സൈന്ധവ നാഗരികത ലേഖകർ വായിക്കാതെ പോയത്
പൊൻകുന്നം
9447035416
സർ ജോൺ മാർഷൽ നൂറുവർഷം മുൻപ് ,1924 ൽ ,ഹാരപ്പൻ സൈന്ധവ നാഗരികത കണ്ടെത്തിയതിൻറെ നൂറാം വാർഷികം പ്രമാണിച്ചു മലയാളത്തിലെ ഏതാനും ആനുകാലികങ്ങളിൽ ചില ലേഖകർ ആ നാഗരികതയെ കുറിച്ച് സചിത്ര ലേഖനങ്ങൾ എഴുതിയിരുന്നു . എന്നാൽ ആ ലേഖകരിൽ ഒരാൾ പോലും ഒഡീസ ചീഫ് സെക്രട്ടറിയും രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണറും തമിഴ് പണ്ഡിതനും കവിയും ആയ കോയമ്പത്തൂർ സ്വദേശി ഡോ .ആർ ബാലകൃഷ്ണൻ ഐ.ഏ .എസ് എഴുതിയ “ജേർണി ഓഫ് സിവിലൈസേ ഷൻ ഇൻഡസ് ടു വൈഗ” വായിച്ചിരുന്നില്ല എന്ന് പെട്ടെന്ന് മനസിലാക്കാം . .
“സിന്ധു ലിപിയുടെ താക്കോൽ : മില്യൺ ഡോളർ ചോദ്യം”എന്ന ലേഖനം (കലാകൗമുദി 2583 ,2025 മാർച്ച് 02 ലക്കം . പുറം 54 -58 )എഴുതിയ ശ്രീ മധു ഇളയതും പ്രസ്തുത പഠനം വായിച്ചിട്ടില്ല .ഡോ .ആർ .ബാലകൃഷ്ണന്റെ വീഡിയോകൾ നെറ്റിൽ സുലഭം .കൂടുതലും തമിഴിൽ.എങ്കിലും ആംഗലേയ ഭാഷയിലും കിട്ടും .അവ കേട്ടുകഴിഞ്ഞാൽ, ഇന്ത്യാ ചരിത്രത്തിൽ താല്പര്യമുള്ള ഏതൊരാളും അദ്ദേഹത്തിന്റെ പഠനം വിലയ്ക്ക് വാങ്ങി വായിക്കും .മദിരാശിയിലെ റോജാ മുത്തയ്യാ ലൈബ്രറി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച പഠനം (1st Edn 2019. 2nd 2021) ഇപ്പോൾ മൂന്നാം പതിപ്പാണ്: “ജേർണി ഓഫ് സിവിലൈസേ ഷൻ - ഇൻഡസ് ടു വൈഗ”. അടുത്തകാലത്ത് തമിഴ് പതിപ്പും ലഭ്യമായി . എന്നാൽ വിചിത്രമെന്നു പറയട്ടെ, ഈ ലേഖകൻ ഒഴിച്ച് (“വെള്ളാളകുലം -പഴമയും പെരുമയും” ,വേദബുക്സ്,കോഴിക്കോട് , ആദ്യപതിപ്പ് മാർച് 2024 & ഭാഷാപോഷിണി മാർച്ച് 2025 ) മറ്റാരും ആ പഠനത്തെ കുറിച്ച് മലയാള ഭാഷയിൽ നാളിതുവരെ എഴുതി കണ്ടില്ല എന്നത് തികച്ചും വിചിത്രമായിരിക്കുന്നു.
സംഘകാല കൃതികൾ മുഴുവൻ കൈവശമുള്ള തമിഴ് പണ്ഡിതനും കവിയുമായ ഡോ. ആർ.ബാലകൃഷ്ണൻ, ഐ. ഏ. എസ് ഓണോ മാസ്റ്റിക്സ് (ONOMASTICS ) എന്ന നാമശാസ്ത്രത്തിൽ കൂടി വിദഗ്ദൻ ആണ് .പേരുകളുടെ (കഥാപാത്ര വ്യക്തി സ്ഥല നാമ) ശാസ്ത്രമാണ് ഓണോമിസ്റ്റിക്സ് . ഡോ .ആർ ബാലകൃഷ്ണന്റെ കമ്പ്യൂട്ടറിൽ സംഘകാല കൃതികളിലെ മുഴുവൻ കഥാ പാത്രങ്ങളുടെ പേരുകൾ , ഇന്ത്യയിൽ വോട്ടവകാശമുള്ള മുഴുവൻ സ്ത്രീ പുരുഷന്മാരുടെ പേരുകൾ ,ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻ സ്ഥല നാമങ്ങൾ എന്നിവ ശേഖരി ക്കപ്പെട്ടിരിക്കുന്നു.അവയെ അടിസ്ഥാനമാക്കി 2019 മുതൽ ആർക്കിയോളജിക്കൽ പഠനങ്ങൾ നടന്നു വരുന്ന കീലടിയിലെ (മധുരയിൽ നിന്നും രാമേശ്വരം റൂട്ടിൽ 12 കിലോമീറ്റർ .ഇപ്പോൾ 18 കോടി ചെലവാക്കി പണിയിച്ച ആർക്കിയോളജിക്കൽ മ്യൂസിയം അവിടെ ഉണ്ട് .വെള്ളി അവധി ) നാഗരികത ഹാരപ്പൻ സംസ്കൃതിയുടെ തുടർച്ച എന്നു ഡോക്ടർ ആർ .ബാലകൃഷ്ണൻ 2019 ൽ തന്നെ കണ്ടെത്തിയ കാര്യം മലയാളി ലേഖകർ മുഴുവൻ കാണാതെ പോയി .കഷ്ടമെന്നു പറയട്ടെ, ശ്രീ മധു ഇളയതും ആ പഠനം വായിക്കാത്ത ലേഖകരുടെ കൂട്ടത്തിൽ പെടുന്നു .
തമിഴ് നാട്ടിലെ വൈഗ നദിക്കരയിൽ സംഘകാലത്തുണ്ടായിരുന്ന വെള്ളാള സംസ്കൃതി ദ്രാവിഡ നാഗരികത ആണെന്നും അത് ഹാരപ്പൻ നദീതട നാഗരികതയുടെ തുടർച്ച ആണെന്നും സ്ഥാപിക്കാൻ ഓണോമാസ്റ്റിക്സ് വിദഗ്ദൻ ഡോ .ആർ. ബാലകൃഷ്ണൻ തൻ്റെ ജേർണി ഓഫ് സിവിലൈസേഷൻ -ഇൻഡസ് റ്റു വൈക“ എന്ന കൃതിയിൽ കൊങ്കു വെള്ളാളർ ,നാട്ടുക്കോട്ട ചെട്ടികൾ,കുശവർ എന്ന പാണ്ട്യ വേളാർ എന്നിങ്ങനെ മൂന്നു കൂട്ടം വെള്ളാള സമൂഹത്തിന്റെ കുടിയേറ്റ ചരിത്രം വിവരിക്കുന്നു .
കൊങ്കു (കോയമ്പത്തൂർ ) വെള്ളാളർ
കൃഷി ,അജപരിപാലനം ,ദേശീയവും അന്തർദേശീയവും ആയ വ്യാപാരം എന്നിവയിൽ വ്യാപാരിച്ച ദ്രാവിഡർ ആയിരുന്നു സിന്ധു ഗംഗാ തീരങ്ങളിലും വൈക ആറ്റിൻ കരകളിലും ചുട്ട ഇഷ്ടികകൾ കൊണ്ട് വീടുകെട്ടിയ,വീടുകളിൽ ശുചിമുറികൾ പണിയിച്ച ,മൂടിയ മലിനജല ഓടകൾ നിർമ്മിച്ച വെള്ളാളർ എന്ന അതിപ്രാചീന ജനവിഭാഗം . സംഘകാലത്ത് തമിഴകത്തെ പടിഞ്ഞാറൻ ജില്ലകളിൽ താമസിച്ചിരുന്നവർ ആയിരുന്നു കൊങ്കു വെള്ളാളർ .തെക്കൻ ജില്ലകളിൽ ഉയർന്ന തറകളിൽ കൊട്ടാര സദൃശ്യ വീടു കൾ കെട്ടി താമസമാക്കിയവർ നാട്ടുക്കോട്ട ചെട്ടികൾ എന്ന വ്യാപാരികൾ .
പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട “കൊങ്ങുമണ്ഡല ശതകം”കൊങ്കു നാടിനെ ക്കുറിച്ചു പ്രതിപാദിക്കുന്നു .വടക്ക് തലൈമല,തെക്ക് വൈകവൂര് ,വെള്ളിപ്പൊറുപ്പു മല പടിഞ്ഞാറ് (മേക്ക് ),കിഴക്ക് കാവേരി നദി . എന്നിവ അവയായിരുന്നു കൊങ്കു നാടിൻറെ അതിർത്തികൾ .
ഇന്നാകട്ടെ ,കോയമ്പത്തൂർ ,ഈറോഡ് ,സേലം ,നാമക്കൽ ,തിരുപ്പൂർ ,കരൂർ ,നീലഗിരി ,ഡിണ്ടിഗലിന്റെ ഭാഗം എന്നീ ഭാഗങ്ങൾ കോയമ്പത്തൂരിൽ പെടുന്നു .കാവേരി, അതിൻറെ പോഷക നദികൾ ആയ അമരാവതി, നോയൽ ,ഭവാനി എന്നീ നദികൾ ഈ പ്രദേശത്താണ് കാണപ്പെടുന്നത്. നോയൽ നദിക്കരയിലുള്ള “കൊടുമണൽ” എന്ന പ്രദേശത്ത് നിന്നും ഉല്ഖനനം വഴി കിട്ടിയ പുരാതന വസ്തുക്കൾ പ്രാചീന തമിഴകത്തെ വെള്ളാള സംസ്കാരത്തെ കുറിച്ച് നിരവധി വിവരങ്ങൾ നൽകുന്നു .
പതിറ്റുപ്പത്ത് ,നൻറ്റിണൈ,അകനാനൂറ് ,എന്നിവയിൽ ചേര രാജാവായിരുന്ന ഒരു ഭരണാധികാരിയെ വിവരിക്കുന്നുണ്ട് . അക്കാലം ചേര രാജ്യം കോയമ്പത്തൂർ വരെ വ്യാപിച്ചിരുന്നു .
പശുക്കൾക്ക് കുടിക്കാൻ വെള്ളം ശേഖരിക്കാൻ കിണറുകൾ കുഴിക്കുന്ന ജനങ്ങളെ ആ പഴംപാട്ടുകളിൽ കാണാം . ഇന്നും കോയമ്പത്തൂർ പ്രദേശങ്ങളിലെ ആളുകൾ കിണർ കുഴിക്കുന്നതിലും വെള്ളം ശേഖരിക്കുന്നതിലും പ്രാഗൽഭ്യം ഉള്ളവർ തന്നെ എന്ന് കോയമ്പത്തൂർ നത്തം സ്വദേശിയായ ആർ .ബാലകൃഷ്ണൻ
നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന വെള്ളാള നഗരവാസികൾ
ബി.സി. ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം 1938 കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ,ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ ,നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് ഡോ .ആർ. ബാലകൃഷ്ണൻ നിരവധി തെളിവുകൾ വഴി സ്ഥാപിക്കുന്നു .
പടിഞ്ഞാറൻ ഇന്ത്യയിലെ പാർസി സമൂഹത്തോട് താരതമ്യം ചെയ്യാവുന്ന വർത്തക സമൂഹം ആണ് നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . അവരുടെ വാസസ്ഥലം “കാരക്കുടി ചെട്ടിനാട്” എന്നറിയപ്പെടുന്നു . മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജന്മനാട് .
നാട്ടറിവ് പ്രകാരം കാരക്കുടി ചെട്ടി സമൂഹം 96 ഇടങ്ങളിൽ കൊട്ടാര സദൃശ്യമായ ഹർമ്മ്യങ്ങൾ നിർമ്മിച്ച് താമസിച്ചു പോന്നു . എന്നാൽ ഇപ്പോൾ അവയിൽ 75 ഇടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളു . കിഴക്കു ബംഗാൾ ഉൾക്കടൽ ,തെക്കു വൈഗ നദി ,പടിഞ്ഞാറ് പിരന്മല കൊടുമുടി ,വടക്കു വെള്ളാർ എന്നിവയാണ് ചെട്ടിനാട് അതിരുകൾ . പ്രസിദ്ധമായ കുൻട്രക്കുടി മല മധ്യഭാഗത്ത് കാണപ്പെടുന്നു .
“ധനവൈശ്യരാകിയ നാട്ടുക്കോട്ട നകരത്താർ ചരിത്രം “ എന്ന പ്രാചീന കൃതി ഈ നഗരവാസികൾ ആയ വ്യാപാരികളുടെ ചരിത്രം പറയുന്നു .
വാണിയ ചെട്ടി ,കോമുട്ടി ചെട്ടി തുടങ്ങിയ ചെട്ടികൾ നാട്ടുകോട്ട ചെട്ടികളിൽ ഉൾപ്പെടുന്നവർ അല്ല.
റോമാ നഗരം .ഗ്രീസ് എന്നീ വിദേശരാജ്യങ്ങളുടെ കച്ചവടം നടത്തിയിരുന്നവർ ആയിരുന്നു പ്രാചീന നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . നാഗനാട്ടിലെ “സന്ധ്യ” (Cantiya in Naka Natu )ആയിരുന്നു അവരുടെ ആദ്യകാല ഗ്രാമം .കലിയുഗം 204 ൽ അവർ തൊണ്ടമണ്ഡലത്തിലെ കാഞ്ചിയിലേക്കു കുടിയേറി .2108 വര്ഷം അവർ അവിടെ തങ്ങി .2312 ൽ അവർ ചോളരാജ്യത്തിലെ കാവേരിപൂം പട്ടണത്തിലേക്കു (പൂംപുഹാർ ) കുടിയേറി .അവിടെ അവർ 8000 പേർ എന്തോ കാരണത്താൽ ആത്മഹത്യ ചെയ്തുവത്രേ . പാണ്ട്യ രാജാവിന്റെ ആവശ്യപ്രകാരം ശേഷിച്ചവർ കാരക്കുടിയിലേക്കു താമസം മാറ്റി . കാവേരിയിലെ വെള്ളപ്പൊക്കത്തിൽ നാട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നും വ്യാപാരത്തിന് വെളിയിൽ പോയിരുന്ന മുതിർന്ന പുരുഷന്മാർ മാത്രം രക്ഷപെട്ടു എന്ന് മറ്റൊരു കഥ .
അവർ വെള്ളപ്പൊക്കത്തെ പേടിച്ച് ഉയർന്ന തറകളിൽ വീടുകൾ നിർമ്മിച്ച് പാണ്ട്യ നാട്ടിലെ വെള്ളാള യുവതികളെ വിവാഹം കഴിച്ചു എന്നും ചരിത്രം . കാരക്കുടിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഇളയത്തുംകൂടി എന്ന സ്ഥലത്താണ് അവർ താമസമാക്കിയത് .
കാരക്കുടിയിലെ ചെട്ടികൾ ഇന്തോനേഷ്യ,ബർമ്മ ,മലയാ ,സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് അവിടെയും താമസമാക്കി .അവർ പോയ ഇടങ്ങളിലെല്ലാം ചെട്ടിമുരുകൻ എന്ന പേരിൽ പഴനി വേലായുധനെ കൂടെ കൊണ്ടുപോയി . വേൽ ധാരിയായ വേലനെ,മുരുകനെ , ആരാധിക്കുന്നവർ വെള്ളാളർ എന്ന് ഫാദർ എച്ച് ഹേരാസ് (Vellalas of Mohonjodaro ,The Indian Quarterly ,Vol XIV Culcutta 1938 pp 245 -255 ).മുരുകവിഗ്രഹങ്ങൾ കംബോഡിയാ ,തായ്‌ലൻഡ് ,ബാലി എന്നീ രാജ്യങ്ങളിൽ കാണപ്പെടാൻ കാരണം ചെട്ടിനാട് വെള്ളാള വ്യാപാരികൾ .പാകിസ്ഥാനിലെ സ്വാത്വാലിയിലും മുരുകവിഗ്രഹങ്ങൾ കാണപ്പെടുന്നു എന്ന് പിച്ചപ്പൻ എന്ന ഗവേഷകൻ എഴുതുന്നു .
കൊങ്ങുനാട് വെള്ളാളർ “കൂട്ടം” എന്ന പേരിൽ ചെറു സമൂഹങ്ങൾ ആയി കഴിയുമ്പോൾ നഗരത്താർ വെള്ളാളർ, ആകട്ടെ , “കോവിൽ” കൂട്ടങ്ങൾ ആയി കഴിയുന്നു.അത്തരം ഒൻപതു കോവിൽ കൂട്ടങ്ങൾ കാരക്കുടിയിൽ ഉണ്ട് .ഒരു കോവിലിൽ പെട്ടവർ പരസ്പരം വിവാഹം കഴിക്കില്ല . കൊങ്കു വെള്ളാളർ കാർഷിക പാരമ്പര്യം ഉള്ളവരെങ്കിൽ നഗരത്താർ വ്യാപാര പാരമ്പര്യമുള്ളവർ . ഇരുകൂട്ടരും കാവേരിപൂംപട്ടണത്തിൽ (പുകാർ ,പൂംപുകാർ എന്നും പേരുകൾ )നടന്നുവരുന്ന പട്ടണത്താർ വാർഷിക ക്ഷേത്ര ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ. ചിലപ്പതികാരത്തിലെ നായികാനായകന്മാർ കണ്ണകിയും കോവിലനും ധനവാന്മാരായ പൂംപുഹാർ വ്യാപാരികളുടെ മക്കൾ ആയിരുന്നു . കാരയ്‌ക്കൽ അമ്മയും ചെട്ടിനാട് വെള്ളാള സമൂഹത്തിൽ പിറന്ന വ്യപാരി മകൾ ആയിരുന്നു . നഗരത്താരുടെ ജന്മസ്ഥലമായ “ സന്ധ്യ” എന്ന സ്ഥലപ്പേര് പാകിസ്താനിലും ഗുജറാത്തിലും കാണപ്പെടുന്നു എന്ന നാമശാസ്ത്ര വിദഗ്ദൻ (ഓണോമാസ്റ്റിക്സ് ) കൂടിയായ ആർ .ബാലകൃഷ്ണൻ . നഗരാ എന്ന സ്ഥലപ്പേരും ഗുജറാത്തിലും മാഹാരാഷ്ടയിലും കാണപ്പെടുന്നു .നാത്തുക്കോട്ട ,ചെട്ടി എന്നീ സ്ഥലപ്പേരുകൾ പാക്കിസ്താനിലുണ്ട് .
വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലനാമങ്ങൾക്കും തമിഴ് നാട്ടിലെ സ്ഥലപ്പേരുകളുമായി സാമ്യം ഉണ്ടെന്നു ആർ .ബാലകൃഷ്ണൻ കണ്ടെത്തുന്നു . കുടി ,കാര എന്നീ പേരുകൾ പാകിസ്ഥാൻ പേരുകളിൽ സുലഭം . ചെട്ടിനാട് ജനത കുടിയേറ്റക്കാർ ആണെന്നും അവർ സ്വീകരിച്ച സ്ഥലനാമങ്ങൾ പാകിസ്താനിലും ബലൂചിസ്ഥാനിലും കാണപ്പെടുന്നു എന്നതും അവരുടെ പൂർവീകർ സിന്ധു ഗംഗാ സമതലത്തിൽ നിന്നും തെക്കോട്ടു വന്നതിന്റെ തെളിവായി ആർ .ബാലകൃഷ്ണൻ എടുത്തു കാട്ടുന്നു (പുറം 370 -371 ). അത്തരം 133 സ്ഥലങ്ങളുടെ ലിസ്റ്റ് അദ്ദേഹം നൽകുന്നു .
മിക്കതിലും കുടി ,കോട്ട ,ഊർ എന്നീ ഭാഗങ്ങൾ കാണാം .മാരൂർ ,ഉറയൂർ ,പാർക്കൂർ ,മണലൂർ ,മണ്ണൂർ ,കണ്ണൂർ ,കുളത്തൂർ തുടങ്ങിയവ ഉദാഹരണം . ഊർ ,പുരം ,വയൽ ,കുടി ,കോട്ട ,പുരി ,പട്ടി എന്നീ ഭാഗങ്ങൾ ഉള്ള നിരവധി സ്ഥലനാമങ്ങൾ ഇരു പ്രദേശങ്ങളിലും ധാരാളം .കാഞ്ചി എന്ന സ്ഥലനാമം പാകിസ്ഥാൻ ,ഗുജറാത്ത് ,മഹാരാഷ്ട്രാ ,ആന്ദ്രാ ,കര്ണ്ണാടക എന്നിവിടങ്ങൾ കഴിഞ്ഞാവണം തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് എത്തിയതെന്ന് ബാലകൃഷ്ണൻ .അവിടെയെല്ലാം ഓരോ കാലത്ത് അവരുടെ പൂർവികർ താമസിച്ചു എന്നതാവണം ആ സ്ഥലനാമങ്ങൾ അവിടങ്ങളിൽ കാണാൻ കാരണം എന്ന് ബാലകൃഷ്ണൻ സ്ഥാപിക്കുന്നു .
പാണ്ഢ്യ വേളാർ എന്ന ദൈവ സൃഷ്ടാക്കളും പ്രതിഷ്ഠാപകരും
സുഗന്ധ പാത (സ്‌പൈസസ് റൂട്ട് ),സിൽക്ക് പാത (സിൽക്ക് റൂട്ട് ) എന്നിവയെ പോലെ ഡോ. ആർ. ബാലകൃഷ്ണൻ മറ്റൊരു പാത കണ്ടെത്തുന്നു . കുലാല അഥവാ കുംഭാര പാത അഥവാ മൺകുട പാത ( പോട്സ് റൂട്ട് ).
ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും 1984 ൽ പി.എച്ച് .ഡി നേടിയ സ്റ്റീഫൻ റോബർട്ട് ഇന്ഗ്ലിസ്,അദ്ദേഹത്തിന്റെ “ക്രീയേറ്റേഴ്സ് ആൻഡ് കോൺസിക്രെറ്റേർസ് - ഏ പോട്ടറി കമ്മ്യൂണിറ്റി ഓഫ് സൗത് ഇൻഡ്യാ” എന്ന പഠനത്തിൽ “വേളാളർ”(പാണ്ഡ്യവേളാർ ) എന്ന വെള്ളാള വിഭാഗത്തെ വിശദമായി പഠന വിധേയമാക്കി . സംഘ കാല ഘട്ടത്തിലെ പാണ്ഡ്യരാജധാനി ആയിരുന്ന “തെൻമധുര” ഏകദേശം രണ്ടായിരം വർഷമായി തെന്നിന്ത്യയിലെ പ്രധാന നഗരമായിരുന്നു .മൂന്നാമതു സംഘം അവിടെയായിരുന്നു “കൂടൽ” (ചേരൽ )നടത്തിയിരുന്നത്.മധുരയ്ക്ക് ചുറ്റും കാണപ്പെട്ടിരുന്ന വെള്ളാളർ പാണ്ഡ്യവെള്ളാളർ എന്നറിയപ്പെട്ടു . ബി .സി. ഈ 500 ൽ നിർമ്മിക്കപ്പെട്ടത് എന്ന് കണ്ടെത്തിയ ആറു വൻമണ്കലങ്ങൾ മധുരയ്ക്ക് സമീപം നിന്ന് കണ്ടെത്തിയിരുന്നു . ശവസംസ്‌കാരം നടത്താൻ ഉപയോഗിച്ചിരുന്ന അത്തരം കലങ്ങളെതമിഴർ “മുതു മക്കൾ താലി” എന്ന് വിളിച്ചുപോന്നു .ആ കാലങ്ങളിൽ ഹാരപ്പൻ ഉൽഘനത്തിൽ കണ്ടെത്തിയ കാലങ്ങളിലെ പോലെ പ്രാചീന തമിഴി ലിപിയിൽ എഴുത്തുകൾ ഉണ്ടായിരുന്നു . മധുരയ്ക്ക് സമീപമാണ് (രാമേശ്വരം റൂട്ടിൽ 12 കിലോമീറ്റർ )അടുത്തകാലത്ത് ഉല്ഖനനം വഴി ആഗോള പ്രശസ്തി നേടിയ കീലടി അഥവാ കീഴടി എന്ന പ്രാചീന വെള്ളാള നഗരം .അവിടെ നിന്നും ആദ്യം ലഭിച്ച വസ്തുക്കൾ കാര്ബണ് ഡേറ്റിങ് വഴി ബി. സി. ഈ ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവ എന്ന് കണ്ടെത്തി .
ഡേവിഡ് ശുൽമാൻ മധുരയെ തമിഴ് “മണ്കലങ്ങളുടെ ഈറ്റില്ലം” (ഹോം ഓഫ് തമിഴ് പോട്ടറി ) എന്ന് വിളിക്കുന്നു . വളരെ ചെറിയ ചക്രം (പോട്ടേഴ്സ് വീൽ ) ഉപയോഗിച്ച് കലം നിർമ്മിക്കുവരാണ് പാണ്ഡ്യവെള്ളാളർ .അവർ പ്രാദേശിക കോവിലുകളിലെ പൂജാരികൾ കൂടെയാണ് .മധുര മീനാക്ഷി ക്ഷേത്രം അവർ പണിയിച്ചു . തമിഴ് നാട്ടിൽ മറ്റു പ്രദേശങ്ങളിൽ കാണുന്ന കുംഭാരർ വലിയ ചക്രങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ ആണ് .
മധുരനാടും വൈകക്കര നാടും ആണ് തങ്ങളുടെ സ്വന്ത നാട് എന്ന് കരുതുന്നവരാണ് പാണ്ട്യ വേളാർ സമൂഹം .ചെളിമണ്ണുള്ള വൈഗ നദിക്കരകളിൽ മാത്രം അവർ കാണപ്പെട്ടിരുന്നു .പാണ്ഡ്യനാട്ടിലെ ഒട്ടെല്ലാ കോവിലുകളിലും അവർ ആയിരുന്നു പൂജാരികൾ . മധുര മീനാക്ഷി ക്ഷേത്രത്തിലെ പൂജാരി സ്ഥാനം ബ്രാഹ്മണർ അവരിൽ നിന്നും തട്ടിപ്പറിച്ചു .ഇന്നും ആ ക്ഷേത്രത്തിൽ മൂന്ന് പ്രധാന ഉത്സവങ്ങളിൽ അവർക്കാണ് ആദ്യ തൊഴലിനും അർപ്പണങ്ങൾക്കും അവകാശം . മധുര മീനാക്ഷി കോവിലിൽ നിന്നും പുറംതള്ളപ്പെട്ട വേളാർ പൂജാരികൾ പ്രാദേശിക കോവിലുകളിൽ നിന്നും ദേവതകളെ അവർ കുടിയേറിയ സ്ഥലങ്ങളിലേക്ക് കൂടെ കൊണ്ടുപോയി എന്ന് ഇൻഗ്ലീസ് കണ്ടെത്തി .ദേവീദേവന്മാരുടെ രൂപങ്ങളുടെ സൃഷ്ടാക്കൾആയ വേളാർ അവരുടെ പൂജാരികളും ആയിരുന്നു .
സമ്പന്ന കോവിലുകളിൽ സ്വർണ്ണ ,വെള്ളി ,വെങ്കല വിഗ്രഹങ്ങൾ ആണെങ്കിലും ഇന്നും തമിഴ് നാട്ടിലെ പ്രാദേശിക കോവിലുകളിൽ മണ് വിഗ്രഹങ്ങളും പൂജകൾക്ക് മണ്പാത്രങ്ങളും ഉപയോഗപ്പെടുത്തുന്നു . അവരുടെ ആരാധ്യ പുരുഷൻ അഗസ്ത്യർ എന്ന മുനിവര്യൻ കുടത്തിൽ ജനിച്ചു എന്നാണു മിത്ത് .പ്രളയകാലത്ത് കുടത്തിൽ കയറി കുംഭകോണത്ത് പൊങ്ങി കിടന്നു എന്നും കഥ . ചുരുക്കത്തിൽ സിന്ധു നാഗരികതയുടെ തുടർച്ചയാണ് തമിഴ്‌നാട്ടിലെ വൈഗ നദിക്കരയിലെ ദ്രാവിഡ കീലടി നാഗരികത എന്ന് നിരവധി തെളിവുകൾ വഴി സംശയ ലേശമന്യേ ഡോ ആർ .ബാലകൃഷ്‌ണൻ അദ്ദേഹത്തിന്റെ പഠനം വഴി സ്ഥാപിക്കുന്നു
.റഫറൻസ്
1 .നവാസ് ,പി.എസ് ,”ഹാരപ്പയും കീഴടിയും “ പച്ചക്കുതിര ,ആഗസ്ത് 2024. പുറം
2 .പനച്ചി ,”ദ്രാവിഡമെഴുതിയ ഹാരപ്പ “, സ്നേഹപൂർവ്വം പനച്ചി ,ഭാഷാപോഷിണി ഫെബ്രുവരി 2025. പുറം 96.
3 .ആർ .ഗോപിനാഥൻ ,”സൈന്ധവ പഠനത്തിന്റെ രാഷ്ട്രീയം “ ഹിരണ്യ മാസിക ,2025 മാർച്ചു് ,പുറം 10 -17.
4 .ജയനാരായണൻ ഒറ്റപ്പാലം ,”സിന്ധു നാഗരികതയും കൊളോണിയൽ താല്പ്പര്യങ്ങളും “ ഹിരണ്യ മാസിക ,മാർച്ച് 2025. പുറം 18 -23. 5 .മധു ഇളയത് ,”സൈന്ധവ പൈതൃകം : ദ്രാവിഡ രാഷ്ട്രീയം “ ഹിരണ്യ മാസിക ,മാർച്ച് 2025. പുറം 24 -28.
6 .മധു ഇളയത് ,”സിന്ധു ലിപിയുടെ താക്കോൽ :മില്യൺ ഡോളർ ചോദ്യം “ കലാകൗമുദി, 2583 മാർച്ച് 2. 2025 .പുറം 54 -58. 7 .Dr ,R .Balakrishnan,IAS ,”Journey of A Civilization Indus to Vaiga” , ,Roja Muthayya Foundation Library ,Chennai 2nd Edn 2021.



Comments
Post a Comment