കാനം ഓർമ്മകളിൽ

ഡോ കാനം ശങ്കരപ്പിള്ള

9447035416

വെള്ളി 21 ജൂലായ് 2023

രാവിലെ ഏഴരയ്ക്ക് തന്നെ വിളിച്ചുകൊണ്ടുവരാൻ കാർ എത്തും . തലേ ദിവസം വെകുന്നേരവും സേബാ ജോയി വിളിച്ചു പറഞ്ഞിരുന്നു . സേബയെ നേരിൽ പരിചയം ഉണ്ടായിരുന്നില്ല .കാനം ഈ ജെ തൻ്റെ അപ്പാച്ചിയാണ് അമ്മ പി.ഐ ശോശാമ്മ ഡോക്ടറുടെ ഗുരുനാഥയാണെന്നറിയാമല്ലോ എന്നെല്ലാം പറഞ്ഞാണ് സേബ സംസാരം തുടങ്ങിയത് .

നീലകണ്ഠനിലയത്തിൽ നിന്നും കെ.വി .എം എസ് റോഡിലൂടെ പുനലൂർ റോഡിലേക്ക് കാർ പായുമ്പോൾ ഒരു കാലത്ത് കെ.വി .എം.എസ് മെഡിക്കൽ മിഷൻ എന്നറിയപ്പെട്ട ആതുരാലയത്തിന്റെ ചരിത്രം മനസ്സിൽ തെളിഞ്ഞു .കുറച്ചു നാൾ അവിടെ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റും ആയിരുന്നു .സ്ഥാപകന്റെ ഓർമ്മയ്ക്കായി പി.എൻ പി മെമ്മോറിയൽ കെ.വി എം എസ് എന്നായിരുന്നു കുറേക്കാലം ആതുരാലയനാമം . പിൽക്കാലം പി.എൻ .പി മെമ്മോറിയൽ അരവിന്ദ ഹോസ്പിറ്റൽ ആയി . ഇപ്പോൾ വെറും അരവിന്ദ് .സ്ഥാപകൻ വിസ്മരിക്കപ്പെട്ടു .അദ്ദേഹം മുൻകൈ എടുത്ത് നിർമ്മിച്ച ഏതാനും കിണറുകളും ഒരു റോഡും മാത്രം ഉണ്ട് കമലാലയം കുട്ടൻ പിള്ള എന്നും അറിയപ്പെട്ടപരിയാരത്ത് നാരായണ പിള്ളയുടെ പേര് നിലനിർത്താൻ .ശാന്തയുടെ അമ്മയുടെ അമ്മാവൻ ആയിരുന്നു സ്വന്തം പരിശ്രമത്താൽ കമലബസാർ എന്ന മലനാട്ടിലെ ആദ്യ വ്യാപാര സമുച്ചയവും മാർക്കറ്റും സ്ഥാപിച്ച പി. എൻ .പിള്ള .വാഴൂരിലെ എൻ എസ് എസ് കോളേജ് ഇരിക്കുന്ന കുതിരവട്ടം കുന്നും ഒരു കാലത്ത് അദ്ദേഹത്തിന്റെ പേരിൽ ആയിരുന്നു അത്രേ . അവിടെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചട്ടമ്പി സ്വാമികളുടെ പേരിൽ അറിയപ്പെടുന്നു .

കെ.വി എം എസ് ഹോസ്പിറ്റൽ പുറത്തിറക്കിയിരുന്ന ആരോഗ്യമാസികയുടെ എഡിറ്റർ കാനം കാരനായ പങ്ങപ്പാട് രഘു (നാഥപിള്ള ) ആയിരുന്നു .എഴുത്തുകാരൻ സഖറിയയുടെ സഹപാഠി .കാനത്തിലെ ആദ്യ എം ബി ബി എസ് ബിരുദധാരി ഓമനക്കുട്ടൻ എന്ന് വിളിക്കപ്പെട്ട രഘുവിന്റെ സഹോദരി സതി (ഡോക്ടർ മീനാക്ഷി 'അമ്മ ) ആണ് .വെല്ലൂരിൽ നിന്നും ഉപരിപഠനം നടത്തിയ കുട്ടികളുടെ ഡോക്ടർ .ഇപ്പോൾ നവതിയിൽ എത്താറായിക്കാണും .പേരൂർക്കടയിൽ താമസം .

പുനലൂർ റോഡിൽ ചാപ്പമറ്റം തറവാട്ടിന് മുന്നിലൂടെ കാർ പോകുമ്പോൾ നവതിയിൽ എത്തിയിട്ടും ആതുര സേവനം നടത്തി പോന്ന ശ്രീഹരി ക്ലിനിക് ഉടമ ഡോക്ടർ സി.പി എസ് പിള്ള ഓർമ്മയിൽ വന്നു .അദ്ദേഹത്തിന്റെ പേരക്കുട്ടി ,എന്റെയും പേരക്കുട്ടി ഓക്‌സ്‌ഫെഡിൽ നിന്നും വൈദ്യ ബിരുദം നേടി മൂന്നാം തലമുറയിലെ ഡോക്ടർ ആയി കേംബ്രിഡ്ജിൽ പരിശീലനം നേടുന്നു .കാനം എന്ന കുഗ്രാമത്തിനും അഭിമാനിക്കാം .

ചിറക്കടവ് ശങ്കരനാരായണ ക്ഷേത്ര കവാടത്തിൽ എത്തിയപ്പോൾ കാർ നിർത്തിച്ചു വഞ്ചിയിൽ കാണിക്ക ഇട്ടു തൊഴുത ശേഷം യാത്ര തുടർന്ന് .എസ് ആർ വി സ്‌കൂൾ അടുത്തപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന കസിൻ കാനം കളപ്പുരയിടത്തിലെ വാസുദേവൻ പിള്ള എന്ന മുതിർന്ന അധ്യാപകനെ ഓർമ്മിച്ചു .ഒരു കാലത്ത് അദ്ദേഹം ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്നു /അദ്ദേഹത്തെ സഹായിക്കാന വാഴൂർ പ്രദേശത്തിന്റെ എത്രയോ മാപ്പുകൾ വരച്ചു കൊടുത്തിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലത്ത് .ഭാവിയിൽ ഹെൽത്ത് സർവീസിൽ കയറി ഡപ്യൂട്ടി ഡയറക്ട്ർ പദവിയിൽ എത്തും എന്നൊന്നും അന്ന് കരുതിയില്ല .ഹോമിയോ പഠനം നടത്തിയിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ രാജപ്പൻ പിള്ളയുടെ കയ്യിൽ ഉണ്ടായിരുന്ന കണ്ണിംഗ്ഹാം എന്ന അനാട്ടമി പുസ്തകത്തിൽ നിന്നാണ് ആദ്യമായി ശരീരഭാഗങ്ങൾ വിശദമായി കാണുന്നത് .

ചാമം പതാലിൽ എത്തിയപ്പോൾ കുതിരവട്ടം ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഗുരുനാഥൻ മങ്ങാട്ട് തങ്കപ്പൻ (ഗോപാല കൃഷ്ണൻ )നായർ സാർ ഓർമ്മയിൽ വന്നു .അതിസുന്ദര കയ്യക്ഷരം, ഒപ്പ് എന്നിവയുടെ ഉടമ .സാർ ഒപ്പിട്ടു തന്ന അരഡസൻ പുസ്തകങ്ങൾ ,വിവിധ സാഹിത്യ മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയതിനുള്ളവ, ഇന്നും കൈവശം ഉണ്ട് .

മങ്ങാട്ട് ഗോവിന്ദപ്പിള്ള എന്ന പ്രമാണിയുടെ വളർത്തു മക്കളായിരുന്നു തങ്കപ്പനും ഇളയ സഹോദരൻ രാമന്കുട്ടിയും .ഇളയ സഹോദരൻ കൃഷ്ണപിള്ളയുടെ മക്കൾ .വളർത്തച്ഛൻ മങ്ങാട്ട് ഗോവിന്ദപ്പിള്ളയുടെ സ്മരണ നിലനിർത്താൻ തങ്കപ്പൻ സാർ ഒരു ഹൈസ്‌കൂൾ തുടങ്ങാൻ സർക്കാരിൽ നിന്നും അനുമതി വാങ്ങി .എന്നാൽ ആ അനുമതി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആവശ്യപ്രകാരം വാഴൂരിലെ നാല് കരയോഗങ്ങളുടെ കൂട്ടായ്മയ്ക്ക് നൽകി .അങ്ങനെയാണ് മങ്ങാട്ട് ഗോവിന്ദപ്പിള്ളയുടെ പേരിൽ സ്ഥാപിതമാകേണ്ടിയിരുന്ന വാഴൂർ കുതിരവട്ടം കുന്നിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഴൂർ കണ്ടിട്ടില്ലാത്ത വാഴൂരിൽ പോലും വന്നിട്ടില്ലാത്ത ചട്ടമ്പി സ്വാമികളുടെ പേരിൽ അറിയപ്പെടുന്നത് .

കമലാലയം പി.എൻ .പിള്ളയും മങ്ങാട്ട് ഗോവിന്ദപ്പിള്ളയും വിസ്മരിക്കപ്പെട്ടു .

ചാമംപതാൽ കടന്നു കാനത്തിലേക്കുള്ള തണ്ണിപ്പാറ കയറ്റം കയറുമ്പോൾ സഖാവ് കാനംരാമകൃഷ്ണൻ നായരെ ,വട്ടംമാക്കൽ തങ്കപ്പൻ നായരെ ഓർമ്മിച്ചു .കൊടുങ്ങൂരിലെ പ്രഭാത് പാരലൽ കോളേജ് ,ടൈപ്പിംഗ് ഇൻസ്റ്റിറ്റിയൂട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു .

മുന്നോട്ടു പോയപ്പോൾ കാനം സി.എം എസ് മിഡിൽസ്‌കൂളിലെ സഹപാഠികൾ ബ്ലസ്സന്എബ്രഹാം ,(സി.എം. എസ് മിഡിൽസ്‌കൂളിൽ ഹെഡ്മാസ്റ്റർ എം ഐ എബ്രാഹാമിന്റെ പുത്രൻ ) കണ്ണനാനി വീട്ടിൽ മോഹനൻ നായർ (അദ്ദേഹം കുറെ നാൾ കോട്ടയം മെഡിക്കൽ കോളേജ് ലൈബ്രറിയനും ആയിരുന്നു .

മുന്നോട്ടു പോയപ്പോൾ പഠിക്കമണ്ണിൽ ഡോക്ടർ പി.വി ജോർജിന്റെ സഹോദരൻ താമസിക്കുന്ന വീട് ദൃശ്യമായി .കാനത്തിൽ നിന്നും രണ്ടാമതായി ഡോക്ടർ ആയതു വാഴൂരാൻ എന്നറിയപ്പെട്ട പഠിക്കാമണ്ണിൽ വറുഗീസ് ജോർജ് .വാഴൂർ കുതിരവട്ടം സ്‌കൂളിൽ ആദ്യ ബാച്ചിൽ പഠിച്ചു പിൽക്കാലം ഡോക്ടർ ആയ ഈ എൻ ടി സർജൻ .കോട്ടയം ജില്ലാ കം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1970 -1972 കാലഘട്ടത്തിൽ സഹപ്രവർത്തകർ ആയിരുന്നു .തലശ്ശേരിയിൽ വച്ച് റോഡപകടത്തിൽ അകാലത്തിൽ അന്തരിച്ചു .

പായ്ക്കാട് ബംഗ്ളാവിൽ കുഞ്ഞൂട്ടി മാപ്പിള എന്ന ആദ്യകാല കങ്ങഴ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊച്ചുമകളും കോട്ടയം മെഡിക്കൽ കോളേജിൽ ജൂനിയറും ആയിരുന്ന ഡോക്ടർ ഗ്രേസി തോമസും വാഹന അപകടത്തെ തുടർന്ന് അകാലത്തിൽ മരണമടഞ്ഞ കാനത്തിൽ ജനിച്ച മറ്റൊരു ഡോക്ടർ .

കാനം ഈ ജെ സാറിന്റെ വീട്ടു വാതിക്കൽ തന്നെ മറ്റൊരു സഹപാഠിയുടെ വീടുണ്ട് . തിരുവനന്ത പുരം മെഡിക്കൽ കോളേജിൽ 1962 കാലം സഹപാഠി ആയിരുന്ന ഡോക്ടർ എബ്രാഹം സി കുരുവിള .അമേരിക്കയിൽ കുട്ടികളുടെ ഡോക്ടർ ആയി തിളങ്ങി .അദ്ദേഹവും അന്തരിച്ചു .അദ്ദേഹത്തിന്റെ പിതാവ് സായിപ്പിന്റെ എസ്‌റ്റേറ് ഡോക്ടർ ആയിരുന്നു . ഇലവുങ്കൽ വീട്ടിലേക്കുള്ള യാത്ര എത്ര എത്ര ആൾക്കാരുടെ സ്മരണ ആണ് കുറഞ്ഞ സമയം കൊണ്ട് ഉണർത്തിയത് .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ചിറക്കടവ് ചരിത്രം:

തമ്സ്കരിക്കപ്പെട്ടവർ, എന്നാൽ ഓർമ്മിക്കപ്പെടേണ്ടവർ