ കളിപ്പാട്ടങ്ങൾ .മുദ്രകൾ ,ചെമപ്പ് നിറത്തോടുള്ള പ്രണയം ,എഴുത്ത് കോലുകൾ ,തൂക്കക്കട്ടകൾ ,കരകൗശല വസ്തുക്കൾ ,സ്വർണ്ണാഭരണം .നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമ ,രാജാവ് അഥവാ പൂജാരിയുടെ പ്രതിമ , ഉയർന്ന പടിഞ്ഞാറു ഭാഗത്തു (മേക്ക്= മേൽ ദിക്ക് ) അധികാരികൾക്ക് താമസിക്കാനുള്ള കോട്ട(സിറ്റാഡൽ ) കെട്ടിയ വിസ്തൃതി കുറഞ്ഞ സ്ഥലം താഴെ ,കീഴെ (കിഴക്കു=കീഴ് ദിക്ക് ) സാധാരണക്കാർക്ക് താമസിക്കാൻ വിസ്തൃതമായ നഗരം.
വെള്ളാളർ എക്കാലത്തും കുടിയേറ്റക്കാർ ആയിരുന്നു . മനുഷ്യൻ മരമല്ല .അവനു വേരുകൾ ഇല്ല .പക്ഷെ കാലുകൾ ഉണ്ട് . അതിനാൽ നടന്നു കൊണ്ടേ ഇരിക്കും എന്നത് വെള്ളാളരെ സംബന്ധിച്ച് എത്രയോ ശരി .
Comments
Post a Comment