ഹാരപ്പയിൽ നിന്നും കൊണ്ടുവരപ്പെട്ട “മേക്ക് “ എന്ന പദം
9447035416
തിരുവനന്തപുരം നന്തൻകോട്ടെ വൈലോപ്പള്ളി സാംസ്കാരിക ഭവനിൽ, കുടുംബചരിത്രങ്ങളുടെ വലിയൊരു ശേഖരമുണ്ട് .മിക്കവയും മധ്യ തിരുവിതാം കൂറിലെ നസ്രാണി കുടുംബങ്ങൾ തയാറാക്കിയവ . മിക്കവയിലും കുടുംബസ്ഥാപകൻ ഒന്നുകിൽ മഹാദേർ പട്ടണത്തിൽ നിന്ന് വന്ന ആൾ . അല്ലെങ്കിൽ കുരക്കേണി കൊല്ലത്തു നിന്ന് വന്ന ആൾ . അല്ലെങ്കിൽ നിലയ്ക്കൽ നിന്ന് വന്ന ആൾ . അല്ലെങ്കിൽ കടുത്തുരുത്തിയിൽനിന്ന് വന്ന ആൾ .
എന്നാൽ മഹാദേവർ പട്ടണം ,കുരക്കേണി കൊല്ലം ,നിലയ്ക്കൽ,കടുത്തുരുത്തി എന്നിവിടങ്ങളിൽ ആ പൂർവ്വികർ എവിടെ നിന്നെത്തി എന്ന് അവയിൽ വിശദീകരിച്ചു കാണാറില്ല .
നായന്മാരുടെ കുടുംബചരിത്രം ഒന്നും കാണാൻ കഴിഞ്ഞില്ല, ഈഴവരുടെയും . വെള്ളാളരുടെ ആയി രണ്ടെണ്ണം കണ്ടു .
ഒന്ന് വൈക്കം പാരിക്കാപ്പള്ളിയും അനുബന്ധ കുടുംബങ്ങളും വക ചരിത്രം.രസതന്ത്രത്തിൽ ഗവേഷകനായ അന്തരിച്ച ഡോ .നന്ത്യാട്ടു സോമൻ തയാറാക്കിയ കുടുംബചരി ത്രം .രണ്ടാമത് ഉള്ളത് വാഴൂർ തുണ്ടത്തിൽ കുടുംബചരിത്രം .ലോകപ്രശസ്ത മറൈൻ ബയോളജിസ്റ്റ് കാനം ചെറുകാപ്പള്ളിൽ ഡോക്ടർ ശിവരാമപിള്ള ഗോപിനാഥ പിള്ള തയാറാക്കിയ കുടുംബചരിത്രം .
വൈക്കം “പാരിക്കാപ്പള്ളി” കുടുംബം നാഞ്ചിനാട്ടിൽ നിന്നും വൈക്കത്ത് കുടിയേറിയവർ .വാഴൂർ ”തുണ്ടത്തിൽ” കുടുംബം തമിഴ് നാട്ടിലെ കുംഭ കോണത്തു നിന്ന് കുടിയേറിയവർ .വെള്ളാളർ നാഞ്ചിനാട്ടിൽ എവിടെ നിന്ന് കുടിയേറി അല്ലെങ്കിൽ കുംഭകോണത്ത് എവിടെ നിന്നെത്തി എന്ന കാര്യത്തിൽ കുടുംബ ചരിത്രകാരന്മാർ രണ്ടും മൗനം പാലിക്കുന്നതായി കാണാം .
രാജഭരണ കാലത്ത് തിരുവിതാം കൂറിലെ കണക്കെഴുത്ത്കാരും പാർവത്യകാരന്മാരും (അവർ “പിള്ള അണ്ണന്മാർ” എന്നറിയപ്പെട്ടു ) എന്തിന്, വിശ്വസ്തർ ആയ ആരാച്ചാരന്മാർ വരെ, വെള്ളാളർ ആയിരുന്നു, വസ്തുഅളക്കൽ ,ആധാരം ചമയ്ക്കൽ എന്നിവയും വെള്ളാള പിള്ളമാരുടെ കുത്തക ആയിരുന്നു .
2008 നു മുൻപുള്ള ആധാരങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു വാക്കാണ് “മേക്ക്” എന്നത് .പടിഞ്ഞാറ് എന്നതിനുപയോഗിച്ചു വന്ന പദം .
2008 ൽ ഒരു സർക്കാർ ഉത്തരവ് വഴി അക്കാലത്തെ കേരള ധനമന്ത്രി ഐസക് തോമസ് ആധാരങ്ങളിൽ വർഷങ്ങൾ ആയി ഉപയോഗിച്ച് പോന്ന “മേക്ക്” (പടിഞ്ഞാറ് ),”എലുക” (അതിർത്തി )എന്ന രണ്ടു പദങ്ങൾ, അവയുടെ ചരിത്ര പ്രാധാന്യം മനസിലാക്കാതെ, നിരോധിക്കയുണ്ടായി എന്ന് ഖേദപൂർവ്വം പറയട്ടെ .
“മുകളിലത്തെ ദിക്ക്” എന്നാണു മേക്ക് എന്ന പദത്തിനർത്ഥം .
പക്ഷെ നാം മലയാളികൾ അതുപയോഗിച്ചിരുന്നത് പടിഞ്ഞാറ് ദിക്കിനാണ് എന്നത് രസകരമായിരുന്നു .കാവ്യങ്ങളിൽ ഉപയോഗിച്ചിരുന്ന പദമാണ് മേക്ക് ഉള്ളൂർ എഴുതിയ “ഉമാകേരളം” മഹാകാവ്യത്തിലെ “നെടിയ മല കിഴക്കും നേരെഴാത്താഴി മേക്കും വടിവിൽ എലുകയായി സഞ്ചി ടും വഞ്ചി നാടെ” എന്ന വരികൾ കാണുക . കേരളത്തിൽ താമസിക്കുന്ന മലയാളികൾ സൃഷ്‌ടിച്ച പദം അല്ല “മേക്ക്” എന്ന് തീർച്ച .സഹ്യപർവതത്തിനു കിഴക്കു താമസിച്ചിരുന്ന ആൾക്കാർ ഉപയോഗിച്ചിരുന്ന പദമാണ് മേക്ക് .ചട്ടമ്പി സ്വാമികൾ , കേസരി ബാലകൃഷ്‍ണപിള്ള ,ഏ.ആർ .രാജരാജവർമ്മ എന്നിവർ മേക്ക് തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരപ്പെട്ട വാക്ക് ആണെന്ന് പറയുന്നു . തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു കുടിയേറിയ സാക്ഷരരും കണക്കപ്പിള്ള മാരും കൂടെ കൊണ്ടുവന്ന തമിഴ് വാക്കാണ് മേക്ക് എന്നാണു ഞാനും കരുതി പോന്നത് .
എന്നാൽ ഒറീസാ ചീഫ് സെക്രട്ടറി ആയി പെൻഷൻ പറ്റിയ തമിഴ് പണ്ഡിതൻ ഡോ .ആർ ബാലകൃഷ്ണൻ ഐ.ഏ. എസ് എഴുതിയ “ഏ ജേർണി ഓഫ് സിവിലൈസേഷൻ ഇൻഡസ് ടു വൈഗ “( സർ റോജ മുത്തയ്യ റിസേർച് ലൈബ്രറി, ചെന്നൈ 2019 ) എന്ന ചരിത്രകൃതി വായിച്ചതോടെ മേക്ക് എന്ന പദം തമിഴ് നാട്ടിൽ ഉടലെടുത്തത് അല്ല എന്ന് മനസിലായി .
അത് അങ്ങ് വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പൻ മോഹൻജൊദാരോ പ്രദേശത്തു നില നിന്നിരുന്ന നഗരങ്ങളിൽ നിന്നും തമിഴ് നാട്ടിലേക്ക് കൊണ്ടുവന്ന, പടിഞ്ഞാറു ദിക്കിനെ സൂചിപ്പിക്കുന്ന അതി പ്രാചീന പദം ആണെന്ന സത്യം മനസിലായി . ആർ. ബാലകൃഷ്‌ണൻ “ഹൈ വെസ്റ്റ് ലോ ഈസ്റ്റ്” (ഉയർന്ന പടിഞ്ഞാറും താണ കിഴക്കും ) എന്നൊരു അദ്ധ്യായം തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹത്തിന്റെ പഠന ഗ്രൻഥത്തിൽ (പുറം 189-212).മോഹൻജൊദാരോ ,ഹാരപ്പ ,കാലിബഹൻ ,ഡോളോവീര തുടങ്ങി ആറു വൻകിട നഗരങ്ങളും കൂടാതെ നൂറു കണക്കിന് ചെറുനഗരങ്ങളും ഇൻഡസ് വാലി സിവിലൈസേഷൻ പ്രദേശങ്ങളിൽ കാണപ്പെടുന്നു .അവിടങ്ങളിൽ എല്ലാം തന്നെ പടിഞ്ഞാറു ഭാഗത്ത് ഉയർന്ന നിർമ്മിതികളും കിഴക്കു ഭാഗത്ത് താഴ്ന്ന നഗരപ്രദേശങ്ങളും കാണപ്പെടുന്നു .
സിറ്റാഡൽ ,എന്ന ഉയർന്ന വിസ്തൃതി കുറഞ്ഞ നഗരഭാഗത്ത് പൊതുസ്‌നാന ഘട്ടം ,ധാന്യപ്പുര ,പുരോഹിതൻ അഥവാ രാജാവ് എന്ന് കണക്കാക്കപ്പെട്ടുന്ന അധികാരിക്കുള്ള പാർപ്പിടം എന്നിവ മാത്രം കാണപ്പെടുന്നു .സാധാരണക്കാർക്കുള്ള പാർപ്പിടം കിഴക്കു ഭാഗത്തുള്ള താഴ്ന്ന വിസ്തൃത നഗരി പ്രദേശത്തു മാത്രം ആവും ഉണ്ടാവുക .
കോട്ട് ഡിജി (Kot Digi ) എന്ന പേരിൽ പാകിസ്ഥാനിലെ സിന്ധു പ്രവിശ്യയിലുള്ള നഗരത്തിലും കിർത്താർ മലയ്ക്ക് സമീപമുള്ള അമ്രി (Amri ) എന്ന നഗരത്തിലും ഈ ഉയർന്ന (സിറ്റാഡൽ ) താഴ്ന്ന നഗര നിർമ്മാണ രീതി ഏറ്റവും പ്രകടം എന്ന് ആർ ബാലകൃഷ്‌ണൻ എഴുതുന്നു .
2025 ആഗസ്ത് മാസത്തിൽ ചെങ്ങന്നൂർ വച്ച് നടത്തിയ ദയാനന്ദം-നരേന്ദ്രം 2025 പ്രഭാഷണത്തിൽ ഹാരപ്പൻ നഗര നാഗരികതയിലെ “സിറ്റാഡൽ”(അക്രോപോളിസ് ,കോട്ട ) എന്തെന്ന് ചിത്രം സഹിതം എനിക്ക് വിവരിക്കാൻ കഴിയാതെ പോയി . ശ്രോതാക്കൾക്ക് മോഹൻജൊദാരോയോയിലെ “മേക്ക്” എന്ന പടിഞ്ഞാറു ഭാഗത്തെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയോ എന്ന് സംശയം ഉണ്ട് . ഉയർന്ന പടിഞ്ഞാറും താഴ്ന്ന കിഴക്കും എന്ന് മാത്രം ഞാൻ പറഞ്ഞത് ശ്രോതാക്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു .പടിഞ്ഞാറുള്ള ഉയർന്ന നിർമ്മിതി (കോട്ട ) എന്നും കിഴക്കുള്ള താഴ്ന്ന നിർമ്മിതി എന്നും ചിത്രം കാട്ടി വിവരിക്കാൻ സാധിക്കാതെ പോയതിൽ ഖേദിക്കുന്നു . ഹാരപ്പയിൽ താമസമാക്കിയ ജനത ഇറാനിൽ നിന്ന് വന്നവർ എന്ന സത്യം കൂടി വ്യക്തമാക്കി കൊള്ളട്ടെ . മലയാളിയായ Tony Joseph എഴുതിയ Early Indians എന്ന പഠനം കാണുക .
Comments
Post a Comment