ഹാരപ്പയിൽ നിന്നും വന്ന “കാനം” :പഴമയും പെരുമയും

ഹാരപ്പയിൽ നിന്നും വന്ന “കാനം” പഴമയും പെരുമയും

ഡോ .കാനം ശങ്കരപ്പിള്ള

9447035416

സ്ഥലനാമ ഗവേഷകൻ ശ്രീ ഹരികട്ടേൽ രചിച്ച മൂന്നാമത് ജില്ലാ സ്ഥലനാമ ചരിത്രം കോട്ടയം ജില്ലയുടേതാണ് (എസ് .പി സി എസ് .മെയ് 2023 . 254 പുറങ്ങൾ .പുറം 134 -140.

“ കാനം : കാടകം മുതൽ കടലോളം വരെ” എന്നത് ഞാൻ പിറന്ന ദേശത്തെ കുറിച്ചുള്ള ചരിത്രം ആണെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു . മലയാളികൾ ഉള്ള ദേശങ്ങളിലെല്ലാം അറിയപ്പെടുന്ന സ്ഥലനാമം ആണ് കോട്ടയം ജില്ലയിലെ ,ചങ്ങനാശ്ശേരി താലൂക്കിൽ, ഉള്ള കങ്ങഴ മുറിയിലെ കാനം എന്ന കൊച്ചു ഗ്രാമം.

ഇൻഗ്ലണ്ടിൽ നിന്നും മതപ്രചാരണത്തിനു വന്ന ഏ.എഫ്. പെയിന്റർ എന്ന പാതിരി സ്ഥാപിച്ച കാന ത്തിലെ സി.എം എസ് സ്‌കൂളിൽ ആയിരുന്നു 1955 -56-57 കാലത്തെ മിഡിൽസ്‌കൂളിൽ പഠനം . സഹവിദ്യാർത്ഥി ബ്‌ളസ്സൻ ജെ. എബ്രഹാ (പിൽക്കാലം റിസേർവ് ബാങ്ക് ഉദ്യോഗസ്ഥൻ ) മിന്റെ പിതാവ്, എപ്പോഴും നിലത്തു കുനിഞ്ഞു നോക്കി നടന്നിരുന്ന , എം .ഐ .അബ്രഹാം സാർ ആയിരുന്നു ഹെഡ് മാസ്റ്റർ .ക്ലാസ് തുടങ്ങും മുമ്പ് ബൈബിൾ ക്ലാസും ക്രൈസ്തവ പ്രാർത്ഥനയും നിര്ബന്ധ മായിരുന്നു സ്‌കൂളിൽ .നമ്മുടെ “കാനം “ബൈബിളിലെ “കാനാൻ ദേശം” തന്നെ എന്ന് ഒന്നാം സാർ കൂടെക്കൂടെ പറയുമായിരുന്നു .സാറിന്റെ മകൾ അച്ചാമ്മ കൊച്ചുകാഞ്ഞിരപ്പാറ പ്രൈമറി സ്‌കൂളിൽ നാലാം ക്ലാസ് ടീച്ചർ ആയിരുന്നു എന്നതും ഓർമ്മയിൽ തെളിഞ്ഞു വരുന്നു .

കാനത്തിലെ ആദ്യ കവി കാനം രാജേന്ദ്രന്റെ അമ്മാവൻ ടി .കെ കൃഷ്ണൻ നായർ ആയിരുന്നു .”കാനം കുട്ടികൃഷ്ണൻ” എന്ന പേരിൽ അദ്ദേഹം അച്ചടിപ്പിച്ച “മുരളി “ആയിരുന്നു കാനത്തിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ സാഹിത്യ കൃതി . മണിമംഗലം ശങ്കരപ്പിള്ള -ദേവകിഅമ്മ അധ്യാപക ദമ്പതികളുടെ മകൾ കമലാഭായി എന്ന അയൽക്കാരിയോട് തോന്നിയ പ്രേമം ആയിരുന്നു പ്രചോദനം .വിവാഹം കഴിഞ്ഞതോടെ (ആ വിവാഹം മനസ്സിൽ മായാതെ നിൽക്കുന്നു .നിരവധി മംഗള പത്ര കവിതകൾ വായിച്ചു സമർപ്പിക്കപ്പെട്ട ഒരു സാഹിത്യ കല്യാണ മഹാമഹം) .പുന്നപ്ര വയലാർ സമരത്തെ കുറിച്ചുള്ള കവിത ഉണ്ടായിരുന്നതിനാൽ ആ പുസ്തകം കണ്ടുകെട്ടപ്പെട്ടു എന്ന അനന്തരവൻ ചന്ദ്രൻ നായരുടെ (നർത്തകി പായലിന്റെ പിതാവ് ) ഫേസ് ബുക് കുറിപ്പ് വാസ്തവം ആവാം .

പിന്നെയാണ് കാനം ഈ ജെ ഫിലിപ്പിന്റെ രംഗപ്രവേശം . കഥ ,നോവൽ(നീണ്ട കഥകൾ ) നാടകം ,ചലച്ചിത്ര ഗാനം, മനോരാജ്യം വാരിക എന്നിവയാൽ മലയാളികളെ രസിപ്പിച്ച ഈ ജെ സാർ . (“ആയിരം കാതം അകലെയാണെകിലും” എന്ന അതി പ്രശസ്ത ഗാനം രചിച്ചതും ഈ ജെ സാർ എന്നറിയാവുന്നവർ വിരളം ).

പിന്നെ ഡോക്ടർ കാനം ശങ്കരപ്പിള്ള

സഖാവ് കാനം രാജേന്ദ്രൻ കാനം വിജയൻ

കാനം ജയകുമാർ എന്നിങ്ങനെ കാനം എന്ന ദേശ നാമം കയ്യേറിയവർ നിരവധി .

“മീനച്ചിൽ താലൂക്കിൽ വാഴൂർ അമരുന്ന “ എന്ന ആദ്യ കട്ടേൽ വാചകത്തിൽ കല്ലുകടി .

കാനം എന്ന കാനന ഭൂമി നൂറ്റി നാൽപ്പതിൽ പരം വര്ഷം മുൻപ് കൊടുവള്ളി നമ്പൂതിരിയിൽ നിന്നും എന്റെ മുതുമുത്തച്ഛൻ വാഴൂർ തുണ്ടത്തിൽ ശിവരാമപിള്ള എഴുപതു വെള്ളിപ്പണം നൽകി വാങ്ങുമ്പോൾ അദ്ദേഹം “ളാലം” (പാലാ )”പ്രവർത്ത്യാർ അങ്ങുന്ന്” ആയിരുന്നു . അക്കാലം ഒരു പക്ഷെ മീനച്ചിൽ താലൂക്കിന്റെ ഭാഗം ആയിരുന്നിരിക്കാം കാനം . പക്ഷെ ഇപ്പോൾ കാനം മീനച്ചിൽ താലൂക്കിലല്ല , ചങ്ങനാശ്ശേരി താലൂക്കിൽ ആണ് സ്ഥിതി ചെയ്യുന്നത് . ദ്രാവിഡ പദമാകയാൽ കാനം എന്ന പേരിനു രണ്ടു സഹാസ്രാബ്ദം പ്രായം ശ്രീ കട്ടേൽ നൽകുന്നു .(പുറം 138 )

ഒറ്റപ്പാലം പൂക്കോട്ടരി പഞ്ചായത്തിൽ മറ്റൊരു കാനം ഉണ്ടത്രേ . കണ്ണൂരിൽ കാനത്തൂരും .വാഴൂരിലെ തേക്കാനം ,മീനച്ചിലിലെ ഭരണം കാനം (ഭരണങ്ങാനം ),വെള്ളായണിക്ക് സമീപം ഉള്ള വേണ് +കാനം +ഊര് (വെങ്ങാനൂർ ),പഴം കാനം (പഴങ്കാനം ,പഴങ്ങാലം ),പേരും കാനം (പെരുങ്ങാലം )മാ +കാനം (മാങ്ങാനം ),നാരം +കാനം (നാരങ്ങാനം ),പഴുക്കാനം ,കുട്ടിക്കാനം ,തങ്കക്കാനം (വാഗമൺ )മരക്കാ നം ,കോഴിക്കാനം ,ഇരുട്ടുകാനം ,ചക്കക്കാനം എന്നിങ്ങനെ നിരവധി കാന ങ്ങളെ ശ്രീ കട്ടേൽ കണ്ടത്തി ലിസ്റ്റു ചെയ്യുന്നു . എന്നാൽ ദ്രാവിഡ ദേശ നാമം ആയ കാനം കേരളത്തിൽ മാത്രം ഒതുങ്ങുന്ന ദേശ നാമമല്ല .

“കാനം” എന്ന നാട്ടുപേരും “കല്ലൂർ” എന്ന വീട്ടുപേരും

“കാനം” എന്ന എൻ്റെ നാട്ടുപേരും “കല്ലൂർ” എന്ന വീട്ടുപേരും (എൻ്റെ മാതൃഭവനം ) വെറും സാധാരണ പേരുകൾ എന്ന ധാരണ ആയിരുന്നു ഇത്രയും നാൾ .

ആർ ബാലകൃഷ്ണൻ, ഐ. ഏ .എസ് പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ- ഇൻഡസ് ടു വൈഗ” വായിച്ചതോടെ, ആ പേരുകൾക്ക് ഉള്ള ചരിത്രപ്രാധാന്യം ,”ദ്രാവിഡ പെരുമ” എന്നെ അത്ഭുത പെടുത്തുന്നു .

വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പ ,മോഹൻജൊദാരോ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും തെന്നിന്ത്യയിലേക്ക് നടന്നെത്തിയ ദ്രാവിഡ പേരുകൾ ആണ് “കാനം”, “കല്ലൂർ” എന്നിവയൊക്കെ എന്ന് നാമശാസ്‌ത്ര (Onomastics) ഗവേഷകൻ ,സംഘകാല സാഹിത്യ ഗവേഷകൻ , കവി ,ചരിത്രകാരൻ ,തമിഴ് പണ്ഡിതൻ ,പ്രഭാഷകൻ എന്നീ ബഹുമതികൾക്കർഹൻ ആയ ഒഡീസായുടെ മുൻ ചീഫ് സെക്രട്ടറി , മുൻ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ (രണ്ടുതവണ )നടത്തിയ ഗവേഷണം തെളിയിക്കുന്നു .

ഇന്ത്യ,പാകിസ്ഥാൻ ,അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ പതിമൂന്നു ലക്ഷത്തോളം ,കൃത്യമായി പറഞ്ഞാൽ 12,66,706 സ്ഥല നാമങ്ങൾ (പുറം 121കാണുക ), സംഘ കൃതികളിലെ സ്ഥല വ്യക്തി നാമങ്ങൾ (ഭരണാധികാരികൾ , കവികൾ ,ഇടപ്രഭുക്കൾ ഗോത്ര തലവർ ) ,വേദേതിഹാസങ്ങളിലെ പേരുകൾ എന്നിവ ശേഖരിച്ചു മുപ്പതു വര്ഷക്കാലം നടത്തിയ വിശദ പഠനങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ Journey of A Civilization Indus to Vaigai (RMRL -റോജാ മുത്തയ്യാ റിസേർച് ലൈബ്രറി പ്രസിദ്ധീകരണം (2021 പേജ് 524 .വില Rs.2400).

സിന്ധു നദീതട സംസ്കാരത്തെ കുറിച്ച് ലോകം അറിഞ്ഞിട്ടു നൂറു വര്ഷം പൂർത്തിയാകാൻ പോവുകയാണ്(2024 സെപ്തബറിൽ) .വേദേതിഹാസ കാലത്തിനു മുമ്പുള്ള ദ്രാവിഡ സംസ്കാരം ആണ് മോഹൻജോ ദാരോ ,ഹാരപ്പ തുടങ്ങിയ നദീതട പ്രദേശങ്ങളിൽ നിലനിന്നിരുന്നത് എന്ന് പലരും അവകാശപ്പെട്ടു എങ്കിലും അത് വെറും പരികല്പന (hypothesis) മാത്രം എന്നാണു ചരിത്ര പണ്ഡിതർ പറഞ്ഞു പോന്നത് .എന്നാൽ നാമശാസ്ത്ര പഠനം വഴി ആർ ബാലകൃഷ്‌ണൻ സിന്ധു നദീതട സംസ്കാരം ദ്രാവിഡ സംസ്കാരം എന്ന് തറപ്പിച്ചു പറയുന്നു. നിരവധി തെളിവുകൾ നിരത്തി വളരെ രസകരമായി .

കേരളീയ ദ്രാവിഡ പണ്ഡിതൻ ആയിരുന്ന വി ഐ സുബ്രഹ്‍മണ്യം , പ്രമുഖ ഇന്തോളജിസ്റ് ഐരാവതം മഹാദേവൻ ( ഐ. ഏ .എസ് കാരനായിരുന്ന മഹാദേവൻ അതുപേക്ഷിച്ചു മാധ്യമ പ്രവർത്തകൻ ആയപ്പോൾ, ആദ്യം മാധ്യമ പ്രവർത്തകൻ ആയിരുന്ന ബാലകൃഷ്ണൻ അതുപേക്ഷിച്ചു ഐ. ഏ. എസ് നേടി,(1984) ചീഫ് സെക്രട്ടറി പദവി വരെയെത്തി .ആദ്യമായി തമിഴിൽ ഐ. ഏ. എസ് എഴുതിഎടുത്ത ആൾ എന്ന ബഹുമതി നേടിയ തമിഴ് ഭാഷാപ്രേമി.കവി ) എന്നിവരുടെ സഹായം ബാലകൃഷ്ണന് ആവോളം ലഭിച്ചു .

സിന്ധു നദീതടത്തിൽ നിന്നും കോർക്കയ്‌-വഞ്ചി -തൊണ്ടി തുടങ്ങി നിരവധി പേരുകൾ തെന്നിന്ത്യൻ നദീതടങ്ങളിലേക്കു കുടിയേറി എന്ന് KVT Complex പരികല്പന വഴി ബാലകൃഷ്ണൻ സ്ഥാപിക്കുന്നു(അദ്ധ്യായം 7 പുറം 118). നിരവധി മാപ്പുകളും ചിത്രങ്ങളും ചാർട്ടുകളും വഴിയാണ് അദ്ദേഹം തന്റെ വാദം അവതരിപ്പിക്കുന്നത് . പടിഞ്ഞാറ് മേളിൽ (മുകളിൽ “മേക്ക്” ) ഉള്ള കോട്ടയും (Citadel ) കിഴക്കു കീഴെയുള്ള നഗരവും സിന്ധു നദീതട നഗരാസൂത്രണ രീതി എന്ന് ബാലകൃഷ്ണൻ കണ്ടെത്തുന്നു (“High West Low East” Dichotomy of Indus Citie. ഏട്ടാം ആദ്ധ്യായം പുറം 188 ).

മുകളിൽ സൂര്യൻ ഉദിക്കയും താഴെ കടലിൽ സൂര്യൻ അസ്തമിക്കുകയും ചെയ്യുന്ന മലയാള നാടിനു “കിഴക്ക്” (കീഴിൽ ഉള്ള ദിക്കിൽ ഉദയം ) “മേക്ക്” (മുകളിൽ അസ്തമനം നടക്കുന്ന സ്ഥലം ) എന്നീ പദങ്ങൾ സഹ്യാദ്രിക്കപ്പുറം ഉള്ള തമിഴ് നാട്ടിൽ നിന്ന് കിട്ടി എന്ന ധാരണയെ മാറ്റി എഴുതുന്നു ബാലകൃഷ്ണന്റെ കണ്ടെത്തലുകൾ .ആ പദങ്ങൾ അങ്ങ് വടക്കു പടിഞ്ഞാറൻ സിന്ധു തടങ്ങളിൽ ഉണ്ടായിരുന്ന നഗരാസൂത്രണത്തിൽ നിന്ന് ലഭിച്ചവ എന്ന് ബാലകൃഷ്‌ണൻ തിരുത്തുന്നു . ചുരുക്കത്തിൽ മേക്കും കിഴക്കും ഹാരപ്പയിൽ നിന്നും കന്യാകുമാരി വരെ യാത്ര ചെയ്തിരിക്കുന്നു.

കാനം എന്ന പോർക്കളം തമിഴ് പഴംപാട്ടുകളിലെ അതിപ്രശസ്തമായ പോർക്കളമാണ് “കാനം” . മാങ്കുടി മരുതനാർ എന്ന സംഘകാല കവി ചോളരെയും ചേരരേയും വേൾ പ്രഭുക്കളെയും പോരിൽ തോൽപിച്ച നെടും ചേഴിയൻ എന്ന പാണ്ട്യരാജാവിനെ വാഴ്ത്തുന്നു. “തയ്‌ലൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന “കാനം” എന്ന സ്ഥലത്തെ പോർക്കളത്തിലായിരുന്നു ഏറ്റവും പൊരിഞ്ഞ യുദ്ധം . “തായ്ചിലൻ കാനത്ത് ചേരുവന്റ” എന്ന ബഹുമതി കവി നെടുംചേരിയൻ എന്ന പാണ്ട്യ രാജാവിന് നൽകുന്നു.

മിലാലൈ ,മുട്ടുരുക്കു കുറം എന്നീ പ്രദേശങ്ങൾ അയല് രാ ജ്യങ്ങളിൽ നിന്നും അദ്ദേഹം കൈവശമാക്കുന്നു. മറ്റുചില പഴം പാട്ടുകളിലും പാണ്ട്യ രാജാക്കന്മാരുടെ കാലത്തെ ചെമ്പോലകളിലും കാനം എന്ന പടനിലത്തെ കുറിച്ചും അവിടെ അരങ്ങേറിയ ഉഗ്ര പോരിനെ കുറിച്ചും വിവരണം ഉണ്ട് എന്ന് ആർ .ബാലകൃഷ്ണൻ (പുറം 169).

അഫ്‌ഗാനിസ്ഥാനിൽ “കാനം” എന്ന ഒറ്റവാക്കിലുള്ള സഥലനാമം ഉണ്ട് . കാനം ആദ്യ പേരായി വരുന്ന “കാനം തഹ്‌നായ്” എന്ന് മറ്റൊരു സ്ഥലവും ഉണ്ട് എന്ന് ബാലകൃഷ്ണൻ .

കല്ലൂർ —-------

ദ്രാവിഡ ദേശങ്ങളിൽ നിരവധി സ്ഥലനാമങ്ങളിൽ ഊര് കാണാം . ആലൂർ ,ആമൂർ ,ആവൂർ ,അരസൂർ ,ബാദൂർ ,ഹാരൂർ ,ഹോസൂർ ,കല്ലൂർ ,കലൂർ ,കണ്ടൂർ ,കാഞ്ഞൂർ ,കൊടൂർ ,കൊളൂർ ,കൊണ്ടൂർ ,മനൂർ, മുഹൂർ , പാലൂർ ,പസൂർ ,പോലൂർ ,സാലൂർ ,സെലൂര്,ടാണൂർ ,തിരൂർ എന്നിങ്ങനെ ഉള്ള സ്ഥലനാമങ്ങൾ തെന്നിന്ത്യയിലും വടക്കു പടിഞ്ഞാറൻ ഉപഭൂഖണ്ഡത്തിലെ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലും കാണപ്പെടുന്നു എന്ന് ബാലകൃഷ്ണൻ (പുറം 124).

ഇവയിൽ “കല്ലൂർ “എന്ന പേര് അദ്ദേഹം എടുത്ത് പറയുന്നു . കുടിയേറ്റ ഇടവഴി കാട്ടിത്തരുന്ന സ്ഥലനാമം ആണത്രേ കല്ലൂർ .(“kalloor Corridor” .പുറം 125).

പാകിസ്ഥാനിൽ മാത്രമല്ല ,മഹാരാഷ്ട്രാ ,ആന്ധ്രാ ,കർണാടക ,തമിഴ്‌നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും കല്ലൂർ എന്ന പേര് കാണപ്പെടുന്നു . ഹാരപ്പയെ കേരളവുമായി ബന്ധിപ്പിക്കുന്ന ദ്രാവിഡ ദേശ നാമം.അതത്രേ കല്ലൂർ (പുറം 125).

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ