ക്രിസ്തുമതഛേദനം ആരുടെ രചന?
ക്രിസ്തുമത ഛേദനം ആരുടെ കൃതി ?
=============
1935 –ല്‍ പറവൂര്‍ ഗോപാലപിള്ളയാല്‍ വിരചിതമായ “പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം”
(പുനപ്രസിദ്ധീകരണം കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂലൈ 2010) തുടങ്ങി, സി.ബി.എസ്.ഇ പത്താംക്ലാസ് ക്ലാസ്
ഉപ പാഠപുസ്തകം ആയി അംഗീകാരം കിട്ടിയ, രാജന്‍ തുവ്വര രചിച്ച, “ചട്ടമ്പിസ്വാമികള്‍-ജീവിതവും സന്ദേശവും” (കറന്റ് തൃശ്ശൂര്‍ ഏ പ്രില്‍ 2016) വരെ, ഏതാനും ഡസന്‍ ജീവചരിത്രങ്ങള്‍ ചട്ടമ്പി സ്വാമികള്‍ക്കുണ്ട്.
അവയില്‍ ഒന്നുപോലും സ്വാമികള്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതപ്പെട്ടതല്ല .
ഗ്രന്ഥകാരന്മാര്‍ ആയ രണ്ടു ശിഷ്യര്‍ ഉണ്ടായിട്ടുപോലും ഗുരുവിന്‍റെ ജീവചരിത്രം എഴുതപ്പെട്ടില്ല .
അതിനാല്‍ ആധികാരികം എന്ന് പറയാവുന്ന ഒറ്റ ജീവചരിത്രം പോലും ഇല്ല ചട്ടമ്പിസ്വാമികള്‍ക്ക് .
എന്‍ ഗോപിനാഥന്‍ നായര്‍, ജസ്റ്റിസ്.കെ.ഭാസ്കരന്‍ നായര്‍,
പ്രൊഫ ജി .സുകുമാരന്‍ നായര്‍ ,
പ്രൊഫ എന്‍ ഗോപിനാഥന്‍ നായര്‍ ,
വി.ആര്‍ പരമേശ്വരന്‍ പിള്ള,
പി.കെ.പരമേശ്വരന്‍ നായര്‍ ,
ടി.കെ ദാമോദരന്‍ പിള്ള ,പ്രൊഫ കെ.ബാലരാമ പണിക്കര്‍ ,
പി.ജി വാസുദേവ്,
എന്‍ ബാലകൃഷ്ണന്‍ നായര്‍ ,ടി ആര്‍ ജി.കുറുപ്പ് ,പറവൂര്‍ ചക്രപാണി ,പ്രൊഫ .
കുമ്പളത്ത് ശാന്തകുമാരി അമ്മ, വൈക്കം വിവേകാനന്ദന്‍ (ബാലസാഹിത്യവും “മഹാപ്രഭു” എന്ന നോവലും ),
പാറുക്കുട്ടിയമ്മ തൃശ്ശൂര്‍ ,ഗംഗാധരന്‍ നായര്‍ ,ശാന്തിനികേതനം മാധവന്‍ നായര്‍ ,കടവൂര്‍ ജി.വേലുനായര്‍, കുറിശ്ശേരി ഗോപാലപിള്ള ,പള്ളിച്ചല്‍ ഗോപിനാഥന്‍ നായര്‍ ,മണക്കാട് സുകുമാരന്‍ നായര്‍ ,യാമിനി ദേവി, ചെറിയ ഉദയേശ്വരം ചന്ദ്രശേഖരന്‍ നായര്‍ ,ആര്‍ രാമന്‍നായര്‍ & സുലോചനാ ദേവി (ധൈഷണിക പ്രൊഫ സി .ശശിധര കുറുപ്പ് ,
കെ ബാലന്‍ പിള്ള ,തെക്കുംഭാഗം മോഹന്‍ (മൂന്നു കൃതികള്‍) ,കെ മഹേശ്വരന്‍ നായര്‍ (“ശ്രീ നാരായണന്‍റെ ഗുരു”, വിദ്യാധിരാജ അക്കാദമി തിരുവനന്തപുരം ഏപ്രില്‍ 1974), ഡോ .കെ മഹേശ്വരന്‍ നായര്‍ ജീവിതവും കൃതികളും 1995 & എസ്.പി.സി എസ് നവോത്ഥാന നായകര്‍ സീരീസ് 2016 ) എന്നിങ്ങനെ നിരവധി ജീവചരിത്രങ്ങള്‍ നമുക്ക് ലഭ്യമാണ് .
ഇനിയും പലതും എഴുതപ്പെടാം .
ഇവയൊക്കെ വായിച്ചാല്‍ നമുക്ക് കിട്ടുന്ന ധാരണ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഒട്ടും തന്നെ ഇല്ലായിരുന്നു എന്നാണ് .
ശിഷ്യന്‍ തീര്‍ത്ഥപാദ പരമഹംസര്‍ക്കും(ആധുനിക വാഴൂരിന്‍റെ സൃഷ്ടാവും യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകനും നായര്‍ പുരുഷാര്‍ത്ഥ സാധിനി സ്ഥാപകനും സാമൂഹ്യപരിഷ്കര്‍ത്താവും ഹിന്ദു മതപ്രഭാഷകനും മറ്റും ) ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്നു.
“മ്ലേച്ച ഭാഷ” ആയതിനാല്‍ അവരാരും ഇംഗ്ലീഷ് പഠിച്ചില്ല
(ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ജീവചരിത്രം ഒന്നാം ഭാഗം പുറം 38 കാണുക ) .
ഇക്കാര്യം പ്രൊഫ എസ് ഗുപ്തന്‍ നായര്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ട് (ആധ്യാത്മിക നവോത്ഥാന നായകര്‍എന്ന അവസാന ലേഖന സമാഹാരത്തില്‍)
ചട്ടമ്പി സ്വാമികള്‍ക്ക് നിരവധി പേരുകള്‍ ജീവചരിത്രങ്ങളില്‍ കാണാം ഉദാഹരണം “വിദ്യാധിരാജന്‍” ഷണ്മുഖദാസന്‍ പരമഭട്ടാരകന്‍ എന്നിങ്ങനെ .
ആര് എപ്പോള്‍ എവിടെ വച്ച് എന്തിന് എങ്ങനെ കൊടുത്തു എന്ന കാര്യം ഒരു ജീവചരിത്രകാരനും വെളിപ്പെടുത്തുന്നില്ല .
പക്ഷെ സ്വാമികള്‍ കത്തുകളില്‍ ഉപയോഗിച്ചിരുന്ന നാമം ഒന്നേ ഒന്ന് മാത്രം .
പൂര്‍വ്വാശ്രമത്തിലെ “ചട്ടമ്പി” .
പക്ഷെ ചില ഗ്രന്ഥകാരന്മാര്‍ “ഷണ്മുഖദാസന്‍” ,
”അഗസ്ത്യര്‍” എന്നീ പേരുകള്‍ ചട്ടമ്പി സ്വാമികളുടെ തൂലികാനാമം എന്ന് പറയന്നു .സന്യാസിവര്യര്‍ക്കും തൂലികാ നാമമോ ?
അതിനാധാരമായി അവര്‍ ഒരു വസ്തുതയും ചൂണ്ടിക്കാണിക്കുന്നില്ല .
സര്‍വ്വ സംഗ പരിത്യാഗിയായ ഒരു യോഗി വര്യന്‍ എല്ലാ ജാതിമതങ്ങളെയും ഒന്നുപോലെ കാണേണ്ട സന്യാസിശ്രേഷ്ടന്‍ എന്ത്,ആരെ ഒളിച്ചുവയ്ക്കാന്‍ ആണ് തൂലികാനാമം ഉപയോഗിക്കുക? .
വാസ്തവത്തില്‍ ആ തൂലികാനാമങ്ങള്‍ സ്വാമികള്‍ സ്വീകരിച്ചവയല്ല
ചട്ടമ്പി സ്വാമികളുടെ ആദ്യ കൃതി “ക്രിസ്തുമത ഛേദനം” എന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു .
ഏതു വര്‍ഷം പ്രകാശനം
ചെയ്യപ്പെട്ടു,?
ആര് പ്രാകാശനം ചെയ്തു ? എന്നതൊന്നും ആരും വ്യക്തമായി,കൃത്യമായി നല്‍കുന്നില്ല .
ആദ്യ ആയിരം കോപ്പികളില്‍ 997 എണ്ണവും കൃസ്ത്യാനികള്‍ വാങ്ങി കത്തിച്ചു കളഞ്ഞു എന്ന് ചിലര്‍.
ശേഷിച്ച മൂന്നു കോപ്പികളില്‍ ഒന്ന് ശ്രീനാരായണ ഗുരുവിനു കിട്ടി എന്ന് ചിലര്‍ .
കരുവാ കൃഷ്ണന്‍ ആശാന് ഗുരുദേവന്‍ അത് നല്‍കി എന്ന് ചിലര്‍ .ചട്ടമ്പി സ്വാമികള്‍ പുസ്തകം ഒന്നും എഴുതിയില്ല;
എന്നാല്‍ നീലകണ്‌ഠപ്പിള്ള ,
കൃഷ്ണന്‍ ആശാന്‍ എന്നിവര്‍ക്ക് പറഞ്ഞു കൊടുത്തു എന്ന് മാത്രം എന്ന് ചിലര്‍ .
ആദ്യ കോപ്പികള്‍ മുഴവന്‍ കത്തിച്ചു കളഞ്ഞതിനാല്‍ നീലകണ്‌ഠപിള്ള ,
കൃഷ്ണന്‍ ആശാന്‍ എന്നിവര്‍ നല്‍കിയ വസ്തുതകള്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ കിട്ടുന്ന ഛേദനം എന്ന് ചിലര്‍ .
ഇത്തരുണത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദ പരമഹംസ സ്വാമികളുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്ന ഒരു കാര്യം ശ്രദ്ധിക്കുക .
ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിക്കപ്പെട്ട മിക്ക പുസ്തകങ്ങളും വാഴൂര്‍ ത്രിമൂര്‍ത്തികള്‍ (തീര്‍ത്ഥ പരമഹംസര്‍ ,
പന്നിശ്ശേരി നാണുപിള്ള ,
കരിങ്ങാട്ടില്‍ പപ്പുപിള്ള ശാസ്ത്രികള്‍) എഴുതിയുണ്ടാക്കിയവ ആണ് .
(വിദ്യാനന്ദ തീര്‍ത്ഥപാദര്‍ രചിച്ച പരമഹംസര്‍ ജീവചരിത്രം പുറം 83 രണ്ടാം ഭാഗം ).
തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ വാഴൂരില്‍ സ്ഥാപിച്ച ആശ്രമതിന്‍റെ ശതാബ്ദി ആഘോഷ ഭാഗമായി 2011 മാര്‍ച്ചില്‍ വാഴൂര്‍ ആശ്രമം പുറത്തിറക്കിയ 1104 പേജുള്ള (വില 450/-മാത്രം ) “ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും” ആണ് കുറെയെങ്കിലും ആധികാരികം എന്ന് പറയാവുന്ന ജീവചരിത്രം .
ആ ഗ്രന്ഥത്തില്‍ 150 പേജില്‍ ഒതുങ്ങുന്ന ജീവചരിത്രം എഴുതിയത് ഏതോ ഒരു ജസ്റ്റീസ് കെ ഭാസ്കര പിള്ള .
അദ്ദേഹത്തെ കുറിച്ച് പുസ്തകത്തില്‍ യാതൊരു വിവരവും ഇല്ല .എന്ന് എങ്ങനെ എപ്പോള്‍ എഴുതി ആര്‍ പ്രകാശനം ചെയ്തു എന്നും വ്യക്തമല്ല .
എന്നാല്‍ ചട്ടമ്പിസ്വാമികള്‍ “ആംഗല ഭാഷാനഭിജ്ഞന്‍” ആയിരുന്നു എന്ന് അദ്ദേഹവും എടുത്തു പറയുന്നു (പുറം 46) .
എന്ന് മാത്രമല്ല ക്രിസ്തുമതഛേദനം എന്ന പുസ്തകം “ഫിലോസഫി പ്രൊഫസ്സര്‍ ആയ സുന്ദരന്‍ പിള്ള എം.ഏ യുടെ സഹായത്തോടെ എഴുതപ്പെട്ടു” എന്ന് അദ്ദേഹം തുറന്നു പറയുന്നു
(അതേ പുറം).
തിരുവിതാംകൂറിലെ ആദ്യ എം എ
(Madras University 1880)ക്കാരന്‍ ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് ജസ്റ്റീസ് കൂടുതല്‍ ഒന്നും പറയുന്നില്ല .
പ്രാചീന തിരുവിതാംകൂറിലെ നൂറില്‍ പരം പുരാതന ശിലാരേഖകള്‍ കണ്ടെത്തിയ,
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവിയും ഹജൂര്‍ കച്ചേരിയിലെ ഉന്നത ഉദ്യോഗസ്ഥനും കോളേജ് പ്രൊഫസ്സറും ഗവേഷകനും ഗ്രന്ഥകാരനും നാടകകൃത്തും (മനോന്മണീയം) ദക്ഷിണേന്ത്യന്‍ ചരിത്രപിതാവും മറ്റും ആയിരുന്ന പ്രൊഫ റാവു ബഹദൂര്‍ പി സുന്ദരന്‍ പിളള (1855-1897) കുഞ്ഞന്‍പിള്ളയ്ക്ക് മാത്രമായി ഇംഗ്ലീഷ് ബൈബിള്‍ പ്രൈവറ്റ് ട്യൂഷന്‍ നല്‍കി എന്ന് വിശ്വസിക്കാന്‍ അരിയാഹാരം കഴിച്ചു ജീവിക്കുന്നവര്‍ക്ക് പ്രയാസം.
സുന്ദരന്‍ പിള്ളയും കൂടി തുടങ്ങിയ പേട്ടയിലെ ജ്ഞാന പ്രജാഗരം(1876), പുത്തഞ്ചന്തയിലെ ശൈവപ്രകാശ സഭ (1885) എന്നിവയിലോ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലോ നടന്നിരുന്ന വിദ്വല്‍ സഭകളില്‍, ചര്‍ച്ചാ വേദികളില്‍. പെരുമാള്‍ സുന്ദരന്‍ പിള്ള ഇംഗ്ലീഷ് ബൈബിളിനെ ആധാരമാക്കി പ്രഭാഷണ പരമ്പരകള്‍ നടത്തി എന്നതാണ് യഥാര്‍ത്ഥ വസ്തുത .
അതിനായി തയാറാക്കിയ നോട്ടുകള്‍, അല്ലെങ്കില്‍ പ്രബന്ധം,
അല്ലെങ്കില്‍ അതിന്‍റെ പകര്‍ത്തി എഴുതിയ കോപ്പി കുഞ്ഞന്‍ പിള്ള ചട്ടമ്പിയുടെ കൈവശം എത്തി എന്നതാണ് മറ്റൊരു വസ്തുത .
ആ കോപ്പി പിന്നീട്, സുന്ദരന്‍ പിള്ളയുടെ അകാലമരണ ശേഷം, ചട്ടമ്പി സ്വാമികളുടെ “ചിലസ്നേഹിതര്‍”
(പ്രയോഗം ജസ്റീസ് വക പുറം 46) “ഷണ്മുഖ ദാസന്‍” എന്ന കപട നാമം വച്ച് പ്രസിദ്ധീകരിച്ച കൃതിയാണ് ഇന്ന് നാം കാണുന്ന. വായിക്കുന്ന ക്രിസ്തുമത ഛേദനം.
പല പേജുകളിലും ഇംഗീഷ് ഗ്രന്ഥ കര്‍ത്താക്കള്‍ ഉദ്ധരിക്കപ്പെടുന്നു .
ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചട്ടമ്പിയ്ക്ക് അങ്ങനെ ഒരു കൃതി രചിക്കാന്‍ കഴിയില്ല .
ഇംഗര്‍ സോള്‍ ,
Gibbon , W.H.Rule,
La Maistre ,Hume, Edgar Thurston ,
Duartte Barbosa,
Sir Hector Munro, റോളന്‍സ്റ്റന്‍,
ടഹഫറുള്‍ മുജഹിഡിന്‍,പര്‍ക്കാസ്,സോണറാറ്റ്,
മര്‍ഡാക്,പാളിനസ്,
S.W Ellis എന്നീ ഗ്രന്ഥകര്‍ത്താക്കളും Gibbons Decline and Fall Vol iii History of the Inquisitions by W.H.Rule ,Spanish Inquisition
La Maistre, Students History of England, Tamils Eghteen Hundred years ago Kanakasabha Pillai എന്നീ ഗ്രന്ഥങ്ങളും ഇംഗ്ലീഷ് അറിഞ്ഞു കൂടാതിരുന്ന സ്വാമികളുടെ കൃതികളില്‍ കടന്നു വരുന്നു. .
പ്രാചീന മലയാളം എന്ന കൃതിയുടെ കാര്യവും ഇത് പോലെ തന്നെ
.
ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു (ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം) എന്നീ നവോത്ഥാന നായകരെ കുറിച്ച് വിശദമായി പഠിച്ച
ശ്രീ തെക്കുംഭാഗം മോഹന്‍, ചട്ടമ്പി സ്വാമികളെ കുറിച്ച് മൂന്നു കൃതികള്‍ രചിച്ചു റിക്കാര്‍ഡ് സൃഷ്ടിച്ചു,”ചട്ടമ്പി സ്വാമി –ഗുരുവും ധന്യതയുടെ ഗുരുവും” ,”വിദ്യാധിരാജായണം” (നന്ദനം പബ്ലിക്കേഷന്‍സ്, വലിയശാല, തിരുവനന്ത പുരം 2012) എന്നിങ്ങനെ ചട്ടമ്പി സ്വാമികളെ കുറിച്ച് രണ്ടു കൃതികള്‍ക്കും അവാര്‍ഡുകള്‍ വാങ്ങി (ഹേമലത 2009, മഹര്‍ഷി വിദ്യാധിരാജ 2009).
വിദ്യാധി രാജനും ഒരു വെള്ളാള വെളിച്ചപ്പാടും
(അമ്മ ബുക്സ് ) എന്നതിന് മാത്രം അവാര്‍ഡ് കിട്ടിയില്ല
ജഗതി വേലായുധന്‍ നായര്‍ സ്മാരക വിദ്യാധിരാജഹംസ പുരസ്കാരം ലഭിച്ച ”വിദ്യാധിരാജായണം” ചട്ടമ്പി സ്വാമികളുടെ സാഹിത്യ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു .
മുഖവുരയില്‍ ശ്രീ മോഹന്‍ എഴുതുന്നു.
“.....അന്നൊക്കെ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയാണ് സൂക്ഷിച്ചിരുന്നത് എന്ന് ഓര്‍ക്കുക .ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് .
ഈ പുസ്തകങ്ങള്‍ പിന്നീട് ആര്‍ക്കും ഉപകരിക്കും എന്ന് കരുതി തന്നെയാണ് അന്ന് അവ പകര്‍ത്തി എഴുതുന്നത്.” (പുറം 20 മുഖവുര)
പ്രൊഫ സി ശശിധരകൂറുപ്പ് എഴുതിയ ജീവചരിത്രത്തില്‍ എം പി നാരായണ പിള്ള എഴുതിയ ഭാഗം ഉദ്ധരിക്കുന്നു
“ അദ്ദേഹം എന്നും എന്തെങ്കിലും എഴുത്തും .അത് എഴുതിയിടത്ത് ഇട്ടിട്ടു പോകും ,ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിയ്ക്കയോ സൂക്ഷിച്ചു വയ്ക്കയോ ഉമിക്കരി പൊതിയാന്‍ ഉപയോഗിക്കയോ ചെയ്യാം “
.”ചട്ടമ്പിസ്വാമികളുടെ രചനയാണെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എഴുതിയ കടലാസ് മാത്രം പോരാ .മറ്റു തെളിവുകള്‍ കൂടി വേണം” എന്ന് പ്രൊഫസ്സര്‍ ബാലകൃഷ്ണന്‍ മലയാളം വാരികയിലെ 2016 ഒക്ടോബര്‍ 10 ലക്കം ലേഖനത്തില്‍ .
തങ്ക ലിപികളില്‍ എഴുതേണ്ട വാക്യം .
ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന ലേബലില്‍ പുസ്തകങ്ങള്‍ അച്ചടിച്ചു വിറ്റു കാശു വാരുന്ന പ്രസിദ്ധീകരണശാല ഉടമകളും അവ വാങ്ങി വായിച്ചു പ്രചരിപ്പിക്കുന്ന ചട്ടമ്പി സ്വാമി ആരാധകരും ദിവസേന ഉരുവിടേണ്ട മന്ത്രം ..
“സദ്ഗുരു” മാസിക (1922 ആഗസ്റ്റ് ലക്കം) യില്‍ വന്ന “തമിഴകം” എന്ന ലേഖനം .എഴുതിയത് “അഗസ്ത്യര്‍” . അഗസ്ത്യര്‍ ചട്ടമ്പി സ്വാമികള്‍ ആണെന്ന് കണ്ടെത്തിയത് ആര്‍ ? എങ്ങനെ കണ്ടെത്തി ?.
ലേഖനം എഴുതിയത് കനകസഭാ പിള്ളയുടെ അതിപ്രസിദ്ധമായ Tamils Eighteen Hundred years ago എന്ന ഗ്രന്ഥത്തെ ആധാരമാക്കി എന്ന് ലേഖനത്തില്‍ തന്നെ പറയുന്നു .ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത, (സ്വാമിക്ക് തമിഴ്,സംസ്കൃതം ,മലയാളം എന്നിവയില്‍ അനിതരസാധാരണമായ പാണ്ടിത്യം ഉണ്ടായിരുന്നു എന്ന് സാഹിത്യ കുശലന്‍ ടി.കെ കൃഷ്ണമേനോന്‍, സ്മരണകള്‍ -3 പുറം 630) .
ചട്ടമ്പി സ്വാമികള്‍ എങ്ങനെ ആ ഇംഗ്ലീഷ് പുസ്തകത്തിലെ വിവരങ്ങള്‍ മനസ്സിലാക്കി .
അഗസ്ത്യ ഭക്തന്‍ ആയിരുന്ന, ചട്ടമ്പി സ്വാമികളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍ ആയിരുന്ന , പി സുന്ദരം പിള്ള (ജ്ഞാനപ്രജാഗര (1976) സ്ഥാപകരില്‍ ഒരാള്‍ ആയ മനോന്മണീയം സുന്ദരന്‍ പിള്ള) ആവണം “തമിഴകം” എന്ന ലേഖനത്തിന്‍റെ കര്‍ത്താവ് .അകാലത്തില്‍ , നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഏക മകന്‍ നടരാജന്(പില്‍ക്കാലത്ത് തിരുക്കൊച്ചി ധന റവന്യു വനം മത്രിയായ പി.എസ് നടരാജ പിള്ള ) പ്രായം ആറു വയസ് മാത്രം .ഭാര്യ ശിവകാമി അമ്മാള്‍ ബാലനായ ഏക മകനുമായി സ്വദേശമായ ആലപ്പുഴയിലേയ്ക്ക് പോയി .പിള്ളയുടെ വിപുലമായ ഗ്രന്ഥ ശേഖരം കുഞ്ഞന് യഥേഷ്ടം ഉപയോഗിക്കാന്‍ അദ്ദേഹത്തിന്‍റെ പോറ്റമ്മ കൂടിയായ ശിവകാമി അമ്മാള്‍ വിട്ടുകൊടുത്തു. .
ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിത്രം രചിച്ചത്, സിനിമാ നടന്‍ ജനാര്‍ദ്ദനന്‍റെ പിതാവ് പറവൂര്‍ കെ .ഗോപാലപിള്ള (“പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം”, കൊ വ 1110 (C.E 1935).2010ജൂലായില്‍ തൃശ്ശൂരിലെ കറന്റ് ബുക്സ് അതിന്‍റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു (പേജ് 358. വില Rs. 230) അതില്‍ സ്മരണ -6 തലക്കെട്ടില്‍ ടി.ആര്‍ അനന്തകുറുപ്പ് വളരെ വ്യക്തമായി അന്നേ എഴുതി വച്ചു
“ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ (ചട്ടമ്പി സ്വാമികളെ) ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല” (പുറം 313). തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ട മറ്റൊരു വാക്യം .പക്ഷെ കൊടകനല്ലൂര്‍ സുന്ദര സ്വാമികള്‍ രചിച്ച, കൊടും തമിഴില്‍ എഴുതിയ , ശിഷ്യന്‍ മനോന്മണീയം സുന്ദരന്‍ പിള്ള പ്രസുദ്ധീകരിച്ച “നിജാനന്ദവിലാസം” ,കണ്ണുടയ വെള്ളാളര്‍ -രചിച്ച “ഒഴുവില്‍ ഒടുക്കം” എന്നീ കൃതികള്‍ പോലും ചട്ടമ്പിസ്വാമികളുടെ സ്വന്തം രചനകള്‍ എന്ന നിലയില്‍ അച്ചടിച്ചു വില്‍ക്കപ്പെടുന്നു എന്നത് വിചിത്രം
ആദ്യത്തെ ക്രൂരകൃത്യം സാക്ഷാല്‍ നടരാജ ഗുരു വക എങ്കില്‍ രണ്ടാമത്തേത് സന്തോഷ് മാധവ് തുടങ്ങിയവര്‍ വകയും .
“ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത (ചട്ടമ്പി) സ്വാമി എല്ലിസ്സിന്‍റെയും കാല്‍ ഡ് വെല്ലിന്റെയും ദ്രാവിഡ ഭാഷാ വാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് വായിച്ചിരിക്കാനിടയില്ല” എന്ന് പ്രഫസ്സര്‍ എസ് ഗുപ്തന്‍ നായര്‍ കാഷായമില്ലാത്ത മഹര്‍ഷി –കേരള നവോത്ഥാന ത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക് എന്ന ഭാഷാപോഷിണി ലേഖനത്തില്‍ (പുസ്തകം 26 ലക്കം6 നവംബര്‍ 2002 ). ഈ ലേഖനം “ആധ്യാത്മിക നവോത്ഥാന നായകര്‍” എന്ന അദ്ദേഹത്തിന്‍റെ അവസാന ലേഖന സമാഹാരത്തിലും വായിക്കാം ).
”കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാണ് എന്ന് സ്വാമി പറഞ്ഞതിനെ പ്രഫസ്സര്‍ തിരുത്തുന്നു .”ഇവിടെ നായര്‍ എന്നതിന് ഭൂഉടമകളായ കര്‍ഷകര്‍ എന്ന് വേണം “ പടയാളികള്‍ അഥവാ ഭടജനം മാത്രമായിരുന്ന നായന്മാര്‍ കര്‍ഷകര്‍ ആയിരുന്നില്ല എന്ന കാര്യം ഇരുവരും ഒരുപോലെ മറച്ചു വച്ച് വായനക്കാരെ വിഡ്ഢികള്‍ ആക്കുന്നു .
ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട “വേദാധികാര നിരൂപണം” സ്വാമികളുടെ സമാധിയോടടുത്ത് കൊ.വ 1096 (C.E 1921)-ല്‍ മാത്രമാണ് അച്ചടിക്കപ്പെട്ടത് എന്ന കാര്യം മിക്കവരും മറച്ചു വച്ചു .
എത്ര പേര്‍ ആ പുസ്തകം വായിച്ചു ? ”പ്രസിദ്ധീകരണത്തെ കുറിച്ച് സംസാരിച്ചപ്പോള്‍, സ്വാമികള്‍ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല” എന്ന് പ്രഥമ ശിഷ്യന്‍ നീലകണ്ട തീര്‍ത്ഥപാദര്‍ (തെക്കുംഭാഗം മോഹന്‍ ,വിദ്യാധി രാജായണം പുറം 150) .എന്താവാം ചട്ടമ്പി സ്വാമികള്‍ വിമുഖത കാട്ടാന്‍ കാരണം ?.
ചട്ടമ്പിസ്വാമികളുടെ ബന്ധുക്കളോ സ്നേഹിതരോ മാര്‍ഗ്ഗം കൂടിയതായി തെളിവില്ല .എന്നാല്‍ സുന്ദരം പിള്ളയുടെ അടുത്ത ബന്ധുക്കള്‍ മുഴുവന്‍, ഭാര്യാപിതാവ് സംപ്രതിപ്പിള്ള (ട്രഷറി ഓഫീസ്സര്‍) എന്ന സ്ഥാനം വഹിച്ചിരുന്ന ചുടല മുത്തുപിള്ളയുടെ മക്കള്‍ ,
സുന്ദരം പിള്ളയുടെ ഭാര്യ മാടത്തി അമ്മാള്‍ ഒഴികെ മറ്റുള്ളവര്‍, മുഴുവന്‍ ക്രിസ്തുമതം സ്വീകരിക്കയും ബന്ധുക്കളുമായുള്ള ബന്ധം മുറിയ്ക്കയും ചെയ്തു എന്ന് സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ അന്തരിച്ച ഡോ .രാമസ്വാമിപ്പിള്ള (പേരൂര്‍ക്കട) വ്യക്തിഗത സംഭാഷണ വേളയില്‍ പറഞ്ഞു. .
തീര്‍ച്ചയായും 1890-95 കാലഘട്ടത്തില്‍ ക്രിസ്തുമത ഛേദനം രചിക്കേണ്ട ആവശ്യം ചട്ടമ്പി സ്വാമികളെക്കാള്‍ സുന്ദരന്‍ പിള്ളയ്ക്കായിരുന്നു.
ജാതിമത ഭേദം ഇല്ലാത്ത, സനാതന അല്ലെങ്കില്‍ ദ്രാവിഡ ശൈവ മത വിശ്വാസിയായ ഒരു സന്യാസിവര്യന്‍ ആയ ചട്ടമ്പി സ്വാമികള്‍ക്ക് ഒരന്യമതത്തെ നിശിതമായി വിമര്‍ശിക്കേണ്ട കാര്യവും ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിട്ടുള്ളതായി കാണാം.
എന്ന് മാത്രമല്ല നൂറുകൊല്ലം മുമ്പ് 1918-ല്‍ “കോട്ടയം ഗൌരിയമ്മ കേസ്” എന്ന മാര്‍ഗ്ഗം കൂടല്‍ കേസ് നടക്കുമ്പോള്‍, ചട്ടമ്പി സ്വാമികള്‍ അറിഞ്ഞ ഭാവം പോലും നടിച്ചില്ല. മറിയപ്പള്ളി സ്വദേശിയും പള്ളം ബുക്കാനന്‍ കോണ്‍വന്റ് വിദ്യാര്‍ഥിയുമായ ഗൌരിയമ്മയെ ഒരു യൂറോപ്യന്‍ ഇന്സ്പെക്ടറസ് മാര്‍ഗ്ഗം കൂട്ടാന്‍ ശ്രമിക്കയും സി.എം എസ് കോളേജ് പ്രിന്‍സിപ്പല്‍ ആസ്കിത് സായിപ്പ് അവളെ തന്‍റെ ബംഗ്ലാവില്‍ ഒളിപ്പിച്ചു താമസ്സിപ്പിക്കയും ചെയ്തപ്പോള്‍, ആ കുട്ടിയെ രക്ഷ പെടുത്താന്‍ വാഴൂര്‍ സ്വാമികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഹിന്ദുമതത്തെ കുറിച്ച് മാതാപിതാക്കള്‍ ഒന്നും പറഞ്ഞുകൊടുക്കാത്ത കാരണമാണ് താന്‍ മതം മാറിയത് എന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞു .തുടര്‍ന്നു ഹിന്ദുക്കളെ,പ്രത്യേകിച്ചും ഹിന്ദു സ്കൂള്‍ /കോളേജ് വിദ്യാര്‍ത്ഥികളെ മതകാര്യങ്ങളില്‍ ഉല്‍ബോധിപ്പിക്കാന്‍, മതപ്രഭാഷണങ്ങള്‍ തുടങ്ങിയതും ശിഷ്യന്‍ വാഴൂര്‍ സ്വാമികള്‍ മാത്രം .
ചട്ടമ്പിസ്വാമികള്‍ ശിഷ്യനെ യാതൊരു രീതിയിലും സഹായിച്ചില്ല .
ജ്ഞാനപ്രജാഗരം(1876), ശൈവപ്രകാശ സഭ (1885) എന്നിവയില്‍ സുന്ദരന്‍പിള്ള നടത്തിയ പ്രഭാഷണങ്ങളുടെ നോട്ട് ആവണം ക്രിസ്തുമത ഛേദനം ആയി പ്രസിദ്ധീകരിക്കപ്പെട്ടത് .
ആ കൃത്യം ചെയ്തതോ തീര്‍ത്ഥപാദ സ്വാമികള്‍ ,
പന്നിവിഴ നാരായണ പിള്ള കരിങ്ങാട്ടില്‍ പപ്പുപിള്ള ശാസ്ത്രികള്‍ എന്നീ വാഴൂര്‍ ത്രിമൂര്‍ത്തികളും .
ഗ്രന്ഥ കര്‍ത്താവായി തൂലികാ നാമം നല്‍കിയതിനു കാരണം അതാവണം .
സുന്ദരന്‍ പിള്ള അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ (1897) ഗുരുതരമായ പ്രമേഹ ബാധയാല്‍ (Diabetic Carbuncle) മരണമടഞ്ഞു .
അദ്ദേഹം രചിച്ച പല പുസ്തകങ്ങളും അച്ചടിക്കപ്പെട്ടില്ല .
അഥവാ അദ്ദേഹത്തിന്‍റെ പേരില്‍ പ്രകാശനം ചെയ്യപ്പെട്ടില്ല .
ക്രിസ്തുമതഛേദനം ഇംഗ്ലീഷ് ഗ്രന്ഥകര്‍ത്താക്കളുടെ ഉദ്ധരണികളാലും പേരുകളാലും അതിസമ്പന്നം ആണെന്ന് മനസ്സിലാക്കാന്‍ അത് വായിക്ക പോലും വേണ്ട .വെറുതെ ഒന്ന് മറിച്ചു നോക്കിയാല്‍ മതി
“മ്ലേച്ച ഭാഷ” എന്ന കാരണം പറഞ്ഞു ഇംഗ്ലീഷ് പഠിക്കാത്ത, അറിയാത്ത, കുഞ്ഞന്‍ പിള്ള ചട്ടമ്പി അങ്ങനെ ഒരു പുസ്തകം എഴുതുകില്ല .തീര്‍ച്ച .
വാഴൂര്‍ ത്രിമൂര്‍ത്തികളും, ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്‍ ആയിരുന്നതിനാല്‍, അവരും സ്വന്തമായി അങ്ങനെ ഒരു കൃതി രചിക്കില്ല .
പ്രാചീന മലയാളം എന്ന കൃതിയുടെ കഥയും അങ്ങനെ തന്നെ .
Comments
Post a Comment