രണ്ടു സോവനീറുകൾ
ഡോ .കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
ഈ വര്ഷം (2024 ) കൈവശം വന്നുചേർന്ന രണ്ടു സോവനീറുകൾ വളരെ വിലപിടിച്ച ,അത്യുഗ്രൻ പ്രസിദ്ധീകരണങ്ങൾ എന്നത്, എന്നെഏറെ സന്തോഷിപ്പിക്കുന്നു .ഏതാണ് മെച്ചം എന്ന് പറയാൻ സാധിക്കുന്നില്ല.രണ്ടും കനപ്പെട്ട പ്രസിദ്ധീകരണങ്ങൾ . കെട്ടിലും മട്ടിലും അച്ചടിയിലും അവതരണ ശൈലിയിലും ലേഖനങ്ങളിലും ഫോട്ടോകളിലും ഇവ രണ്ടിലും ഏതാണ് മെച്ചം എന്ന് പറയാൻ ബുദ്ധിമുട്ടാണ് .
രണ്ട് എഡിറ്റർ മാരും എൻ്റെ പ്രിയ സുഹൃത്തുക്കൾ .ഒരാൾ ഇന്ത്യയിൽ തന്നെ, ആദ്യമായി നമ്മുടെ സംസ്ഥാനത്ത് ഭൂപരിഷകരണം നടപ്പിലാക്കാൻ തിരുകൊച്ചി നിയമ സഭയിൽ ആറു ബില്ലുകൾ അവതരിപ്പിച്ച ധന-വന-റവന്യു മന്ത്രി പി.എസ് .നടരാജപിള്ളയുടെ കൊച്ചുമകൻ പ്രൊഫ .മോത്തിലാൽ നെഹ്‌റു . മറ്റേ എഡിറ്റർ “കമലദളം” സാഹിത്യവേദിയിലെ എൻ്റെ പ്രിയ സുഹൃത്ത് അമേരിക്കൻ പ്രവാസി ,അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ .
ഇരുവരെയും ഞാൻ ഹാർദ്ദവമായി അനുമോദിക്കുന്നു .
ആദ്യ സോവനീറിനെ കുറിച്ചുള്ള ആസ്വാദനം ഞാൻ നേരത്തെ എഴുതിയിരുന്നു .ലിങ്ക് താഴെ നൽകുന്നു .
തലസ്ഥാന നഗരിയായ അനന്തപുരിയിലെ ചാലകമ്പോളത്തിലെ പ്രമുഖ വെള്ളാള വ്യാപാരി സമൂഹത്തിന്റെ കൂട്ടായ്മ ആയ “വെള്ളാള സമിതി ട്രസ്റ്റിന്റെ” പേൾ (മുപ്പതാം ) ജൂബിലി സോവനീറാണ് വിലകൂടിയ ആർട്ട് പേപ്പറിൽ നിരവധി ചിത്രങ്ങൾ ഉൾ പ്പെടുത്തി അതി മനോഹരമായി അച്ചടിപ്പിക്കപ്പെട്ട ആദ്യ സോവനീർ .
രണ്ടാമത്തെ സ്മരണിക അമേരിക്കയിലെ വാഷിംഗ്ടൺ ഡി. സിയിൽ കഴിഞ്ഞ വര്ഷം നടത്തിയ ശ്രീനാരായണ ഗുരു പ്രതിഷഠയുടെ ഒന്നാം വാർഷിക സ്മരണിക ആയി നോർത്ത് അമേരിക്കയിലെ ശിവഗിരി ആശ്രമത്തിനു വേണ്ടി തയാറാക്കിയ സോവനീർ.
കേരളസംസ്ഥാന വിവരാവകാശ ആദ്യ കമ്മീഷണർ ആയിരുന്ന റിട്ട ജഡ്ജ് ആദരണീയനായ വിജയകുമാർ സോവനീറിന്റെ ഒരു കോപ്പി എനിക്ക് നൽകിയാണ് കേരളത്തിലെ സോവനീർ പ്രകാശനം നടത്തിയതെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു .ജഡ്ജി അദ്ദേഹം ജനിച്ചതും എൻ്റെ ജന്മ സഥലമായ കാനത്തിനടുത്ത് പത്തനാട് എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം . ഇപ്പോൾ തൃശൂരിലാണദ്ദേഹം താമസം . ഞാൻ പൊന്കുന്നത്തും.കേരളചരിത്ര പഠനത്തിൽ എല്ലാവരും എടുത്ത് പറയുന്ന ഒരപൂർവ ചെമ്പോല ശാസനമാണ് സി .ഈ 849 ൽ മാവേലിക്കര കണ്ടിയൂർ കാരൻ “വേൾകുല”(വെള്ളാള ) സുന്ദരനാൽ പ്രാചീന വട്ടെഴുത്തിൽ , ജൈന സൃഷ്ടിയായ “നാനം മോനം” ലിപികളിൽ, വരയപ്പെട്ട അതി പുരാതന പട്ടയം . നാനം മോനം,എന്നത് ”നമോത്ത് ജിനനം” ,അതായത് , ഞാൻ ജിനദേവനെ നമസ്കരിക്കുന്നു എന്നതിന്റെ ചുരുക്കം ആണ് . തരിസാപ്പള്ളി പട്ടയത്തിൽ ജൈനപ്പള്ളി ഉണ്ട് .യശാദാ തപിരായി ,ശബരീശൻ എന്ന് രണ്ടു ജൈന മുനിമാരും . എന്നാൽ ക്രിസ്ത്യൻ പള്ളിയോ ബിഷപ്പോ ഇല്ല താനും . തരിസാജൈനപ്പള്ളി പട്ടയത്തെ നമ്മുടെ ചരിത്രകാരന്മാർ തെറ്റായി “ക്രിസ്ത്യൻ പട്ടയം” എന്നും “കോട്ടയം” പട്ടയം എന്നും യാതൊരു തെളിവും ഇല്ലാതെ പറഞ്ഞും എഴുതിയും വരുകയാണ് .ചിലർ അതിനെ സെന്റ് “ത്രേസ്യാ” പട്ടയം എന്ന് പോലും തെറ്റായി എഴുതി പ്രചരിപ്പിച്ചു . പട്ടയത്തിൽ ഒരിടത്തും “കുരക്കേണി” കൊല്ലം എന്ന് വിളിക്കപ്പെട്ടിരുന്ന പ്രാചീന തെക്കൻ കൊല്ലത്ത് (വേണാടിന്റെ തലസ്ഥാനം ) നസ്രാണികൾ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല .
അവിടെ ഉണ്ടായിരുന്നവർ “പൂമിക്കു കാരാളർ” ആയിരുന്ന വെള്ളാളരും പിന്നെ ഈഴവരും ഈഴവ “കയ്യരും” .
”വെള്ളാള പട്ടയം” എന്നോ “വെള്ളാള ഈഴവ പട്ടയം” എന്നോ അറിയപ്പെടേണ്ട തരിസാപ്പള്ളി പട്ടയം (സി .ഈ 849 ), ഗുണ്ടർട്ട് സായിപ്പിന്റെ കാലം മുതൽ നമ്മുടെ ചരിത്രകാരന്മാർക്കു “ കൃസ്ത്യൻ പട്ടയം” തന്നെ .അത് മാറ്റിയെടുക്കാൻ ശക്തമായ ബോധവൽക്കരണം കൂടിയേ തീരു. ഗുരുവിൻറെ ദൈവ ദശകവും ആശാൻറെ ഗുരുസ്തവവും ആദ്യപേജിൽ വായിക്കാം .തൊട്ടു പിന്നാലെ ഗുരുപ്രസാദ് സ്വാമികളുടെ സന്ദേശവും . പിന്നാലെ ആശ്രമ സമർപ്പണത്തിന്റെ നിരവധി ഫോട്ടോകൾ . ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എഴുതിയ “സർവ്വ മത സമ്മേളന ശതാബ്ദി” എന്ന സചിത്ര ലേഖനം പിന്നാലെ നൽകിയിരിക്കുന്നു .നൂറു വര്ഷം മുൻപ് 1924 ൽ ആലുവയിൽ വച്ച് ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ലോകത്തിലെ രണ്ടാം സർവ്വ മത സമ്മേളനത്തെ കുറിച്ച് എഴുതിയ ഈ ലേഖനം ചരിത്ര കുതുകികൾക്കു ഏറെ വിവരം നൽകുന്നു .
കമല ദളം സ്ഥിരാംഗം പ്രൊ. മാലൂർ മുരളീധരൻ ,മാവേലിക്കര ബിഷപ് മൂർ കോളേജ് മലയാളം വിഭാഗം പ്രൊഫസർ കോശി തലയ്ക്കൽ ,കവിയും ഗാന രചയിതാവും ആയ മഞ്ജു വെള്ളായണി ,പി.കെ ജയൻ ,എൻ്റെ മറ്റൊരു സുഹൃത്ത് കെ.ജി .ജ്യോതിർ ഘോഷ് ,മാങ്ങാട് ബാലചന്ദ്രൻ ,ഡോ .ചേരാവള്ളി ശശി,പി.ആർ. ശശികുമാർ ,പ്രൊഫ .ബി സുലേഖ ,പ്രസാദ് കൃഷ്ണൻ ,ഉദയഭാനു പണിക്കർ എന്നിവരുടെ ലേഖനങ്ങൾ,സുഗത പ്രമോദ് , എൻ്റെ സ്നേഹിതൻ കുറിച്ചി സദൻ ,സുകുമാർ അരിക്കുഴ എന്നിവരുടെ കവിതകൾ എന്നിവ മലയാളം വിഭാഗത്തിൽ വായിക്കാം .
തുടർന്ന് പതിനാലു ലേഖനങ്ങൾ ആംഗലേയ ഭാഷയിൽ . എല്ലാം ഏറെ വിജ്ഞാന പ്രദം .അമേരിക്കക്കാരൻ നേവൽ പയലറ്റ് പ്രൊഫ ബ്രോസ് റസ്സൽ എന്ന ശ്രീനാരായണഭക്തൻറെ My First Trip to India ഏറെ ശ്രദ്ധേയം .കേരള സർവ്വ കലാശാലയിലെ ശ്രീനാരായണ ഗുരു അത്തരദേശീയ പഠന കേന്ദത്തിന്റെ ഡയറക്ടർ ഡോ .എം .ഏ സിദ്ദിഖ് എഴുതിയ Sree Narayanology എന്ന ലേഖനം വിശദയമായ പഠനം അർഹിക്കുന്ന ലേഖനം . ശിവദാസൻ ചാന്നാർ കർണ്ണാടകയിൽ ഗോകര്ണത്തില് ശ്രീനാരായണ ഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം സന്ദർശിച്ച കാര്യം വിവരിക്കുന്നു . ബാലികാ ബാലന്മാർ എഴുതിയ ചെറു ലേഖനങ്ങളും ഉണ്ട് . ആലും മൂട്ടിൽ ചാന്നാർ തുടങ്ങി നിരവധി പ്രമുഖരുടെ കുടുംബ ഫോട്ടോകളും ഈ സോവനീറിൽ നമുക്ക് കാണാം .
“ഒരു മഹാഗുരു ഗുരു” എന്നപേരിൽ ശ്രീനാരായണ ഗുരു വിനെ കുറിച്ച് പോസ്റ്റ് ഡോക്ടറൽ തീസിസ് എഴുതിയ ഡോകടർ എസ് .ഓമന എഴുതിയ ലേഖനവും ഉന്നത നിലവാരം പുലർത്തുന്നു .
ഡോക്ടർ ആർ. സുഭാഷ് എഴുതിയ ലേഖനത്തിൽ തിരുക്കുറൾ ,തിരുമൂലർ തിരുമന്ത്രം , ഒഴുവിൽ ഒടുക്കം തുടങ്ങിയ തമിഴ് കൃതികൾ ശ്രീനാരായണ ഗുരുവിൽ ചെലുത്തിയ സ്വാധീനം വിവരിക്കുന്നു. തിരുമന്ത്രത്തിലെ “ഒന്ടരെ കുലം” എന്ന ശ്ലോകം ശ്രീ നാരായണ ഗുരുവിനെ സ്വാധീനിച്ച കാര്യം ലേഖകൻ പറയുന്നു എങ്കിലും തിരുമൂലരെ പരിചയപ്പെടുത്തിയ, ഗുരു ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളെ(1814 -1909 ) അദ്ദേഹം തമ്സ്കരിച്ചു കളഞ്ഞു .തൈക്കാട് അയ്യാവ് 1880 ലെ ചിത്രാ പൗർണ്ണമി ദിനത്തിൽ കുഞ്ഞന്റെ(പിൽക്കാലം ചട്ടമ്പി സ്വാമികൾ ) ആവശ്യപ്രകാരം “ബാലാസുബ്രഹ്മണ്യ മന്ത്രം” ചെവിയിൽ ഓതി നൽകി നാണനെ ശിഷ്യനാക്കിയ ചരിത്രം, രേഖകൾ സഹിതം
ഡോ .എസ് .ഓമന “ഒരു മഹാഗുരു “ എന്ന തീസിസിൽ (വർക്കല ഗുരുകുലം പ്രസിദ്ധീകരണം ) എഴുതിയ കാര്യം ലേഖകൻ വായിച്ചിട്ടില്ല എന്ന് കരുതേണ്ടി വരുന്നു . ചിദംബരം വല്ലലാർ സ്വാമികളെ കുറിച്ചും പരാമർശിച്ചു കണ്ടില്ല .പ്രത്യേകിച്ചും ശ്രീനാരായണ ഗുരുവും രാമലിംഗ അടികളും എന്ന പേരിൽ പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം (മലയാളത്തിൽ തന്നെ ലഭ്യ മായിരിക്കെ . പത്തൊന്പതാം നൂറ്റാണ്ടിൽ തിരുവിതാം കൂറിൽ യോഗ പ്രചരിപ്പിച്ചു കേരളനവോത്ഥാന നായകരുടെ “പവർ ഹൌസ്” (പകർപ്പവകാശം മോഹന കൃഷ്‌ണൻ എന്ന എൻ്റെ വടക്കൻ പറവൂർ കാരൻ “മഹാത്മാ അയ്യങ്കാളി” ജീവചരിത്രകാരന് ) ആയി മാറിയ ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികളെ ഗൗതം ഷാജി ശരിയായ പേരിൽ തെറ്റ് കൂടാതെ അവതരിപ്പിച്ചതിൽ അനുമോദനം അർഹിക്കുന്നു .
പിതാവ് എന്നർത്ഥം വരുന്ന “അയ്യാവ് “ എന്ന തമിഴ് പദത്തെ അർത്ഥ മറിയാതെ പലരും “അയ്യാ”സ്വാമികൾ എന്ന് തെറ്റായി എഴുതിക്കാണുന്നു. തുടർന്ന് അയ്യാവൈകുണ്ഠ ഭക്തരായ ചില തെക്കൻ തിരുവിതാം കൂർ കാർ (വൈകുണ്ഠ സ്വാമി ധർമ്മ പരിഷത്തും നാടാർ സമുദായവും ) തൈക്കാട് അയ്യാവ് എന്ന ശൈവനെ ,ശിവ ഭക്തനെ ,വൈകുണ്ഠ സ്വാമി ശിഷ്യനാ ക്കാൻ ഏറെ പാടുപെട്ടു വരുന്ന വിരോധാ ഭാസം ഇപ്പോൾ അരങ്ങേറി വരുന്നു എന്നതും എടുത്തു പറയട്ടെ .ചെന്നൈ പട്ടണത്തിൽ ജനിച്ച സുബ്ബയ്യനെ (അതായിരുന്നു അയ്യാവ് സ്വാമികളുടെ ശരിയായ പേര് ) അവർ കന്യാകുമാരി ജില്ലക്കാരനാക്കി കാട്ടുന്നു .രണ്ടു വിവാഹം കഴിച്ചു കളത്ര പുത്രാദികൾ ആയി കുടുംബ ജീവിതം നായികയും സർക്കാർ ജോലി മരിക്കും വരെ നന്നായി നോക്കുകയും ചെയ്ത അദ്ദേഹത്തെ മരുത്വാ മലയിൽ തപസ്സിരുന്ന യോഗി ആക്കി വിശേഷിപ്പിക്കയും ചെയ്യുന്നു . ഗൗദം സാജി അവരുടെ കെണിയിൽ പെട്ടില്ല എന്നത് ആശ്വാസം ലോകത്തിൽ ആദ്യമായി “അവർണ്ണ- സവർണ്ണ” പന്തി ഭോജനം 1873 -1909 കാലഘട്ടത്തിൽതൈക്കാട് നടത്തി റിക്കാർഡ് സൃഷ്ടിച്ച നവോത്ഥാന നായക പിതാവ് ആയിരുന്നു അയ്യാവ് സ്വാമികൾ എന്ന “ഗുരുക്കൻ ക്കൻ മാരുടെ ഗുരു” .സതീഷ് കിടാരക്കുഴി എഴുതിയായ അയ്യാവിന്റെ ജീവചരിത്രം (എൻ .ബി ,എസ്) കാണുക .
അയ്യാ വൈകുണ്ഠരുടെ “സമപന്തി ഭോജനം” (1939 ) .”പുലയൻ” അയ്യപ്പൻറെ “ഈഴവ -ചെറുമ “ മിശ്രഭോജനം (1919 ) എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാളിയെ (പിൽക്കാല മഹാത്മാ അയ്യങ്കാളി )കൂടെ തന്നോടും ബ്രാ ഹ്മണരോടും ക്ഷത്രിയരോടും ഇസ്‌ലാം മത വിശ്വാസികളോടും(മക്കിടി ലബ്ബ ) ക്രിസ്ത്യൻ വിശ്വാസികളോടും(ഫാദർ പേട്ട ഫെർണാണ്ടസ് ) സ്ത്രീകളോടും (വാളത്തുങ്കൽ 'അമ്മ ) ഒപ്പം ഇരുത്തി അയ്യാ സാമികൾ 1873 -1909 കാലഘട്ടത്തിൽ തൈക്കാട് ഇടപ്പിറ വിളാകം വീട്ടിൽ വച്ച് നടത്തി പോന്നിരുന്ന “അവർണ്ണ- സവർണ്ണ പന്തി ഭോജനം” .തുടർന്ന് അയ്യാവിനെ യാഥാസ്ഥിതിക സമൂഹം “പാണ്ടിപ്പറയൻ” എന്ന് വിളിച്ചു .കുന്നുകുഴി മണിയെ പോലുള്ള ചരിത്രകാരന്മാർക്കു അയ്യാവ് ഇന്നും പാണ്ടിപ്പറയൻ തന്നെ . ( കുന്നുകുഴി മണി കേരളം ശബ്ദം വാരികയിൽ എഴുതിയ ലേഖനം കാണുക ) ശ്രീ നാരായണ ഗുരു “ഈശാവാസ്യ ഉപനിഷത്” മൊഴിമാറ്റം നൽകി എഴുതിയ കാര്യം വിവരിച്ചു കൊണ്ടുള്ള എഡിറ്റർ അശോകൻ വേങ്ങരയുടെ പഠനം ഏറെ ശ്രദ്ധേയ മായിരിക്കുന്നു .അദ്ദേഹത്തിന്റെ പഠനങ്ങൾ നിരവധി ലോക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ക്കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്ത . അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ .അദ്ദേഹത്തിന് ഇനിയും ഏറെ പ്രവർത്തിക്കാൻ കഴിയട്ടെ .
ഗുരുവിനു പ്രണാമം .
Comments
Post a Comment