വെള്ളാളർ മിത്തും ചരിത്രവും
9447035416
ഒരു നാൾ ,ഗിരിജാ വല്ലഭനായ പരമശിവനും ഹിമഗിരിപുത്രിയായ പാര് വതിയും ഏകാന്തതയിൽ സല്ലപതി ചിരിക്കുന്ന വേളയിൽ സൃഷ്ടി കർത്താവായ വിശ്വകര്മ്മാവ് മുന്നറിയിപ്പ് കൂടാതെ കൈലാസത്തിലെ കട്ടുറുമ്പ് ആയി .
രസച്ചരട് മുറിച്ചതിൽ കോപാകുലയായ പർവത പുത്രി വിശ്വകർമ്മാവിനെ ശപിച്ചു :"അങ്ങയെ കൊല്ലാൻ ഭൂമിയിൽ ഒരു ദിവ്യരൂപം കിരീടധാരി ആയി ജനിക്കും ".
തന്നെ കൊല്ലാൻ ആ ദിവ്യൻ എവിടെയാവും ജനിക്കുക എന്നാരാഞ്ഞ വിശ്വകര്മ്മാവിന് അത് ഗംഗാതീരത്ത് ആയിരിക്കും എന്ന മറുപടി കിട്ടി .
തന്നെ കൊല്ലാൻ ജനിക്കുന്ന ദിവ്യനെ താൻ ഒറ്റവെട്ടിനു കൊല്ലും എന്ന് വിശ്വകർമ്മാവ് പ്രഖ്യാപിച്ചു .
വിശ്വകർമ്മാവ് ഉടവാളും ആയി ഗംഗാതീരത്ത് കാത്തിരുന്നു . ഒരു നാൾ ഭൂമി പിളർന്ന് കിരീടധാരിയായ ഒരു സുന്ദരൻ ഉയർന്നു വന്നു . കോപാക്രാന്തനായ വിശ്വകർമ്മാവ് വാളെടുത്ത് ഒറ്റ വെട്ട് .
എന്നാൽ തലയ്ക്കു പകരം കിരീടം ആണ് തെറിച്ചു വീണത് . ഭൂമി പുത്രനായ പുമാൻ ഒരു സ്വർണ്ണ കലപ്പയുമായി ഉയർന്നു വന്നു . വിശ്വകർമ്മാവ് വീണ്ടും വാൾ ഉയർത്തി . ബ്രഹ്മ വിഷ്ണു മഹേശ്വൻ മാർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ട് വിശ്വകര്മാവിനെ തടഞ്ഞു .
ഭൂമി പുത്രനായ നിങ്ങളുടെ ശത്രുവിനെ ഒറ്റവെട്ടിനാൽ വധിക്കും എന്നായിരുന്നല്ലോ താങ്കളുടെ പ്രതിജ്ഞ . ഒറ്റവെട്ടിനാൽ അത് സംഭവിച്ചില്ല .അങ്ങേയ്ക്കു വീണ്ടും വെട്ടാൻ അവകാശമില്ല .
വിശ്വകർമ്മാവ് തോൽവി സമ്മതിച്ചു പിൻവാങ്ങി .
തന്റെ പുത്രരായ ഐങ്കമ്മാളരെ (ആശാരി ,മൂശാരി ,തച്ചൻ ,കൊല്ല ൻ ,തട്ടാൻ ) എന്നിവരെ വിശ്വകർമ്മാവ് ഭൂമി പാലകന് ആശ്രിതന്മാരായി നൽകി അനുഗ്രഹിച്ചു . ത്രിമൂർത്തികൾ ഭൂമി പാലകന് ഗംഗാകുലൻ ,മുർദ പാലകൻ എന്നീ പദവികൾ നൽകി അനുഗ്രഹിച്ചു .
ജനന സമയത്തു കിരീടം നഷ്ടപ്പെട്ടതിനാൽ ഭൂമി പാലകന് ഒരുകാലത്തും രാജാവാകാൻ അവകാശം കിട്ടില്ല എന്നും അദ്ദേഹത്തിന്റെ വംശത്തിൽ ജനിക്കുന്നവർ എല്ലാം എക്കാലവും ഭൂമി ഉഴുതും കൃഷി ചെയ്തും ജനസംരക്ഷ ണം ചെയ്യണമെന്നും ത്രിമൂർത്തികൾ അറിയിച്ചു .
ഭൂമി പാലകന്റെ സന്താനപരമ്പരയിൽ പെട്ട ഒരാൾക്ക് രാജാവിന്റെ കിരീട ധാരണ വേളയിൽ കിരീടം വച്ച് കൊടുക്കാനുള്ള അധികാരവും അവകാശവാറും നൽകപ്പെട്ടു .
ത്രിമൂർത്തികൾ ഭൂമിപാലകന് പൂണൂലും നൽകി . ദേവേന്ദ്രനും കുബേരനും സന്നിഹതർ ആയി അവരുടെ പുത്രിമാരെ ഭൂമിപാലകന് വിവാഹം കഴിച്ചു കൊടുത്തു .
പരമശിവൻ തന്റെ വെള്ളക്കാളയെ നൽകി അനുഗ്രഹിച്ചു . യമരാജൻ തൻ്റെ വെള്ള പോത്തിനെ നൽകി അനുഗ്രഹിച്ചു .
കാലാന്തരത്തിൽ ഇന്ദ്രന്റെ പുത്രിമാരിൽ 54 മക്കളും കുബേരന്റെ പുത്രിമാരിൽ 52 മക്കളും ഭൂമി പാലകന് ജനിച്ചു .
ആ 106 മക്കളും കുബേര പുത്രനായ നാളകുമാരന്റെ മക്കളെ വിവാഹം കഴിച്ചു . വിവാഹ സമയത്തെ വ്യവസ്ഥ പ്രകാരം ആ 106 മക്കളിൽ 35 പേര് കർഷകർ ആയി . 35 പേര് അജപാലകർ ആയി . 35 പേര് വ്യാപാരികൾ (ചെട്ടികൾ ) ആയി ജീവിച്ചു പോന്നു .
ഒരാൾക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും അനുമതി നൽകി .
ആ 106 സന്താനങ്ങൾക്ക് 2000 മക്കൾ ജനിച്ചു . അവർ വിഭിന്ന ജാതിയായി .
ശേഷിച്ച 105 പേർക്ക് 1200 മക്കൾ പിറന്നു . അവർ വെള്ളാളർ എന്ന പേരിൽ കൃഷി ,ആടുമാടു വളർത്തൽ ,കച്ചവടം എന്നീ തൊഴിലുകൾ സ്വീകരിച്ചു .
തേർസ്റ്റൻ ,രങ്കാചാരി എന്നിവർ കാസ്റ്റസ് ആൻഡ് ട്രൈബ്സ് ഓഫ് സൗത് ഇൻഡ്യാ എന്ന ഗ്രന്ഥത്തിൽ മറ്റൊരു കഥ കൂടി നൽകുന്നു . മനുഷ്യൻ പച്ചിലയും പച്ചമാംസവും കാട്ടരുവിയിലെ വെള്ളവും കുടിച്ചു ജീവിച്ചു വന്നിരുന്ന കാലം . വിത്തുകൾ ശേഖരിക്കപ്പെട്ടിട്ടില്ല കൃഷി കണ്ടു പിടിക്കപ്പെട്ടില്ല .
അങ്ങനെ ഇരിക്കെ ഭൂമിയിൽ അതികഠിനമായ വരൾ ർച്ച . ജനങ്ങൾ കൊടും പട്ടിണിയിൽ . മനുഷ്യൻ ഭൂമിദേവിയോട് കരുണ ചെയ്യണം എന്ന് പ്രാർത്ഥിച്ചു . ദേവി പ്രസാദിച്ചു തൻ്റെ ശരീരത്തിൽ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിച്ചു .
അദ്ദേഹം കലപ്പ നിർമ്മിക്കുകയും ഉഴുന്ന രീതി ആവിഷ്കരിക്കയും ചെയ്തത് കൃഷി ചെയ്യേണ്ടുന്ന രീതി മനുഷ്യരെ പഠിപ്പിച്ചു .
ആ മനുഷ്യന്റെ സന്താന പരമ്പര വെള്ളാളർ എന്നറിയപ്പെട്ടു .
വെള്ളാളർ -ചരിത്രം
===================
തമിഴ്‌നാട് ,കർണ്ണാടക ,ആന്ധ്രാ,കേരളം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്ക ,മലയ ,സിംഗപ്പൂർ ,ഫിജി ,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും പുരാതന കാലം മുതൽ കണ്ടുവന്നിരുന്ന ഒരു ജനവിഭാഗമാണ് വെള്ളാളർ . തെന്നിന്ത്യയിലെ അബ്രാഹ്മണരിൽ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും ഏറ്റവും ഉയർന്ന നിലയിൽ കഴിഞ്ഞു പോന്ന ജനവിഭാഗം . ബ്രാഹ്മണ മേധാവിത്വം വന്നപ്പോൾ ഇവരെ വൈശ്യർ ആയി ചിത്രീകരിച്ചു .ചില സന്ദർഭങ്ങളിൽ ഇവരെ ശൂദ്രർ ആയും വ്യവഹരിക്കാൻ ശ്രമം നടന്നു .എന്നാൽ അവർ ശക്തമായി അതിനെതിരെ പ്രതികരിച്ചതും ചരിത്രം .പ്രധാനമായും ശൈവർ .എന്നാൽ ചെറിയ ശതമാനം വൈഷ്ണവരും ഉണ്ട് .ഒരു കാലത്ത് അവർ ജൈന മത വിശ്വാസികൾ ആയിരുന്നു .
തെന്നിന്ത്യയിലെ ജാതികളും വർഗ്ഗങ്ങളും (കാസ്റ്റസ് ആൻഡ് ട്രൈബ്സ് ഓഫ് സൗത് ഇന്ത്യ ) എന്ന പേരിൽ എഡ്ഗാർ തേർസ്റ്റൻ,കെ .രങ്കാചാരി ഇവർ എഴുതിയ എഴുവാള്യം വരുന്ന പഠന ഗ്രന്ഥത്തിലെ വാല്യം ഏഴില് റീപ്രിന്റ് 1993 പേജ് 361 -389 ൽ വെള്ളാളരെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു . 1881 ലെ മദിരാശി സെൻസസ്സിൽ എച്ച് .ഏ ,സ്റ്റൂവാർട്ട് രേഖ പെടുത്തിയ പ്രകാരം വെള്ളാളർ തമിഴ് നാട്ടിലെ കർഷക ജനത ആണ് .അവർ എല്ലാ ജില്ലകളിലും വ്യാപകമായി കാണപ്പെട്ടിരുന്നു .വെള്ളായ്മ (അർഥം കൃഷി )എന്ന പദത്തിൽ നിന്നും ഉണ്ടായ പേരാണ് വെള്ളാളർ .വെള്ളത്തിന്റെ അധിപർ എന്ന അർത്ഥവും ആ പേരിനുണ്ട് .വേൽ (കലപ്പ )ആളുന്നവൻ എന്ന അർത്ഥവും കൊടുക്കാറുണ്ട് .മാർഷൽ ,റവ ഫാദർ എച്ച് .ഹെരാസ് എന്നിവർ വേലനെ (മുരുകനെ )ആരാധിക്കുന്നവർ എന്ന അർത്‌ഥം കൊടുത്തകാണുന്നു. (വെള്ളാളാസ് ഓഫ് മോഹൻജൊദാരോ എന്ന പ്രബന്ധം കാണുക ) .
വേൽ എന്ന സംഘകാല ഇടപ്രഭുക്കളുടെ അനുയായികൾ എന്നൊരു വാദവും ചിലർ (കേരള ചരിത്ര നിഘണ്ടു ,എസ് .കെ വസന്തൻ ) ഉയർത്തുന്നു .വയലുകളുടെ അധിപൻ എന്നൊരർത്ഥവും നൽകാറുണ്ട് (വെള്ളനാട് രാമചന്ദ്രൻ ,വേണാട്ടിലെ നാടുവാഴികൾ മെലിൻഡബുക്സ് ,മൂന്നാം പതിപ്പ് 2015 .പുറം 31).
1871 ലെ സെൻസസ് റിപ്പോർട്ടിൽ ഒരു ബ്രാഹ്മണൻ വെള്ളാളരെ ശൂദ്രർ ആയി ചിത്രീകരിച്ചു .വെള്ളാളർ ശക്തിയായി പ്രതിക്ഷേധിച്ചു . മനുസ്മൃതി പ്രകാരം കൃഷി ,കന്നുകാലി വളർത്തൽ ,കച്ചവടം എന്നിവയും വേദ ശാസ്ത്ര പഠനവും വൈശ്യരുടെ അവകാശം ആണെന്നും അതെല്ലാം അനുഭവിക്കുന്ന തങ്ങൾ ആരുടെയും പാദസേവകർ അല്ലെന്നും തങ്ങൾ വൈശ്യർ തന്നെ എന്നും വെള്ളാളർ പ്രഖ്യാപിച്ചു . വെള്ളാളർക്കു പ്രാചീന തമിഴ് നാട്ടിൽ നിരവധി അവകാശങ്ങൾ ഉണ്ടായിരുന്നു .മധുര രാജാവായിരുന്ന സോമസുന്ദരപാണ്ട്യൻറെ കിരീട ധാരണ ചടങ്ങിൽ രാജ ശിരസ്സിൽ കിരീടം വച്ച് നൽകിയത് ഒരു വെള്ളാളൻ ആയിരുന്നു .ആയിരത്തി ഒരു നൂറു വര്ഷം മുമ്പ് എഴുതപ്പെട്ട കമ്പ രാമായണത്തിൽ വസിഷ്ഠ മഹർഷി ശ്രീ രാമപട്ടാഭിഷേക സമയം ശ്രീ രാമന്റെ ശിരസ്സിൽ കിരീടം വച്ച് നൽകുന്നത് ഒരു വെള്ളാളൻ ആണ് .രാജാക്കന്മാരെ സ്വർണ്ണ തുലാഭാരം നടത്താനുള്ള അവകാശവും വെള്ളാളർക്കായിരുന്നു എന്ന് രേഖകൾ . ദ തമിൽസ് 1800 ഹൺഡ്രഡ് ഈയേഴ്സ് ഏഗോ എന്ന ഗ്രൻഥത്തിൽ വി കനകസഭാ പിള്ള വെള്ളാളർ ക്രിസ്തു വര്ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഉഴവർ എന്ന പേരിൽ അറിയപ്പെട്ടു എന്നെഴുതി .ചേര ചോള പാണ്ഡ്യ രാജവംശങ്ങളും ഇടപ്രഭുക്കളും (കീഴാർ ) വെള്ളാളർ ആയിരുന്നു .മൈസൂറിലെ ബല്ലാൽ ബിലാൽ വംശവും വെള്ളാളർ ആണത്രേ .ഒറീസയിൽ 11 ,12 നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന ഗംഗാ വംശ രാജാക്കന്മാരും വെള്ളാളർ ആയിരുന്നു .
കണക്കെഴുത്ത് ,ഭൂമി അളന്നു തിരിക്കൽ എന്നിവയിൽ അതീവ പ്രാഗൽഭ്യം നേടിയവർ ആയിരുന്നു വെള്ളാളർ .തഞ്ചാവൂർ പ്രദേശത്തെ ഇടപ്രഭുക്കൾ മുഴുവൻ വെള്ളാളർ ആയിരുന്നു .കോയമ്പത്തൂർ മാനുവലിൽ വെള്ളാളർ നാടിന്റെ നട്ടെല്ല് എന്ന് പരാമര്ശിക്കപ്പെട്ടിരുന്നു . വെള്ളാളരിൽ ചിലർ പൂണൂൽ ധരിച്ചിരുന്നു .മറ്റുചിലർ മതപരമായ ചടങ്ങുകളിൽ മാത്രം പൂണൂൽ ധരിച്ചു പോന്നു .1873 ലെ ഒരു റിപ്പോർട്ടിൽ ഇവർ ശുദ്ധ സസ്യഭുക്കുകളും ലഹരി ഉപയോഗിക്കാത്തവരും എന്ന് എടുത്ത് പറയുന്നു .അടിയാളരെ വിലയ്ക്ക് വാങ്ങാൻ അവർക്കു അവകാശം ഉണ്ടായിരുന്നു എന്ന് ചില രേഖകൾ പറയുന്നു .
വെള്ളാളർ ആരെന്നറിയാൻ വേദേതിഹാസങ്ങൾ പരതിയാൽ ഒരു വിവരവും കിട്ടില്ല . എന്നാൽ സംഘകാല കൃതികളിൽ (ബിസി 600-CE 300)അവരെ കുറിച്ച് വിശദമായ വിവരങ്ങൾ കിട്ടും .
കണ്ണകി കോവിലൻ ചരിത്രം ആയ ചിലപ്പതികാരത്തിൽ നായകനും നായികയും കാവേരി പൂമ്പട്ടണത്തിലെ (പൂംപുഹാർ ) വെള്ളാള വ്യാപാരികൾ (ചെട്ടികൾ ) സന്തതികൾ ആയിരുന്നുവെന്നു കാണാം . ദാന ശീലർ എന്ന അർത്ഥമാണ് വെള്ളാള പദത്തിന് എന്ന് മണിമേഖല . വിശക്കുന്ന അതിഥിയ്ക്കു ആഹാരം കൊടുക്കാതെ ഭക്ഷണം കഴിക്കാത്തവർ വെള്ളാളർ എന്നും മണിമേഖല (എം അരുണാചലം-1 ). വെള്ളാളർ എന്ന വാക്ക് ദാനം എന്നർത്‌ഥമുള്ള വേൽ എന്ന പദ ത്തിൽ നിന്നുണ്ടായി എന്ന് ആരോഗ്യസ്വാമി (2-)വേൽ പിൽക്കാലത്ത് വേലൻ അതിനുശേഷം വെള്ളാളർ എന്നുമായി എന്ന് അദ്ദേഹം തുടരുന്നു. നൂറു വര്ഷം മുമ്പ് (1924 )സർ ജോൺ മാർഷൽ (3 )അദ്ദേഹത്തിൻ്റെ "മോഹൻജോ ദാരോ ആൻഡ് ഇന്ഡസ് സിവിലൈസഷൻ" എന്ന പ്രബന്ധത്തിൽ വെള്ളാളർ ആയിരുന്നു സിന്ധുതടങ്ങളിലെ സ്ഥിരവാസികൾ ആയ നാഗരികർ എന്ന് കണ്ടെത്തി .
വേൽ ധാരികൾ വേലനും വേലനെ (മുരുകനെ )ആരാധിക്കുന്നവർ വെള്ളാളനും എന്ന റവ ഫാദർ എച്ച് ഹേരാസ് (4 ) തൊല്കാപ്പിയം എന്ന സംഘകാല വ്യാകരണ ശാസ്ത്രത്തിന്റെ വ്യാഖ്യാതാവ് നാഞ്ചിനാർക്കിനിയാർ വെള്ളാളർ വടക്കേഇന്ത്യയിൽ നിന്നും തെക്കേ ഇന്ത്യയിലേക്ക് കുടിയേറി എന്നെഴുതി .
ദേവന്മാർ ഒരിക്കൽ മേരു പർവതത്തിൽ സമ്മേളിച്ചു . അപ്പോൾ അവരുടെ ഭാരത്താൽ വടക്കു ഭാഗം താണു . പർവതം പഴയ അവസ്ഥയിലാക്കാൻ ദേവന്മാർ അഗസ്ത്യമുനിയെ തെക്കുഭാഗത്തേക്കയച്ചു . കുടത്തിൽ ജനിച്ച മഹർഷിയാണ് അഗസ്ത്യർ . ദ്വാരകയിൽ നിന്നും പതിനെട്ടു വേൽ പ്രഭുക്കളും പതിനെട്ട് അറുവാളർ കുടുംബങ്ങളും ആയി അഗസ്ത്യർ തെക്കോട്ടു പോന്നു . (എം ആരോഗ്യസ്വാമി ) ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്കുള്ള കുടിയേറ്റം നയിച്ചത് ഉഗ്രപാണ്ഢ്യൻ എന്ന വെള്ളാളൻ ആയിരുന്നു . രാമേശ്വരത്തേക്കു പോകും വഴിയിൽ തെക്കൻ മധുരയിലെ ദണ്ഡകാരണ്യം എന്ന ഫലഭൂയിഷ്ഠമായ പ്രദേശം കണ്ടു അവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു .
കുടുംബത്തെയും ആശ്രിതരെയും കൊണ്ടുവന്നു ആ പ്രദേശം മുഴുവൻ വെട്ടിത്തെളിച്ചു കൃഷി ഇറക്കി .വൈഗ നദിക്കരയിൽ അവർ മധുരാപുരി കെട്ടി ഉയർത്തി .തിരുപ്പുറ കുൻറത്തിനു നേർ കിഴക്കായി കാണപ്പെടുന്ന ,ഇപ്പോൾ ഉല്ഖനനം നടത്തപ്പെടുന്ന കീഴടി ആയിരുന്നുവത്രെ ആദ്യകാല മധുരാപുരി . റവ ഫാദർ എച്ച് .ഹേരാസ് (6 ) സിന്ധു നദീതട വാസികൾ വെള്ളാളർ എന്ന് കണ്ടെത്തി . ആര്യന്മാർ വന്നപ്പോൾ അവർ തെന്നിന്ത്യയിലേക്കു കുടിയേറി .W .A .Fair Servis (7 ) അത് ശരിവയ്ക്കുന്നു .
ആര്യന്മാരുടെ അധിനിവേശം ഉണ്ടാകും മുമ്പ് ഗംഗാതടത്തിലെ തമൂല എന്ന പ്രദേശത്തായിരുന്നു വെള്ളാളർ താമസിച്ചിരുന്നത് .അവർ തെക്കേ ഇന്ത്യയിലെ തോ ണ്ടമണ്ഡലത്തിലേക്കാണ് ആദ്യം കുടിയേറിയത് കർഷകർ ആയിരുന്ന അവരിൽ വെള്ളാളർ ,കാരാളർ ,കാർക്കാടകർ തുടങ്ങിയ ഉപ വിഭാഗങ്ങൾ ഉണ്ടായി . ഗംഗാനദിയിലെ തുറമുഖമായ താമ്പ്ര ലിപ്‌തിയിൽ നിന്നും ദക്ഷിണേന്ത്യയിലേക്കു കുടിയേറിയ വ്യാപാരികൾ (ചെട്ടികള് )ആണ് വെള്ളാളർ എന്ന് കനകസഭാപതി പിള്ള (10 ). അവർ ഗംഗാകുലവംശർ എന്നും അദ്ദേഹം എഴുതുന്നു .ഗൺഗ്രിഡ് എന്ന പ്രദേശത്തു താമസിച്ചിരുന്നവർ ആണവർ എന്ന് പ്ലിനി ,ടോളമി എന്നിവർ (11 ) വ െള്ളാളർ എല്ലാം ശൈവ ആരാധനക്കാർ എന്ന് നെൽസൺ (11 ). കുലശേഖര പാണ്ട്യൻറെ കാലത്ത് ബനാറസിൽ നിന്നും മധുരയിലേക്ക് കുടിയേറിയവർ വെള്ളാളർ എന്നും അദ്ദേഹം എഴുതുന്നു . തെലുങ്ക ദേശമായ വടുക ത്ത് കുടിയേറിയ വെള്ളാളർ വേളമർ. കർണ്ണാടകത്തിൽ വെള്ളാളർ ബല്ലാൽ വംശം സ്ഥാപിച്ചു എന്ന് എഡ്‌ഗാർ തേർസ്റ്റൻ(12 ) ഉഗ്രപാണ്ട്യൻ കാവേരി പൂമ്പട്ടണത്തിൽ (പൂംപുഹാർ ) നിന്നും വെള്ളാളർ ക്ഷണിച്ചു വരുത്തി മധുരാനഗരം സ്ഥാപിച്ചു .ഏഴു സംഘങ്ങൾ ആയി 48000 പേര് മധുരയിൽ എത്തി . അവർ ആദായത്തിൽ ആറിലൊന്നു രാജഭോഗമായി നൽകി പോന്നു . പിൽക്കാലത്ത് വളളംബൻ മാരും കള്ളന്മാരും അവരെ അവിടെ നിന്ന് പാലായനം ചെയ്യിച്ചു .
തുടർന്ന് വെള്ളാളർ തമിഴകത്തെ തിരുപ്പട്ടൂർ ,തിരുവടാനി ,കൊടമാളൂര് ,തിരുനെൽവേലി ,ശ്രീവൈകുണ്ഡം എന്നീ സ്ഥലങ്ങളിലേക്ക് കുടിയേറി .
മധുരയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും വെള്ളാളർ തിരുവിതാം കൂറിലേക്കു ജോലി സംബന്ധമായി പ്രത്യേകിച്ചും ഭരണ കാര്യങ്ങളിൽ സഹായിക്കാൻ ക്ഷണിക്കപ്പെട്ടു കുടിയേറി എന്ന് 1931 ലെ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു .
എഫ് .ഫ്രാൻസിസ് 1900 ൽ എഴുതിയ ലേഖനത്തിൽ വെള്ളാളർക്കു സമൂഹത്തിൽ ഏറ്റവും ഉയർന്ന പദവി ഉണ്ട് എന്നെഴുതി .എന്നാൽ കാലാന്തരത്തിൽ പല താഴ്ന്ന സമുദായത്തിൽ പെട്ടവരും വെള്ളാളർ എന്നവകാശപ്പെട്ടു പോന്നു .ഫ്രാൻസിസ് വെള്ളാളരിൽ നാലുപ്രമുഖ വിഭാഗങ്ങൾ ഉണ്ടെന്നു കണ്ടെത്തി .
പുരാതന പല്ലവരാജാക്കന്മാരുടെ അധീനതയിൽ ഉണ്ടായിരുന്ന തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട ,ആർക്കോട്ടു പ്രദേശങ്ങളിൽ ജീവിച്ചിരുന്ന വെള്ളാളർ ,മുതലിയാർ ,റെഡ്ഢി ,നായനാർ എന്നിവരെ തൊണ്ടമണ്ഡല വെള്ളാളർ എന്ന് വിളിച്ചു . ചോളരാജാക്കന്മാരുടെ അധീനതയിൽ ഉണ്ടായിരുന്ന തഞ്ചാവൂർ ,തൃശ്ശിനാപ്പള്ളി ,എന്നീ പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ചോഴിയ വെള്ളാളർ .
പാണ്ട്യ രാജ്യത്തിൽ പെട്ട മധുര ,രാമനാഥ പുരം ,,തിരുനെൽവേലി പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ വെള്ളാള പിള്ള മാർ .അവരിൽ ശൈവരും വൈഷ്‌ണവരും ഉണ്ടായിരുന്നു . കോയമ്പത്തൂർ ,സേലം പ്രദേശങ്ങളിൽ ഉണ്ടായിരുന്നവർ കൊങ്ങു വെള്ളാളർ .
മുകളിൽ പറഞ്ഞ എല്ലാ വിഭാഗങ്ങളിലും ചില ആചാരങ്ങളിൽ താതാത്മ്യം ഉണ്ടായിരുന്നുവെങ്കിലും പല കാര്യങ്ങളിലും വ്യത്യസ്‍തത നില നിന്നിരുന്നു .ആ നാല് വിഭാഗങ്ങൾ പരസ്പരം വിവാഹം കഴിച്ചിരുന്നില്ല .കൊങ്കു വിഭാഗം ഒഴിച്ചുള്ളവർക്കു സമുദായ ആചാരങ്ങൾ ചെയ്യുന്ന കമ്മി തമിഴ് ബ്രാഹ്മണർ ആയിരുന്നു .അവർക്കു തെര ഞ്ഞെടുക്കപ്പെടുന്ന ഒരു ആചാര്യൻ ഉണ്ടായിരുന്നു .അദ്ദേഹത്തെ പണ്ടാരം എന്ന് വിളിച്ചിരുന്നു .മരണപ്പെട്ടവരെ ചിതയിൽ ദഹിപ്പിച്ചിരുന്നു .15 ദിവസം പുല ആചരിച്ചിരുന്നു .മതപരമായ അനുഷ്ഠാനങ്ങളിൽ അവർ പൂണൂൽ ധരിച്ചിരുന്നു . മുകളിൽ പറഞ്ഞ നാലുവിഭാഗ ങ്ങളിലും പല ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നു .തുളുവ വെള്ളാളർ ,പുനമല്ലി വെള്ളാളർ ,കൊണ്ടയ് കെട്ടി വെള്ളാളർ തുടങ്ങിയവ ഉദാഹരണം .കൊണ്ടയ്യ് കെട്ടികൾ തലയിൽ കുടുമ്മ വച്ചിരുന്നു .അവരാണ് ഏറ്റവും കൂടിയ വെള്ളാളർ എന്നവർ അവകാശപ്പെട്ടിരുന്നു .ചോഴ വെള്ളാളരിൽ ഒരു വിഭാഗം വ്യാപാരികൾ ആയിരുന്നു.അവർ ചെട്ടികൾ എന്നറിയപ്പെട്ടു .പാണ്ട്യ വെള്ളാളരിൽ (പിള്ളമാർ ) പല ഉപവിഭാഗ ങ്ങളും ഉണ്ടായിരുന്നു. കേരളത്തിലെ നായർ സമുദായത്തിൽ വിവിധ ഉപവിഭാങ്ങൾ ഉണ്ടായിരുന്നത് പോലെ വെള്ളാളരും പല ഉപവിഭാങ്ങളിൽ പെട്ടവർ ആയിരുന്നു .വെള്ളാളർ അല്ലാത്ത നിരവധി വിഭാഗ ങ്ങൾ കാലാന്തരത്തിൽ വെള്ളാളർ എന്നവകാശപ്പെട്ടു തുടങ്ങി .വേട്ടുവ വെള്ളാള ർ,പുലയ വെള്ളാളർ ,ഇല്ലം വെള്ളാളർ (പണിക്കൻ ),കരുമാട്ടി (പന ചെത്തുകാർ )ഗസലു (വളച്ചെട്ടി )ഗുഹ അഥവാ ബാലിക (ശ്രീരാമനെ തോണി കടത്തിയ ഗുഹന്റെ പിന് ഗാമികൾ ,ഇരുക്കുളി വെള്ളാളർ (വണ്ണാൻ )മലം പണ്ടാരം ,വീരശൈവർ എന്നിവരെല്ലാം വെള്ളാള വിഭാഗങ്ങൾ എന്നും പറയപ്പെടുന്നു .
തമിഴ് ചൊല്ല് പ്രകാരം കല്ലൻ കാലാന്തരത്തിൽ മറവൻ ആയി.മറവൻ കാലാന്തരത്തിൽ തേവർ ആയി .തേവർ കാലാന്തരത്തിൽ വെള്ളാളനും ആയി .പിൽക്കാലത്ത് നിരവധി വെള്ളാളർ മതപരിവർത്തനം ചെയ്തു ക്രിസ്ത്യാനികളും മുസ്ലിമുകളും ആയിട്ടുണ്ട് . വെള്ളാളരെ ചിലർ വഴുതനങ്ങയോട് ഉപമിക്കുന്നു .വഴുതനങ്ങാ ഏതു പച്ചക്കറിയുടെ കൂടെയും ചേരും .അതുപോലെ വെള്ളാളർ ഏതു വിഭാഗത്തെയും ഉൾക്കൊള്ളുന്നു .ധിക വായനക്ക് സോഷ്യൽ ചേഞ്ച് എമോങ് വെള്ളാളാസ് ഓഫ് നാഞ്ചിനാട് . ഡോ .ടി. പളനി ,പെൻ ബുക്സ് , ആലുവ(PhD Thesis Kerala University )
Comments
Post a Comment