ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള

ഡോ .കാനം ശങ്കരപ്പിള്ള

9447035416

കേരളത്തിലെ വെള്ളാളർക്കിടയിൽ തങ്ങൾ ആരാണെന്നുള്ള അവബോധം ഉളവാക്കാൻ ഏറെ പരിശ്രമിച്ച സമുദായ സ്നേഹിയായിരുന്നു ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള എന്ന മധ്യ തിരുവിതാകൂർ കാരൻ മലയാളി .അദ്ദേഹത്തിന് മുൻപോ പിന്പോ അദ്ദേഹത്തിന് സമശീര്ഷനായ ഒരു മലയാളി വെള്ളാളൻ ജനിച്ചിട്ടില്ല .

1915 ൽ (കൊല്ലവർഷം 1190 ധനു 15 ) അദ്ദേഹം പരമാർത്ഥ സാധിനി എന്ന പേരിൽ വെള്ളാളർക്കു വേണ്ടി ഒരു സംഘടനയും സ്ഥാപിച്ചു .(ആക്ലേത്ത് ചെല്ലപ്പൻ പിള്ള ,കെ.വി എം എസ് യൂത്ത് ലീഗ് സ്റ്റേറ്റ് കൺവെൻഷൻ സോവനീർ 1977 കാണുക ) 1880 ൽ മനോന്മണീയം സുന്ദരൻ പിള്ള (1855 -1897 ) സ്ഥാപിച്ച “വെള്ളാള സഭ” (“തരംഗം” പി.എസ് നടരാജപിള്ള പത്താം ചരമവാർഷിക സോവനീർ പുറം കാണുക ) എന്ന സംഘടന യ്ക്ക് പിൽക്കാലം എന്ത് സംഭവിച്ചു എന്നറിയാവുന്നവർ ആരും ഇല്ല .രേഖകളും ഇല്ല . ചെങ്ങന്നൂർ ,പത്തനംതിട്ട ,പത്തനാപുരം ,കൊല്ലം ,ആലപ്പുഴ ,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിൽ പൊന്നപ്പാപിള്ള സംഘടനയുടെ ശാഖകൾ സ്ഥാപിച്ചു .

അടുത്ത വര്ഷം ആ സംഘടന “തിരുവിതാംകൂർ വെള്ളാളസഭ” ആയി പരിണമിച്ചു 1917 ൽ അത് “കേരളീയ വെള്ളാള മഹാസഭ” ആയി .എസ്‌ ലക്ഷ്മണൻ പിള്ള ആയിരുന്നു ആദ്യ പ്രസിഡൻറ്.1920ൽ സംഘടന പുനലൂരിൽ വാർഷിക സമ്മേളനം നടത്തി .സംഗീത വിദ്വാൻ മേജർ ട്രഷറി ഓഫിസർ ടി .ലക്ഷ്മണൻ പിള്ള ആയിരുന്നു സമ്മേളന അദ്ധ്യക്ഷൻ .അടുത്ത വർഷവും പുനലൂരിൽ ആയിരുന്നു വാർഷികം .

അക്കാലം വരെ സർക്കാർ രേഖകളിൽ “തമിഴ് ശൂദ്രർ” എന്നായിരുന്നു വെള്ളാളരെ അയ്യർമാരായ ഉദോഗസ്ഥർ രേഖപ്പെടുത്തിയിരുന്നത്. സംഘടനയുടെ ആവശ്യപ്രകാരം അത് വെള്ളാളർ എന്നാക്കി മാറ്റി . (അക്ലെത്ത് ചെല്ലപ്പൻ പിള്ള )

വെള്ളാളരെയും മലയാളികളെ പൊതുവെയും ആരാണ് വെള്ളാളർ എന്ന് ബോധവൽക്കരിക്കാൻ മലയാള മനോരമയുടെ ഭാഷാ പോഷിണി മാസികയിൽ നാലുലക്കങ്ങളിൽ ആയി “ഇന്ത്യയിലെ വെള്ളാളർ” എന്ന ലേഖന പരമ്പര പ്രസിദ്ധീകരിച്ചു ചരിത്രം സൃഷ്ടിച്ചു .മലയാള മനോരമ റിക്കാർഡ്‌സ് ലൈബ്രറിയിൽ അതിൽ മൂന്നു ലക്കങ്ങൾ ലഭ്യമാണ് .നാലാമത്തെ ലക്കം കണ്ടെടുക്കാൻ ലേഖകന് ഇതുവരെ കഴിഞ്ഞിട്ടില്ല . വെള്ളാള ചരിത്രം 1 എന്ന പേരിൽ അദ്ദേഹം ഒരു ചെറുഗ്രൻഥം പ്രസിദ്ധീകരിച്ചു വെള്ളാള വീടുകളിൽ എത്തിച്ചു .ലേഖകന്റെ വീട്ടിലും അതിൽ ഒരു കോപ്പി എത്തിച്ചു എന്നോർക്കുന്നു .പക്ഷെ കോപ്പി നഷ്ടപ്പെട്ടു . പലയിടങ്ങളിലും തെരഞ്ഞു എങ്കിലും കോപ്പി ലഭ്യമായിട്ടില്ല .

രസകരമായ സംഗതി പൊന്നപ്പാപിള്ള മറ്റു ചില പ്രസിദ്ധീകരണങ്ങളിലും വെള്ളാളർ എന്ന വിഷയത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു എന്ന് ആക്ലേത്ത് ചെല്ലപ്പൻ പിള്ള .അവയുടെ ലിസ്റ്റ് അദ്ദേഹം നൽകിയിട്ടില്ല . എന്നാൽ ഇന്ത്യയിലെ ദ്രാവിഡ സംസ്കാരം ,ദ്രാവിഡരുടെ ഉൽപ്പത്തി ,സിന്ധു നദീതട സംസ്കാരം ,സിൻഡിലെ മോഹൻജൊദാരോയിലും പഞ്ചാബിലെ ഹാരപ്പയിലും ഭൂഗർഭ ശാസ്ത്രജ്ഞർ കണ്ടെത്തിയ ചരിത്രവസ്തുക്കൾ ,ദ്രാവിഡ സംസ്കാരത്തിന്റെ വിലപ്പെട്ട തെളിവുകൾ ,അന്ന് കണ്ടെത്തിയ “പ്രോട്ടോ ശിവൻ” ,ചെമ്പിൽ നിർമ്മിച്ച ആയുധങ്ങൾ ,നാണയങ്ങൾ ,ആഭരണങ്ങൾ ,അവയെ കുറിച്ചുള്ള പഠനങ്ങൾ ,വിവിധ ശാസ്ത്രജ്ഞർ നൽകിയ അഭിപ്രായങ്ങൾ എന്നിവ അക്കാലത്തു തന്നെ (1920 കൾ ) പൊന്നപ്പാപിള്ള മലയാളി വായനക്കാരെ അറിയിച്ച കാര്യം ഇന്നും നാം മലയാളികളെ അത്ഭുതപ്പെടുത്തുന്നു .

നൂറുവർഷം കഴിഞ്ഞു 2024 ൽ ഹാരപ്പൻ സംസ്കാരം വെള്ളാള സംസ്കാരം എന്ന് ഞാൻ സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ വായനക്കാരിൽ പലർക്കും അത് ദഹിക്കാതെ പോകുന്നു .എന്നാൽ നൂറുവർഷം മുൻപ് തന്നെ മലയാളി വായനക്കാരെ പൊന്നപ്പാപിള്ള ഈ സത്യം അറിയിച്ചിരുന്നു എന്നോർക്കുപോലും അദ്ദേഹത്തിൻ്റെ സേവനത്തിനു മുൻപിൽ ഞാൻ നമ്ര ശിരസ്കൻ ആകുന്നു .പിൽക്കാലത്ത് 1985 ൽ മലയാളത്തിലെ രണ്ടാമത്തെ വെള്ളാള ചരിത്രം (‘സഹ്യാദ്രിസാനുക്കളിലെ സാംസ്കാരിക പഴമ “ ,അഞ്ജലി പബ്ലിക്കേഷൻസ് പൊൻകുന്നം )എഴുതിയ വി .ആർ. പരമേശ്വരൻ പിള്ള ഹാരപ്പൻ ഉല്ഖനനത്തിൽ നേരിട്ട് പങ്കെടുത്ത ചരിത്ര ഗവേഷകൻ ആയിരുന്നു എന്ന കാര്യം വ്യക്തമാക്കട്ടെ .1915 മുതൽ 1947 വരെ 32 വർഷക്കാലം അദ്ദേഹം വെള്ളാർക്കു വേണ്ടി പത്രപ്രവർത്തനം ,സഞ്ചാരം ,കത്തിടപാടുകൾ ,ചരിത്രാന്വേഷണം എന്നിവ നടത്തിയതായി നേരിൽ പരിചയം ഉണ്ടായിരുന്ന ആക്ലേത്ത് ചെല്ലപ്പൻ പിള്ള എഴുതിയിട്ടുണ്ട് .

1915 ൽ അദ്ദേഹം വെള്ളാളർ എന്ന പേരിൽ ഒരു മാസിക ഇറക്കി . പുനലൂരിൽ നിന്ന് “സ്വധർമ്മം” എന്നെ പേരിൽ പത്രം പ്രസിദ്ധീകരിച്ചു (1923 ). 1927 ൽ ആലപ്പുഴയിൽ “സ്വതന്ത്ര കാഹളം” എന്ന പത്രം തുടങ്ങി. അതിനിടയിൽ “വെള്ളാള മിത്രം” എന്ന പ്രസിദ്ധീകരണവും തുടങ്ങി “ഭാഷാപോഷിണി പഴമ”യിൽ വെള്ളാള മിത്രം ആദ്യലക്കത്തെ കുറിച്ചെഴുതിയ ലേഖനം ഈ ലേഖകൻ കെ.വി എം എസ് സോവനീറിൽ പുനർ പ്രസിദ്ധീകരിച്ചിരുന്നു . തുടർന്നാണ് സർക്കാരും സാമാന്യ ജനങ്ങളും വെള്ളാളർ എന്ന സമുദായത്തെ കുറിച്ച് ചിലതെല്ലാം മനസിലാക്കി തുടങ്ങിയത് .അതിനു മുൻപോ പിന്പോ ആരും ചെയ്യാത്ത കാര്യം .(1975 ൽ പൊങ്കുന്നത്തെ കെ. വി .എം എസ് ഹോസ്പിറ്റൽ ഉദ്ഘാടന വേളയിൽ 25000 രൂപാ നൽകി മലയാള മനോരമ പത്രത്തിൽ നൽകിയ മുഴുവൻ പേജ് പരസ്യത്തിൽ ഒരിടത്തു പോലും കെ.വി .എം എസ്സിലെ “വി” എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നില്ല എന്നോർക്കുമ്പോൾ പൊന്നപ്പാപിള്ള ചെയ്ത സേവനം വെള്ളാളർക്കു മനസിലാകും . നാം അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുൻപിൽ സാഷ്‌ടാ൦ഗം നമസ്കരിക്കണം .

പി.എസ്‌ പൊന്നപ്പാപിള്ളയുടെ ബോധവൽക്കരണം കാരണം 1922 മുതൽ ശ്രീമൂലം സഭയിൽ വെള്ളാർക്കു പ്രാതിനിദ്ധ്യം കിട്ടി .

സുകൃത ലത ,വെള്ളാള ചരിത്രം ,ജീവിതാദർശം ,അവ്വയാർ ,ഗ്രാമോദ്ധാരണം ,വിറമിണ്ട നായനാർ എന്നിങ്ങനെ പല പുസ്തകങ്ങൾ പൊന്നപ്പാപിള്ള പ്രസിദ്ധീകരിച്ചു . വിരമിണ്ടാനായനാർ എന്ന കൃതിക്ക് അവതാരിക മഹാകവി ഉള്ളൂർ ആയിരുന്നു .സംഗീത വിദ്വാൻ ടി .ലക്ഷ്മണൻ പിള്ളയും അവതാരിക എഴുതിയിരുന്നു .പുസ്തകം കാണാനുള്ള ഭാഗ്യം ലേഖകന് ലഭിച്ചിട്ടില്ല . പുനലൂർ ,പത്തനംതിട്ട ,കോന്നി ,റാന്നി ,കോഴഞ്ചേരി ,ചെങ്ങന്നൂർ ,കായംകുളം ,ഓച്ചിറ ,ആലപ്പുഴ എന്നിവിടങ്ങളിൽ വെള്ളാള മഹാസഭയുടെ വാർഷികങ്ങൾ പൊന്നപ്പാപിള്ള നടത്തി എന്ന് അക്ലെത്ത് ചെല്ലപ്പൻ പിള്ള എഴുതുന്നു .

തെക്കൻ തിരുവിതാം കൂറിൽ നിന്ന് തേരൂർ സുബ്രഹ്മണ്യ പിള്ള ,ശിവതാണുപിള്ള ,ചിദംബരം പിള്ള ,വൈദ്യലിംഗം പിള്ള ,ചൊക്കലിംഗം പിള്ള ,പി.എസ് ,നടരാജ പിള്ള ,വേദ നായകം പിള്ള ,എം എൽ ജനാർദ്ദനൻ പിള്ള ,കരിപ്പുഴ സി .എൻ വേലുപ്പിള്ള ,പുനലൂരിൽ മാത്ര താഴേതിൽ കൊച്ചുകുഞ്ഞുപിള്ള ,കോന്നി വൈലത്തല വേലുപ്പിള്ള ,പത്തനംതിട്ട വക്കീൽ സുബ്രഹ്മണ്യ പിള്ള ,കോഴഞ്ചേരി ആലക്കോട്ടു കിട്ടുപിള്ള ,ഓച്ചിറ മേച്ചേരിൽ വേലുപ്പിള്ള ,ചിറയുടെ കിഴക്കേതിൽ പാച്ചുപിള്ള ,വെണ്ടർ വേലുപ്പിള്ള ,ആലപ്പുഴ പണ്ടാരപ്പറമ്പിൽ ചെല്ലപ്പൻ പിള്ള ,സി.എസ് ലക്ഷ്മണൻ പിള്ള എന്നിങ്ങനെ നിരവധി പ്രമാണിമാർ വിവിധ സ്ഥലങ്ങളിൽ വെള്ളാള മഹാസഭ വാർഷികങ്ങൾ നടത്തുകയും അവയിൽ പങ്കെടുക്കുകയും ചെയ്തു എന്ന് ചെല്ലപ്പൻ പിള്ള എഴുതുന്നു .

1977 ൽ പ്രമാടം ആക്ലേത്ത് ചെല്ലപ്പൻ പിള്ള ഇങ്ങനെ എഴുതി അവസാനിപ്പിക്കുന്നു ഇന്ത്യയിലെ ആർക്കിയോളജിക്കൽ ഡയറ്കടർ ആയിരുന്ന സർ ജോണ് മാർഷൽ ഇന്ത്യയിലെ വെള്ളാർക്കു കൊടുത്ത ശ്രേഷ്ഠമായ പാരമ്പര്യം വീണ്ടെടുക്കുവിൻ . പ്രഗത്ഭന്മാർ ആയിരുന്ന ബ്രിട്ടീഷുകാർക്ക് എതിരായി ഇന്ത്യയിൽ ആദ്യമായി കപ്പൽ ഓടിച്ച വെള്ളാളൻ ,തിരുനെൽവേലിയിൽ അഭിഭാഷകൻ വി.ഓ ,ചിദംബരം പിള്ള വെള്ളാളൻ ആയിരുന്നു എന്ന് മറക്കരുത്.കണിയാംകുളം പോരിലെ ഇരവിക്കുട്ടിപ്പിള്ള ,മാർത്താണ്ഡ വർമ്മയെ പല തവണ രക്ഷിച്ച കണ്ടിയൂർ പരമേശ്വരൻ പിള്ള ,ആറുമുഖം പിള്ള ദളവാ സൗന്ദര്യ പാണ്ട്യൻ പിള്ള ,വൈക്കം പദ്മനാഭപിള്ള തുടങ്ങിയ വെള്ളാള ശ്രേഷ്ഠരെ സ്മരിച്ചുകൊണ്ടാണ് ചെല്ലപ്പൻ പിള്ള ലേഖനം അവസാനിപ്പിക്കുന്നത് .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ