സഞ്ചരിക്കുന്ന സ്ഥലനാമങ്ങൾ
9447035416
മനുഷ്യർ മരങ്ങളല്ല . അവർക്കു വേരുകൾ ഇല്ല . ഉള്ളത് കാലുകൾ . അതിനാൽ മനുഷ്യർ നടന്നുകൊണ്ടേ ഇരിക്കും . അതിനാൽ കുടിയേറ്റങ്ങൾ ആവർത്തിക്കപ്പെടും . ഒപ്പം സ്ഥലനാമങ്ങളും കൂടെപ്പോകും.
യൂ.കെയിലെ യോർക്കിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവർ അവിടെ പുതിയ “ന്യൂ”യോർക്ക് സൃഷ്ടിച്ചു.ടൊറാന്റോയിൽ മറ്റൊരു “ലിറ്റിൽ” യോർക്കും . ലണ്ടനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവർ ഓഹിയോ ,അർക്കൻസാസ് ,കെന്ടക്കി എന്നിവിടങ്ങളിൽ ആയി മൂന്നു ലണ്ടൻ സൃഷ്ടിച്ചു .
“ഓണോ മാസ്റ്റിക്സ്” എന്നറിയപ്പെടുന്ന (സ്ഥല വ്യക്തി കഥാപാത്ര) നാമശാസ്ത്രം വഴി കുടിയേറ്റ ചരിത്രം ഇന്ന് വ്യക്തമായി കണ്ടെത്താം .
മഹാദേവർ പട്ടണത്തിൽ നിന്ന് വന്നവർ , കൊടുങ്ങല്ലൂർ നിന്ന് വന്നവർ, കൊല്ലത്ത് നിന്ന് വന്നവർ , കടുത്തുരുത്തിയിൽ നിന്നു വന്നവർ, നിലയ്ക്കൽ നിന്ന് കുടിയേറിയവർ, സിറിയയിൽ നിന്ന് വന്നവർ എന്നൊക്കെ മദ്ധ്യതിരുവിതാംകൂറിലെ അച്ചായന്മാർ കുടുംബചരിത്രത്തിൽ എഴുതിവച്ച് അഭിമാനം കൊള്ളാറുണ്ട് . പക്ഷെ അവർ സ്ഥലനാമങ്ങൾ കൊണ്ടു നടന്നതായി കാണുന്നില്ല . ഇതിനൊരൊപവാദം മേവാഡിൽ നിന്നും കുംഭകോണം വഴി മീനച്ചിലിലേക്കു കുടിയേറി എന്നവകാശപ്പെടുന്ന പാലായിലെ കുമ്പിടി “മേവട” കർത്താക്കന്മാരാണ് . എന്നാൽ അത് തെളിയിക്കാനുള്ള രേഖ ഒന്നും അവരുടെ കൈവശമില്ല .
ഈഴത്ത് നാട്ടിൽ നിന്ന് കുടിയേറിയവർ (ഈഴവർ), ദ്വീപിൽ നിന്ന് വന്നവർ തീയർ , കൊങ്കണ ദേശത്തു നിന്ന് കുടിയേറിയവർ (കൊങ്ങിണികൾ ), പുളിയൻ കുടിയിൽ നിന്ന് കുടിയേറിയവർ (റാവുത്തർ ), കുംഭകോണത്ത് നിന്ന് കുടിയേറിയവരും ,മധുരയിൽ നിന്ന് വന്നവരും ,തിരുനെൽവേലിയിൽ നിന്ന് കൊണ്ടുവരപ്പെട്ടവരും വെള്ളാളർ , നാഗാ മലകളിൽ നിന്ന് വന്നവർ നായർ എന്നിങ്ങനെ മറ്റു ചിലർ ചരിത്രം പറയുന്നു .
ചട്ടമ്പി സ്വാമികൾ ,വി .വി .കെ വാലത്ത് ,ഇടമറുക് ജോസഫ് എന്നിവർ കേരളത്തിലെ സ്ഥലനാമകളെ കുറിച്ച് പഠനം നടത്തി എഴുതിയവരാണ്. 1853 -1924 കാലത്ത് ജീവിച്ചിരുന്ന ചട്ടമ്പി സ്വാമികൾ ഹാരപ്പൻ ,മോഹൻജൊദാരോ റിപ്പോർട്ടുകൾ വരുന്നതിനു മുൻപ് സമാധിആയി .അതിനാൽ പടിഞ്ഞാറിന് “മേക്ക്”(മേൽ ദിക്ക് ) എന്ന പദം തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്നു എന്നെഴുതി .യഥാർത്ഥത്തിൽ മേക്ക് ഹാരപ്പൻ പദം എന്ന്, ആദ്യകാലത്ത് ആധാരമെഴുത്തുകാരൻ ആയിരുന്ന ,കുഞ്ഞൻപിള്ള എന്ന ചട്ടമ്പി സ്വാമികൾ അറിയാതെ പോയി. വിളക്കുടി രാജേന്ദ്രൻ (കേരളസ്ഥലനാമകോശം 2 വാല്യം), ഹരികട്ടേൽ ,വെള്ളനാട് രാമചന്ദ്രൻ എന്നിവർ കേരളദേശ നാമങ്ങളിൽ ഗവേഷണം നടത്തി എഴുതി വരുന്നു . ഹരികട്ടേൽ തിരുവനന്തപുരം ,കൊല്ലം .കോട്ടയം ജില്ലകളിലെ സ്ഥലനാമങ്ങളെ കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചു . വെള്ളനാട് രാമചന്ദ്രൻ ആഴ്ച തോറും പ്രസ്തുത വിഷയത്തിൽ വീഡിയോ പ്രഭാഷണങ്ങൾ നടത്തി വരുന്നു, “സ്ഥലനാമ കൗതുകം” എന്ന പേരിൽ . “നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ “ എന്ന അദ്ദേഹത്തിന്റെ സ്ഥലപുരാണപഠനമാകട്ടെ, ലിംകാ ബുക് ഓഫ് റിക്കാർഡ്‌സിൽ സ്ഥാനം പിടിച്ചു .
https://youtu.be/x9C-7V0v6HA?feature=ഷെയർഡ്
എന്നാൽ കേരളത്തിലെ ഒരു കൂട്ടം ആൾക്കാർ ഹാരപ്പയിൽ നിന്നും വന്ന പഴമക്കാർ എന്ന് തെളിവുകൾ സഹിതം പറയാൻ,എഴുതാൻ ചരിത്രപരമായ അറിവുള്ളവർ നമ്മുടെ കേരളത്തിൽ വളരെ കുറവാണ് .
1919-20 ൽ മലയാള മനോരമയുടെ “ഭാഷാപോഷിണി”യിൽ “വെള്ളാള ചരിത്രം” നാലുലക്കങ്ങളിൽ (മനോരമ ലൈബ്രറിയിൽ പോലും അവയിൽ ഒന്നില്ല ) എഴുതിയ ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള (“തിരുവിതാം കൂർ വെള്ളാള സഭ- 1923- സ്ഥാപകനും ”വെള്ളാളമിത്രം” മാസിക എഡിറ്ററും ), കേരളത്തിലെ വെള്ളാളർ ഹാരപ്പയിൽ നിന്നും വന്നവർ എന്നെഴുതി എന്ന് കാണുമ്പോൾ അത്ഭുതം തോന്നും .1938 ൽ മാത്രമാണ് പ്രൊഫ ഹെൻട്രി ഹെരാസ് Vellalas of Mohonjodaro “ എന്ന പഠനം പ്രസിദ്ധീകരിച്ചത് .ഈ പഠനം നെറ്റിൽ pdf ആയി കിട്ടും .”ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളിൽ” എന്ന പേരിൽ വെള്ളാളചരിത്രം (1985 അഞ്ജലി പ്രസ്സ് പൊൻകുന്നം ) എഴുതിയ വി. ആർ .പരമേശ്വരൻ പിള്ള എന്ന പുരാലിപി വിദഗ്ധനും ഹാരപ്പൻ വെള്ളാള ബന്ധം സൂചിപ്പിച്ചിരുന്നു .
തമിഴ് നാട്ടിൽ വൈഗ നദീതീരത്തുള്ള കീ(ഴ )ലടി (അതായിരുന്നത്രേ തിരുപ്പുറ കുന്ദ്രത്തിനു നേരെ കിഴക്കു സ്ഥിതിചെയ്യുന്ന ,കണ്ണകീ ശാപത്താൽ വെന്തെരിഞ്ഞ, പ്രാചീന മധുരാപുരി ) യിൽ കുടിയേറിയവർ വടക്കുപടിഞ്ഞാറൻ ഹാരപ്പൻ പ്രദേശങ്ങളിൽ നിന്ന് വന്നവർ എന്ന് സ്ഥാപിക്കാൻ ഒഡീസാ ചീഫ് സെക്രട്ടറിയും രണ്ടു തവണ കേന്ദ്ര ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷ്ണറും ആയിരുന്ന, കോയമ്പത്തൂർ സ്വദേശി,തമിഴ് പണ്ഡിതകവി ആർ. ബാലകൃഷ്ണൻ,ഐ .ഏ .എസ് തൻ്റെ Journey of A Civilization ,Indus to (Roja Muthiah Research Library ,Chennai ) ഉപയോഗിക്കുന്നത് മൂന്നു ജനസമൂഹങ്ങളുടെ ചരിത്രവും ഒണോ മാസ്റ്റിക്സ് എന്ന നാമശാസ്ത്ര പഠനവുമാണ് .
കൊങ്കു (കോയമ്പത്തൂർ ) വെള്ളാളർ ( ഇവരിൽ ഒരു വിഭാഗമാണ് ചേര നാട്ടിലെ മേനോൻ മാരായി പിൽക്കാലം മാറിയത് .തമിഴ്‌നാട്ടിലെ ആർക്കിയോളജിസ്റ് പുലവർ എസ് രാജു എഴുതിയ ലേഖനം കാണുക ) പാണ്ഢ്യ വെള്ളാളർ (കുലാലർ അഥവാ കുംബാരർ അഥവാ മൺപാത്ര നിർമ്മാണ തൊഴിലാളികൾ ,പാലയ്ക്കു സമീപമുള്ള പുന്നത്തറയിൽ ഈ വിഭാഹം ആൾക്കാരെ കാണാം ) ,നാട്ടുക്കോട്ട ചെട്ടികൾ(നഗരത്താർ.മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി .ചിദംബരത്തിന്റെ ആൾക്കാർ ) എന്നിവരാണ് ആ വെള്ളാള സമൂഹത്രയം . “കോർക്കയ്-വഞ്ചി -തൊണ്ടി (KVT) കോംപ്ലക്സ് “ എന്ന പരികല്പന വഴിയാണ് ഡോ .ആർ .ബാലകൃഷ്ണൻ ഹാരപ്പൻ വെള്ളാളരുടെ ദക്ഷിണേന്ത്യൻ കുടിയേറ്റം സ്ഥാപിക്കുന്നത് .( The Kongu People പുറം 347 -364 ,Nagarathar പുറം 366 -372 എന്നിവ കാണുക )
3900 വര്ഷങ്ങൾക്ക് മുൻപാണ്, ദ്രാവിഡരായ വെള്ളാളർ (വേൽ ധാരിയായ മുരുകനെ ആരാധിക്കുന്നവർ )ഹാരപ്പ,മോഹൻജൊദാരോ തുടങ്ങിയ ഇന്ത്യൻ ഭൂഖണ്ഡത്തിലെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ, ഏതാണ്ട് ആയിരത്തിൽ പരം വലുതും ചെറുതുമായ നഗര ങ്ങളിൽ, താമസിച്ചിരുന്നത് . ദ്രാവിഡ സാന്നിധ്യം കണ്ടെത്താനുള്ള ഭാഷാപരമായ ഫോസിലുകൾ (പുരാസ്ഥികൾ അഥവാ ജീവാശ്മം ) ആണ് സ്ഥലനാമങ്ങൾ എന്ന് ഡോ .ആർ .ബാലകൃഷ്ണൻ തൻ്റെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു (പുറം 119 ).പ്രാചീന മണ്പാത്രങ്ങൾ ,കളിപ്പാട്ടങ്ങൾ ,പ്രതിമകൾ ,ഓടകൾ ,മുദ്രകൾ ,മുത്തുകൾ ,ആഭരണ ങ്ങൾ എന്നിവയെ പോലെ സ്ഥല നാമങ്ങൾ മണ്ണിൽ മറഞ്ഞു കിടക്കുന്നില്ലഎന്നദ്ദേഹം തുടരുന്നു . പ്രാചീന ദ്രാവിഡ സ്ഥലനാമങ്ങൾ ചരിത്രരേഖകളിലും സാഹിത്യ കൃതികളിലും മറ്റും ഇന്നും തെളിഞ്ഞു കാണപ്പെടുന്നു .
ഏതെങ്കിലും കാരണത്താൽ ഹാരപ്പൻ നിവാസികൾക്ക് എങ്ങോട്ടെങ്കിലും പാലായനം ചെയ്യേണ്ടി വന്നപ്പോൾ അവർ സ്ഥലനാമങ്ങൾ കൂടെ കൊണ്ടുപോയി .ലോകമെമ്പാടും കാണപ്പെടുന്ന മനുഷ്യസ്വഭാവം . ആസ്കോ പാർപ്പോള ,ഐരാവതം മഹാദേവൻ ,സങ്കലിയാ ,സൗത് വർത്ത് എന്നിവരുടെ പഠനങ്ങളെ ആസ്പദമാക്കിയാണ് ഡോ. ബാലകൃഷ്‍ണന്റെ വാദം എന്നറിയുക .
മലബാറിലേക്ക് കുടിയേറിയ മധ്യതിരുവിതാം കൂർ നസ്രാണികൾ മാത്രം “പാലാ” എന്ന ഒരേ ഒരു സ്ഥലനാമം മാത്രമേ കൂടെ കൊണ്ടുപോയുള്ളു. അതാകട്ടെ ,”പാലാ വയൽ” എന്ന് പരിഷ് കരിക്കപ്പെടു കയും ചെയ്തു (വറുഗീസ് തോട്ടയ്ക്കാട് ,”മലബാർ കുടിയേറ്റം” , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2015 ,പുറം 146).
2010 ൽ കോയമ്പത്തൂർ നടത്തപ്പെട്ട ലോക ക്ലാസിക്കൽ തമിഴ് കോണ്ഫറന്സിലാണ് ഡോ,ആർ , ബാലകൃഷ്ണൻ,അദ്ദേഹത്തിന്റെ പ്രസിദ്ധമായ “KVT കോംപ്ലക്സ്” പരികല്പന അവതരിപ്പിച്ചത്. ഇന്നാ പരികല്പനയ്ക്കു പരക്കെ അംഗീകാരം കിട്ടിക്കഴിഞ്ഞു . ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 12,66706 സ്ഥലനാമങ്ങളെ വിശദമായി പഠിച്ചാണ് ഡോ.ബാലകൃഷ്ണൻ തൻ്റെ പ്രബന്ധം തയാറാക്കിയത് (പുറം 121 ).ഒപ്പം സംഘം കൃതികളിലെ സ്ഥലനാമങ്ങൾ ,കഥാപാത്രങ്ങളുടെ പേരുകൾ എന്നിവയും തമിഴ് പണ്ഡിതൻ അദ്ദേഹം പഠനവിധേയമാക്കി .Toponyms(സ്ഥലനാമം ) ,glossonyms (ഭാഷാനാമം ) ,demonyms(താമസക്കാരുടെ പേരുകൾ ) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡോ .ബാലകൃഷ്ണൻ എന്ന നാമശാസ്ത്രവിദഗ്ധൻ കണ്ടെത്തലുകൾ നടത്തിയത്. എഴുതിയാലും കേട്ടാലും ഒരു പോലെ തോന്നുന്ന ദ്രാവിഡ ഭാഷാ സ്ഥലനാമങ്ങൾ ഹാരപ്പൻ പ്രദേശങ്ങളിൽ സുലഭം .തമിഴ് ,റ്റോഡാ ,ബഡഗ ,കോട്ട ,തുളു ,കുടഗ്,കുയി ,ഗോണ്ടി മാണ്ഡ ,പെങ്ങ്ഗ ,കുറുക്ക്, മലർ,കിസാൻ ബഹൂയി തുടങ്ങിയായ പേരുകൾ ഉദാഹരണം . പുറം 122 ചാർട്ട് കാണുക .ബലൂചിസ്ഥാനിൽ ദ്രാവിഡഭാഷയായ “ബഹൂയി” സംസാരിക്കുന്നവരാണുള്ളത് ,ആ പേരിൽ പാകിസ്ഥാനിൽ ആറു സ്ഥലങ്ങൾ ഉണ്ട് .
തമിഴ് നാട്ടിലെ 87112 സ്ഥലനാമങ്ങൾ ,ആന്ധ്രയിലെ 46818 സ്ഥലനാമങ്ങൾ ,കർണ്ണാടകത്തിലെ 58803 സ്ഥലനാമങ്ങൾ ,കേരളത്തിലെ 5519 സ്ഥലനാമങ്ങൾ (മൊത്തം 198252 ) എന്നിവയും പാകിസ്ഥാനിലെ131296 സ്ഥലനാമനാമങ്ങൾ, അഫ്ഗാനിസ്ഥാനിലെ 101946 സ്ഥലനാമങ്ങൾ എന്നിവയും വിശകലനം ചെയ്തപ്പോൾ 889 സ്ഥലനാമങ്ങൾ അവയിൽ എല്ലാസ്ഥലങ്ങളിലും കണ്ടെത്താൻ ഡോ .ബാലകൃഷ്ണന് കഴിഞ്ഞു . അവയിൽ ചിലത് ദക്ഷിണേന്ത്യയിൽ 1543 ഇടങ്ങളിൽ ആവർത്തിക്കപ്പെടുന്നു .മൊത്തം 2037 സ്ഥല നാമങ്ങൾ .രണ്ടുതവണ കേന്ദ്ര ഇലക്ഷൻ ഡെപ്യുട്ടി കമ്മീഷണർ ആകാൻ അവസരം കിട്ടിയപ്പോൾ ആണ് ഈ സ്ഥലനാമങ്ങൾ തമിഴിൽ എം .ഏ ബിരുദ ധാരി കൂടിയായ മുൻ ഒഡീസാ ചീഫ് സെക്രട്ടറി ഡോ .ബാലകൃഷ്ണൻ ശേഖരിച്ചത് .
സം ഘകാല കൃതികളിൽ കൂടെക്കൂടെ കടന്നു വന്നിരുന്ന സ്ഥലനാമങ്ങളാണ് കോർക്കയ്,വഞ്ചി (നമ്മുടെ തിരുവഞ്ചിക്കുളം ഓർക്കുക ) ,തൊണ്ടി എന്നിവ . തമിഴ് നാട്ടിൽ ഇന്നും ചിലയിടങ്ങളിൽ ഈ സ്ഥലനാമങ്ങൾ കാണപ്പെടുന്നു .അവ വടക്കു പടിഞ്ഞാറൻ ഇന്ത്യൻ ഭൂഖണ്ഡത്തിൽ (ബലൂചിസ്ഥാൻ ,പാകിസ്ഥാൻ ,ഇന്ത്യ ) ഇന്നും ഉണ്ട് .അത്തരം സ്ഥലനാമങ്ങളെ ആസ്കോ പാർപ്പോള ഹാരപ്പൻ സംസ്കാരത്തിന്റെ “മറുകുകൾ”(birth marks ) എന്ന് വിളിക്കുന്നു .സുമേറിയൻ ചരിത്രരേഖകളിൽ “മേലൂഹ” കാണപ്പെടുന്നത് പോലെ എന്ന് പാർപ്പോള (ബാലകൃഷ്ണൻ പുറം 120 ).
KVT കോംപ്ലക്സ്, ഹാരപ്പൻ സംസ്കാരത്തെയും കീലടി സംസ്കാരത്തെയും കൂട്ടി യോജിപ്പിക്കുന്നു എന്ന് ഡോ .ബാലകൃഷ്ണൻ .പ്രസ്തുത സംസ്കാരങ്ങൾ തമ്മിൽ 1300 വര്ഷങ്ങളുടെ വ്യത്യാസവും 1400 കിലോമീറ്റർ അകലവും ഉള്ളപ്പോൾ ആണ് ആ ബന്ധം എന്ന് ഡോ .ബാലകൃഷ്ണൻ .മുകളിൽ പറഞ്ഞ സ്ഥലനാമങ്ങളിൽ ഒന്ന് പോലും സംസ്കൃത കൃതികളിൽ കാണപ്പെടു ന്നില്ല .അവ ഇൻഡോ ആര്യൻ ഗ്രീക്ക് ,ലാറ്റിൻ സംസ്കൃത പേരുകൾ ഒന്നും അല്ല .എന്നാൽ എല്ലാം ദ്രാവിഡ തമിഴ് പേരുകൾ.സംഘകാല കൃതികൾക്ക് ഹാരപ്പൻ സംസ്കാരവും ആയി ബന്ധം ഉണ്ട് .അവയ്ക്കു വേദ കാല കൃതികളും സംസ്കൃതവുമായി യാതൊരു ബന്ധമൊന്നും ഇല്ല .പാണ്ഢ്യ രാജ്യത്തിലെ ഒരു സ്ഥലനാമം ആണ് കോർക്കയ്. ചേര രാജ്യത്തെ (കേരളം ) തുറമുഖം ആയിരുന്നു വഞ്ചി (തിരുവഞ്ചിക്കുളം ). സംഘകാലത്തെ ചേര തുറമുഖം ആയിരുന്നു തൊണ്ടി .പുരാതനകാലത്ത് പാണ്ടിനാട്ടിലെ ഭരണ തലസ്ഥാനം മധുരയും തുറമുഖം തൊണ്ടിയുമായിരുന്നു .ചേര (കേരളം ) ഭരണ തലസ്ഥാനം ആകട്ടെ .തിരുവഞ്ചിക്കുളവും തുറമുഖം തൊണ്ടിയുമായിരുന്നു .ഹാരപ്പൻ നാഗരികതയിൽ, ലോതലിലും ഇതേ പേരുകൾ കാണപ്പെട്ടിരുന്നു (ബാലകൃഷ്ണൻ പുറം 121 ) .
ഊർ എന്നത് തമിഴിലും മലയാളം തുടങ്ങിയ മറ്റു ദ്രാവിഡ ഭാഷകളിലും ഏറെ പ്രചാരമുള്ള നാമപദം .ഹാരപ്പൻ പ്രദേശങ്ങളിൽ അത് “ഊരു” എന്നാണു കാണപ്പെടുന്നത് .ആലൂർ ,ആമൂർ ,ആസൂർ ,അയ്യൂർ ,ആവൂർ ,അരസൂർ ,ബാഡൂർ ,ഹാറൂർ ,ഹോസൂർ ,കല്ലൂർ ,കലൂർ ,കാണ്ടൂർ ,കാഞ്ഞൂർ ,കൊടൂർ, കൊണ്ടൂർ ,മനൂർ ,മോഹൂർ ,പാലൂർ ,പാസൂർ ,പോലൂർ ,ശാലൂർ ,സേ ലൂര്,ടാണൂര് ,തിരൂർ എന്നിങ്ങനെയുള്ള ഊർ പേരുകൾ ഹാരപ്പൻ പ്രദേശങ്ങളിലും ദ്രാവിഡ ദേശങ്ങളിലും സുലഭം .അഫ്‌ഗാനിസ്ഥാനിൽ ഊർ എന്ന പേരിൽ തന്നെ ഒരു സ്ഥലമുള്ള കാര്യം ഡോ .ബാലകൃഷ്ണൻ കണ്ടെത്തുന്നു .ആയൂർ എന്ന സ്ഥലനാമം പുറനാനൂറിൽ കാണാം എന്ന് ഡോ .ബാലകൃഷ്ണൻ .മുലങ്കിലാർ എന്ന സംഘകാല നേതാവ് സ്ഥലനാമം ചേർത്ത് “ആയൂർ മുലങ്കിലാർ”എന്നാണ റിയപ്പെട്ടത്.മധുരക്കാഞ്ചി എന്ന സംഘകാവ്യത്തിൽ മോകൂർ പാലിയാൻ സംഘകാലത്തെ ഒരു പ്രാദേശിക നേതാവ് ആയിരുന്നു . ശ്രദ്ധിക്കുക പേരിനൊപ്പം സ്ഥലനാമങ്ങൾ ചേർത്ത് പറയുകയും എഴുതുകയും ചെയ്യുന്നത് ദ്രാവിഡ ശീലം .എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും വക്കീലന്മാരും കലാകാരന്മാരും അങ്ങനെ ചെയ്യുന്നു .കാനം ഈ .ജെ ,വെളിയം ഭാർഗ്ഗവൻ ,വയലാർ രവി ,പിണറായി വിജയൻ രമേഷ് ചെന്നിത്തല അഡ്വേ ,ചേർത്തല സുബ്രഹ്മണ്യൻ,കുടമാളൂർ കരുണാകരൻ നായർ തുടങ്ങി എത്രയോ ഉദാഹരണങ്ങൾ, കല്ലൂർ എന്ന സ്ഥലനാമം പാകിസ്ഥാനിൽ മാത്രമല്ല മഹാരാഷ്ട്രയിലും നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്നു .ഹാരപ്പയെയും തെന്നിന്ത്യയെയും ബന്ധിപ്പിച്ചു കൊണ്ട് ഡോ .ബാലകൃഷ്ണൻ ഒരു കല്ലൂർ ഇടനാഴി (കോറിഡോർ ) സ്ഥാപിക്കുന്നു .കോട്ടയം ജില്ലയിലെ പ്രമുഖ കമ്മൂണിസ്റ് നേതാവ് ,ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം ജയിലിൽ കിടക്കേണ്ടി വരുകയും വിമോചിതനായപ്പോൾ ആത്മഹത്യയും ചെയ്യേണ്ടി വരുകയും ചെയ്ത , കോട്ടയം ജില്ലയിലെ, ആനിക്കാട്ട് കാരൻ കല്ലൂർ രാമൻപിള്ള (കല്ലൂർ ആശാന്മാർ ),ചെങ്ങന്നൂരിലെ ദേശാധിപതി ആയിരുന്ന വിറമിണ്ട നായനാരുടെ ജീവചരിത്രവും ചെങ്ങന്നൂർ ദേശത്തിന്റെ ചരിത്രവും എഴുതിയ കല്ലൂർ നാരായണപിള്ള വക്കീൽ എന്നിവർ ഹാരപ്പൻ കല്ലൂർ കൂടെ കൊണ്ട് നടന്നവർ .തമിഴ് നാട്ടിൽ ഏറെ പ്രചാരമുള്ള ദേശ നാമഭാഗമാണ് “പട്ടി “ വാൽ .ഈ വാലുള്ള 7232 സ്ഥലനാമങ്ങൾ ഡോ .ബാലകൃഷ്ണൻ കണ്ടെത്തി .രാജ് പട്ടി ,സിലയ്പട്ടി ,സോൻ പട്ടി ,ബേഡിപ്പട്ടി ,ബീരാൻ പട്ടി ,ചട്ടൻ പട്ടി ,ദോഹിപ്പട്ടി ,കാഴപ്പട്ടി ,ഖുശൈപട്ടി ലാംബിപട്ടി ലെതോ പ്പട്ടി എന്നിവ പാകിസ്ഥാനിൽ ഉണ്ട് .പുറമെ നാല് വെറും പട്ടികളും .
ഒറ്റപ്പദ ദേശനാമം (MWPN -Mono W ord P lace N ame )എന്നാണ് ഇത്തരം സ്ഥലനാമങ്ങൾ അറിയപ്പെടുക .”കാനം “ മറ്റൊരുദാഹരണം .അക്കാർ പട്ടി ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന സ്ഥലനാമം എന്ന് ഡോ .ബാലകൃഷ്ണൻ കണ്ടെത്തുന്നു .”പള്ളി” എന്ന വാലുള്ള 676 സ്ഥലങ്ങൾ തമിഴ് നാട്ടിലുണ്ട് .പാകിസ്ഥാനിൽ ചാപ്പള്ളി ഉണ്ട് .തമിഴ് നാട്ടിൽ “ക്കയ്” വാലുള്ള 52 സ്ഥലനാമങ്ങൾ .കോർക്കയ് ,കൊറുക്കയ് ,ഇറുക്കയ്,ഒറിക്കയ്, ചെങ്കയ് ,വാഴക്കയ്,കുലിടിക്കയ് തുടങ്ങിയവ ഉദാഹരണം .കൂടാതെ ഗൈ വരുന്ന ഇടങ്ങളും ഉണ്ട് .കൊന്തഗൈ ,വൈഗൈ എന്നിവയെ പോലെ .സാദൃശ്യമായ നിരവധി സ്ഥലനാമങ്ങൾ പാകിസ്ഥാനിൽ കാണപ്പെടുന്നു .കോർക്കയ്,ഗോർക്കയ് ,ഷാർക്കയ്,കാരക്കയ്,കാണ്ടിക്കയ് ,വാക്കയ്,മാങ്കയ് , ഷാരോഗയ് എന്നിങ്ങനെ .
തമിഴ് നാട്ടിൽ “ചേരി” എന്നവസാനിക്കുന്ന 519 സ്ഥലനാമങ്ങൾ ഉണ്ട് .പത്തഞ്ചേരി ,ചന്നാച്ചേരി,ചേരി എന്നിവ പാകിസ്താനിലും കാണപ്പെടുന്നു . മല ,കുന്ന് ,കോട് ,കൽ ,മുടി എന്നിവയിൽ അവസാനിക്കുന്ന നിരവധി സ്ഥലനാമങ്ങൾ ഹാരപ്പൻ പ്രദേശങ്ങളിൽ കാണപ്പെടുന്നു .അഴക് മലൈ ,ആന മലൈ തുടങ്ങിയ മലകൾ തമിഴ് നാട്ടിൽ കാണപ്പെടുമ്പോൾ വെറും മല അഫ്‌ഗാനിസ്ഥാനിലും പാകിസ്താനിലും കാണപ്പെടുന്നു .മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൻ ഈ രണ്ടക്ഷര സ്ഥലനാമം കാണപ്പെടുന്നു . കുണ്ട്രം ,കുന്ന് എന്നിവയുടെ കാര്യവും അതേ പോലെ ഡോ .ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു .പരിപാടൽ എന്ന സംഘ കൃതിയിൽ തിരുപ്പുറം കുണ്ഡ്രം എന്ന സ്ഥലനാമത്തെ പോലെ ഹിമാലയത്തെയും കുണ്ഡ്രം എന്ന് കവി പാടുന്നു എന്ന് കാണുക .നാമക്കൽ ,പുളിക്കൽ ,ചൂളക്കൽ ,വാരിക്കൽ .വീരക്കൽ ,ദിണ്ടിക്കൽ തുടങ്ങിയ കൽ ദേശ നാമങ്ങൾ തമിഴ് നാട്ടിൽ കാണപ്പെടുമ്പോൾ പാകിസ്ഥാനിൽ രണ്ടിടത്ത് വെറും “കൽ” ദേശനാമം കാണപ്പെടുന്നു . സംഘ കൃതികളിൽ കാട് എന്നവസാനിക്കുന്ന 100 ദേശ നാമങ്ങൾ ഡോ ബാലകൃഷ്ണൻ കണ്ടെത്തി .അത്തരം പേരുകൾ സംഘകാല കൃതികളിലും കാണപ്പെടുന്നു .”കാനം” എന്നവസാനിക്കുന്ന ദേശനാമങ്ങളും സുലഭം .അഫ്‌ഗാനിസ്ഥാൻ ,പാകിസ്ഥാൻ എന്നിവിടങ്ങളിലും അത്തരം സ്ഥലനാമങ്ങൾ ഏറെയുണ്ട് .കക്കാട് കേരളത്തിൽ മാത്രമല്ല പാകിസ്താനിലും ഉണ്ട് .ആറ് ,തുറ ,ഏരി ,കര ,മണൽ ,വയൽ ,പുനം,നിലം ,കനൽ ,വഞ്ചി ,കാഞ്ചി എന്നിവയിൽ അവസാനിക്കുന്ന ദ്രാവിഡ ദേശനാമങ്ങൾ ഹാരപ്പൻ പ്രദേശങ്ങളിൽ സുലഭം എന്നിങ്ങനെ പോകുന്നു ഡോ ബാലകൃഷ്ണന്റെ കണ്ടെത്തലുകൾ ,കൂടുതൽ ഉദാഹരങ്ങൾക്കു അദ്ദേഹത്തിന്റെ പഠനം അതിലെ നിരവധി ചാർട്ടുകൾ ,മാപ്പുകൾ എന്നിവ കാണുക .
“കാനം” എന്ന ദേശനാമം അഫ്‌ഗാനിസ്ഥാനിൽ ഉണ്ടെന്നു ഡോ .ബാലകൃഷ്ണൻ (പുറം 169 ).കാനം തഹാനി എന്ന് പേരുള്ള മറ്റൊരു സ്ഥലവും അവിടുണ്ട് .തലൈ ആലങ്കാനം എന്ന് മറ്റൊരു സ്ഥലവും ഉണ്ട് .പാണ്ഢ്യ രാജാക്കന്മാരിൽ പ്രമുഖൻ ആയിരുന്നു തലൈയൻ “കാനത്ത് “ ചെറുവന്റ നെടുംചേഴിയൻ. ചേര ചോളരാജാക്കന്മാരെയും അഞ്ച് വേളിർ പ്രമുഖരെയും തോല്പിച്ച വീരൻ ആയിരുന്നു കാനം കാരൻ നെടുംചേ ഴിയൻ (പുറം 169 ) സംഘ കാലകൃതികളിലെ നായകരുടെ പേരുകൾ വരുന്ന നിരവധി സ്ഥലനാമങ്ങൾ ഹാരപ്പൻ പ്രദേശങ്ങളിൽ കാണപ്പെടുന്നു (പുറം 178 ) ആർസിൽ (ആർസിൽ കീഴാർ ),ആയൂർ (ആയൂർ മുടവനാർ ),ചാത്തൻ (ചാത്തനാർ ),കപിൽ (കപിലർ ),കാലർ (കാലർ കിലാൻ ), കൽവി (കൽവിയാർ ),കാവത് (കാവത്തിനാ ർ),കിരൻ (കിരണാർ ),കൊള്ളി (കൊള്ളിക്കിനാർ ),കോരൻ (കോരനാര് ),മാങ്കുടി (മാങ്കുടി മരുതനാർ )മാമ്മൂലൻ (മാമ്മൂലനാർ ),നക്കീര (നക്കീരനാർ ),പോറ്റി (ഇല്ലം പോട്ടിയാർ ) തുടങ്ങി നിരവധി ഉദാഹരണ ങ്ങൾ ,
സ്ഥലനാമം മാത്രം വച്ച് നേതാക്കളെ വിളിക്കുന്ന മലയാളി ശീലം (പിണറായി ,വെളിയം ,കാനം ) ഹാരപ്പൻ സംസ്കൃതിയിൽ നിന്ന് കിട്ടിയ ദ്രാവിഡ ശീലമാണ് .മറ്റു ഭാഷകളിലും നാടുകളിലും അത്തരം ശീലം ഇല്ല . നാഞ്ചിലാർ ,വളപ്പടിയാർ ,ആർക്കോട്ടാർ എന്നിവ പോലുള്ള ഇരട്ടപ്പേരുകൾ മറ്റു രാജ്യങ്ങളിൽ ഇല്ല (പുറം 178 ).
അധിക വായനയ്ക്ക്
ജേർണി ഓഫ് സിവിലൈസേഷൻ ,ഇൻഡസ് ടു വൈഗൈ ,ഡോ .ആർ .ബാലകൃഷ്ണൻ ,റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി ,ചെന്നൈ 600113 .രണ്ടാം പതിപ്പ് 2021
Comments
Post a Comment